മൂന്നാർ: ഒരു ദിവസം മഴ മാറി നിന്നപ്പോൾ മൂന്നാറിൽ ഞായറാഴ്ച അനുഭവപ്പെട്ടത് അതിശൈത്യം. ഞായറാഴ്ച രാവിലെയാണ് മൂന്നാറിലും പരിസരങ്ങളിലും അതിശൈത്യം അനുഭവപ്പെട്ടത്. മൂന്നാർ ടൗൺ, നല്ലതണ്ണി, പഴയ മൂന്നാർ എന്നിവടങ്ങളിൽ 10 ഡിഗ്രിയായിരുന്നു താപനില. ചൊക്കനാട് , മാട്ടുപ്പെട്ടി, ലക്ഷ്മി, രാജമല എന്നിവടങ്ങിൽ ഏഴും, തെന്മല, ഗുണ്ടുമല , ചിറ്റുവര എന്നിവടങ്ങളിൽ അഞ്ചുമായിരുന്നു ഞായറാഴ്ച വെളുപ്പിന് അനുഭവപ്പെട്ട താപനില.

ശനിയാഴ്ച രാവിലെ എട്ടുവരെ മൂന്നാറിൽ നേരിയ തോതിൽ മഴ പെയ്തെങ്കിലും പിന്നീട് ശക്തമായ വെയിലായിരുന്നു. ഇതെ തുടർന്നാണ് രാത്രിയും ഞായറാഴ്ച വെളുപ്പിനും ശക്തമായ തണുപ്പ് അനുഭവപ്പെട്ടത്. മഴ മാറി നിന്നാൽ വരും ദിവസങ്ങളിൽ തണുപ്പ് ശക്തമാകുകയും മഞ്ഞുവീഴ്ച ഉണ്ടാകാനും സാധ്യതയുണ്ട്. മുൻവർഷങ്ങളിൽ ഒക്ടോബർ പകുതി മുതൽ മൂന്നാറിൽ ശൈത്യകാലം ആരംഭിച്ചിരുന്നു. നവംബർ, ഡിസംബർ മാസങ്ങളിൽ താപനില മൈനസിൽ എത്തിയിരുന്നു. എന്നാൽ ഇത്തവണ മഴ മാറാത്തതിനാലാണ് ശൈത്യകാലം തുടങ്ങാൻ വൈകുന്നത്.