തിരുവനന്തപുരം: കോവിഡ് വാക്‌സിനേഷനിലേക്ക് രാജ്യം കടക്കുന്ന ഘട്ടത്തിനൊപ്പം കേരളത്തിലെ കോളേജുകളും തുറക്കാൻ ശ്രമം തുടങ്ങി. ഘട്ടം ഘട്ടമായി കോളേജുകൾ തുറക്കാനാണ് സംസ്ഥാനം ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളാക്കി നിലവിൽ മാറ്റിയിരിക്കുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചികിത്സ ഒഴിവാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ കോളേജുകൾ തുറക്കാൻ വേണ്ട സംവിധാനങ്ങൾ ഒരുക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

സാങ്കേതിക സർവകലാശാലയ്ക്ക് കീഴിലെ എൻജിനിയറിങ് കോളേജുകളിൽ ഈ മാസം 28 മുതൽ നേരിട്ടുള്ള ക്ലാസുകൾ നടത്താൻ സർവകലാശാലയുടെ നിർദ്ദേശം പുറത്തുവന്നത് ഘട്ടം ഘട്ടമായി കോളേജികൾ തുറക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്. ഒരു സെമസ്റ്റർ വിദ്യാർത്ഥികൾക്ക് കോളേജിലെത്തി പഠനത്തിന് അവസരമൊരുക്കണമെന്ന് സർവകലാശാല കോളേജുകളോട് നിർദേശിച്ചു. ഈ മാസം 18 മുതൽ വിവിധ സെമസ്റ്ററുകളുടെ ഓൺലൈൻ ക്ലാസുകൾ അവസാനിപ്പിക്കാനും നിർദേശമുണ്ട്. സെമസ്റ്റർ പരീക്ഷകളുടെയും അടുത്ത സെമസ്റ്റർ ആരംഭത്തിന്റെയും തീയതിയടക്കം വിശദമായ മാർഗനിർദേശങ്ങളാണ് കോളേജുകൾക്ക് നൽകിയത്.

പ്രാക്ടിക്കൽ, ഇന്റേണൽ അസസ്മെന്റ്, തിയറി പാഠഭാഗങ്ങളിലെ ചില വിഷയങ്ങൾ സംബന്ധിച്ച ചർച്ച എന്നിവയ്ക്ക് നേരിട്ടുള്ള ക്ലാസുകൾ ആവശ്യമെന്നതിനാലാണ് വിദ്യാർത്ഥികൾക്ക് കോളേജിലെത്തുന്നതിന് അവസരംനൽകാൻ സർവകലാശാല നിർദേശിച്ചത്. ബി.ടെക്. ഏഴാം സെമസ്റ്റർ, ബി.ആർക്. മൂന്നാം സെമസ്റ്റർ, എം.ടെക്., എം.ആർക്., എംപ്ലാൻ മൂന്നാം സെമസ്റ്റർ, എം.സി.എ., ഇന്റഗ്രേറ്റഡ് എം.സി.എ. അഞ്ചാം സെമസ്റ്റർ തുടങ്ങിയ വിദ്യാർത്ഥികൾക്ക് ഈ മാസം 28-ന് നേരിട്ടുള്ള ക്ലാസുകൾ ആരംഭിക്കും. ജനുവരി ഒൻപത് വരെ അത് തുടരും. ഫെബ്രുവരി 15 മുതൽ പരീക്ഷ ആരംഭിക്കാനും മാർച്ച് ഒന്നുമുതൽ അടുത്ത സെമസ്റ്റർ ആരംഭിക്കാനും നിർദേശിച്ചിട്ടുണ്ട്.

ബി.ടെക്., ബി.എച്ച്.എം.സി.ടി., ബി.ആർക്. അഞ്ചാം സെമസ്റ്റർ, ഇന്റഗ്രേറ്റഡ് എം.സി.എയുടെ അഞ്ച്, ഏഴ് സെമസ്റ്റർ എന്നീ വിദ്യാർത്ഥികൾക്ക് ജനുവരി 11-ന് ക്ലാസുകൾ ആരംഭിക്കാനാണ് നിർദ്ദേശം. പരീക്ഷ മാർച്ച് ഒന്നിന് ആരംഭിക്കും. അടുത്ത സെമസ്റ്റർ ഏപ്രിൽ ഒന്നിന് തുടങ്ങും. മറ്റ് സെമസ്റ്ററുകാർക്കും ജനുവരി, ഫെബ്രുവരി മാസങ്ങളിലായി നേരിട്ടുള്ള ക്ലാസുകളുണ്ടാകും.

എല്ലാ വിഷയത്തിനുമുള്ള സെമസ്റ്റർ അവസാന പരീക്ഷകൾ എഴുത്തുപരീക്ഷ തന്നെയാകും. പരമാവധി മാർക്ക് 100 തന്നെയായിരിക്കും. എം.ബി.എ.ക്ക് 60. എം.ബി.എക്ക് 42 മാർക്കിനും മറ്റുള്ളവയ്ക്ക് 70 മാർക്കിനും പരീക്ഷ നടത്തി ഒരോരുത്തർക്കും കിട്ടുന്ന മാർക്ക് 100-ലേക്ക് മാറ്റാനാണ് പ്രാഥമിക തീരുമാനം. ഇത്തരത്തിൽ മാറ്റുന്ന മാർക്കാകും സെമസ്റ്ററിന്റെ അവസാന മാർക്ക്. പരീക്ഷാ സമയം രണ്ടേകാൽ മണിക്കൂറായിരിക്കും.

2019 സ്‌കീമിലെ മൂന്നാം സെമസ്റ്റർ ബി.ടെക്കിന്റെ സസ്റ്റെയിനബിൾ എൻജിനിയറിങ് പരീക്ഷ അതത് കോളേജുകളാകും നടത്തുക. ചോദ്യ പേപ്പർ സർവകലാശാല ലഭ്യമാക്കും. ഈ സെമസ്റ്ററിലെ വിദ്യാർത്ഥികളുടെ പ്രാക്ടിക്കൽ പരീക്ഷയ്ക്ക് പാഠ്യപദ്ധതിയിൽ നിർദേശിക്കുന്നപോലെ രണ്ട് അദ്ധ്യാപകർ തന്നെ ഉണ്ടാകും. എന്നാൽ പുറത്തുനിന്നുള്ള അദ്ധ്യാപകന് പകരമായി അതേ വകുപ്പിലെ മറ്റൊരു മുതിർന്ന അദ്ധ്യാപകൻ മതിയെന്നും നിർദേശിച്ചിണ്ട്.