തിരുവനന്തപുരം: സഹകരണ മേഖലയെ പിടിച്ചെടുക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എത്തിയേക്കും. സംസ്ഥാനത്ത് നിക്ഷേപ കാലാവധി പൂർത്തിയായിട്ടും നിക്ഷേപകർക്ക് പണം തിരിച്ചുനൽകാനാവാത്ത 164 സഹകരണസംഘങ്ങൾ സംസ്ഥാനത്തുണ്ടെന്ന് സംസ്ഥാന സർക്കാർ തന്നെ വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഇത്. ആബിദ് ഹുസൈൻ തങ്ങളുടെ ചോദ്യത്തിന് സഹകരണ മന്ത്രി വി.എൻ. വാസവൻ നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഈ ബാങ്കുകളുടെ ഇടപാടുകൾ ഇഡി പരിശോധിക്കും. ക്രമക്കേടുണ്ടെങ്കിൽ കേസെടുക്കുകയും ചെയ്യും.

കള്ളപ്പണത്തിനെതിരെ കേന്ദ്രം എടുത്ത നടപടികളാണ് ഈ പ്രതിസന്ധിക്ക് കാരണമെന്നാണ് ഇഡി വിലയിരുത്തൽ. കള്ളപ്പണ നിക്ഷേപത്തിന് നിയന്ത്രണങ്ങൾ വന്നതോടെ എല്ലാം പ്രതിസന്ധിയിലായി. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇത്തരത്തിൽ പ്രതിസന്ധിയിലായ സഹകരണ സ്ഥാപനങ്ങളുണ്ടെന്നത് നിക്ഷേപകരിൽ ആശങ്കയുണ്ടാക്കുന്നു. തിരുവനന്തപുരം ജില്ലയിലിലാണ് പ്രതിസന്ധിയിലായ ഏറ്റവുമധികം സഹകരണ സംഘങ്ങളുള്ളതെന്നും മന്ത്രിയുടെ മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതാണ് ഇഡിയെ വിഷയത്തിൽ ഇടപെടാൻ പ്രേരിപ്പിക്കുന്ന ഘടകം.

തിരുവനന്തപുരം-37, കോട്ടയം-22, പത്തനംതിട്ട, ആലപ്പുഴ-15, കൊല്ലം, മലപ്പുറം-12, തൃശ്ശൂർ, കണ്ണൂർ-11, എറണാകുളം-8, കോഴിക്കോട്-7, പാലക്കാട്-5. ഇടുക്കി-4, വയനാട്-2, കാസർകോട്-3 എന്നിങ്ങനെയാണ് പ്രതിസന്ധി നേരിടുന്ന സംഘങ്ങൾ. കരുവന്നൂർ സഹകരണ ബാങ്കിൽ 30 ലക്ഷം രൂപ നിക്ഷേപിച്ചിട്ടും ചികിത്സയ്ക്കുപണം ലഭിക്കാതെ ഫിലോമിന എന്ന സ്ത്രീ മരിച്ച സംഭവത്തിന് പിന്നാലെയാണ് നിക്ഷേപകരെ ആശങ്കയിലാക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.

കേരള സഹകരണ നിക്ഷേപ ഗ്യാരന്റി സ്‌കീം 2108 പ്രകാരം ലിക്വിഡേഷൻ ചെയ്യപ്പെട്ട സംഘങ്ങളിലെ ലിക്വിഡേറ്ററുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിക്ഷേപകർക്ക് പരമാവധി രണ്ടുലക്ഷം രൂപവരെ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നും ഇത് അഞ്ചുലക്ഷം രൂപവരെ ഉയർത്താനുള്ള നടപടികൾ സ്വീകരിച്ചുവരുകയാണെന്നും മന്ത്രി നിയമസഭയെ അറിയിച്ചിരുന്നുകാലാവധി പൂർത്തിയായിട്ടും നിക്ഷേപം തിരികെ നൽകാനാകാത്ത 164 സഹകരണ സംഘങ്ങൾ സംസ്ഥാനത്തുണ്ടെന്നു സഹകരണ മന്ത്രി വി.എൻ.വാസവൻ പറഞ്ഞ അതേ വസ്തുതയാണ് ഫിലോമിനയുടേയും ജീവൻ എടുത്തത്.

കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ച തുക കിട്ടാത്തതിനാൽ മെച്ചപ്പെട്ട ചികിത്സ ലഭിക്കാതെ മരിച്ചെന്ന് ആക്ഷേപമുയർന്ന ഫിലോമിനയുടെ കുടുംബത്തിന് ആവശ്യത്തിന് പണം നൽകിയിട്ടുണ്ടെന്ന് മന്ത്രി ആർ. ബിന്ദു പറഞ്ഞതും വലിയ ചർച്ചയായിട്ടുണ്ട്. രോഗിക്ക് അത്യാവശ്യം പണം നൽകിയിട്ടുണ്ടെന്ന് അറിയാൻ കഴിഞ്ഞതായി മന്ത്രി ആർ. ബിന്ദു പറഞ്ഞത്. എന്നാൽ ബാങ്കിനെ സംബന്ധിച്ച് ഫിലോമിന രോഗിയായിരുന്നില്ല. അവർ നിക്ഷേപകയായിരുന്നു. ആ പണമാണ് അവർ ചോദിച്ചത്. അല്ലാതെ ചികിൽസാ സഹായം ആയിരുന്നില്ല. എന്നാൽ മന്ത്രി നിക്ഷേപം കൊടുക്കാനാവാത്ത ബാങ്കിന്റെ അവസ്ഥ മറച്ചു വച്ച് 'സഹായം' നൽകിയെന്ന് പ്രഖ്യാപിക്കുകയായിരുന്നു.

'ദേവസിയുടെയും ഫിലോമിനയുടെയും കുടുംബത്തിന് അടുത്ത കാലത്തായി ആവശ്യത്തിന് പണം നൽകിയിട്ടുണ്ട്. ആധുനിക സൗകര്യങ്ങൾ സർക്കാർ മെഡിക്കൽ കോളജിലുണ്ട്. അടുത്തിടെ ഒരു ലക്ഷത്തിൽപരം രൂപ കൈമാറിയിട്ടുണ്ടെന്നാണ് ബാങ്ക് അധികൃതർ അറിയിച്ചത്. ബാങ്കിന്റെ സാമ്പത്തിക സ്ഥിതിക്ക് അനുസരിച്ച തുക നൽകിയിരുന്നു. മരണം ദാരുണമാണ്. എന്നാൽ, അതിനെ രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള സന്ദർഭമുണ്ടാക്കുന്നത് ശരിയല്ല' -മന്ത്രി പറഞ്ഞു. എന്നാൽ, മന്ത്രി പറയുന്നത് അവാസ്തവമാണെന്ന് ഫിലോമിനയുടെ ഭർത്താവ് ദേവസിയും മകൻ ഡിനോയും പറഞ്ഞു. കഴിഞ്ഞ 27ന് ഫിലോമിനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം ബാങ്ക് അക്കൗണ്ടിൽനിന്ന് ചില്ലിക്കാശ് പോലും ലഭിച്ചില്ലെന്ന് ഇരുവരും പറഞ്ഞു.

ഇന്നലെ, ഫിലോമിനയുടെ മൃതദേഹം പോസ്റ്റുമാർട്ടത്തിന് ശേഷം ആംബുലൻസിൽ ബാങ്കിന് മുന്നിലെത്തിച്ച് ഭർത്താവ് ദേവസിയും മകൻ ഡിനോയും മറ്റ് കുടുംബാംഗങ്ങളും പ്രതിഷേധിച്ചിരുന്നു. കൂടാതെ, ഫിലോമിനയുടെ മരണ വിവരമറിഞ്ഞ് കോൺഗ്രസും ബിജെപിയും ബാങ്കിനു മുന്നിൽ സമരം ആരംഭിക്കുകയും റോഡ് ഉപരോധിക്കുകയും ചെയ്തിരുന്നു. തൃശൂർ കരുവന്നൂർ സഹകരണ ബാങ്കിൽ നിക്ഷേപിച്ച 28 ലക്ഷം രൂപയ്ക്കായി കയറിയിറങ്ങി മടുത്ത ഫിലോമിന ഒടുവിൽ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.

ചികിത്സയ്ക്കാണെന്നു പറഞ്ഞ് പലവട്ടം ചെന്നിട്ടും ഒരു രൂപ പോലും ബാങ്ക് തന്നില്ലെന്ന് ഭർത്താവ് ദേവസി പറഞ്ഞു. 40 വർഷം പ്രവാസലോകത്ത് കഠിനധ്വാനം ചെയ്തുണ്ടാക്കിയ പണമാണ്. ഫിലോമിന സർക്കാർ സർവീസിൽനിന്നു വിരമിച്ചതിനെ തുടർന്നുള്ള പെൻഷൻ തുകയും കരുവന്നൂർ ബാങ്കിലാണ് നിക്ഷേപിച്ചിരുന്നത്. ആ പണം കിട്ടിയിരുന്നേൽ അവൾക്ക് മികച്ച ചികിത്സയെങ്കിലും നൽകാൻ കഴിയുമായിരുന്നെന്നും ദേവസിയുടെ വാക്കുകൾ. അസുഖങ്ങളെ തുടർന്ന് ഒരു മാസമായി ഫിലോമിന തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഈ കുടുംബത്തിന്റെ പ്രതിഷേധത്തെയാണ് മന്ത്രി നിസ്സാരവൽക്കരിക്കുകയും സഹായം നൽകിയെന്ന് പ്രഖ്യാപിക്കുകയും ചെയ്തത്.

നിക്ഷേപം തിരിച്ചു നൽകാനാകില്ലെന്ന് വ്യക്തമാക്കി മന്ത്രി നിയസഭയിൽ നൽകിയ പട്ടിക ചുവടെ