തിരുവനന്തപുരം: സെപ്റ്റംബർ 9 ന് ആരംഭിക്കുന്ന ബിടെക് സപ്ലിമെന്ററി പരീക്ഷകൾ ഓൺലൈനായി നടത്തണമെന്ന വിദ്യാർത്ഥികളുടെ ആവശ്യം അനുഭാവപൂർവം പരിഗണിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.

കേരള സാങ്കേതിക സർവകലാശാല രജിസ്ട്രാർക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം പി മോഹനദാസ് ഉത്തരവ് നൽകിയത്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പരീക്ഷാ സെന്റുകളിൽ ചെന്ന് പരീക്ഷ എഴുതാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാണിച്ച് ഒരു കൂട്ടം വിദ്യാർത്ഥികൾ സമർപ്പിച്ച പരാതിയിലാണ് നടപടി. പരീക്ഷാർത്ഥികളിൽ പലരും താമസിക്കുന്നത് കണ്ടയ്ന്മെന്റ് സോണുകളിലാണ്. അടുത്തുള്ള സെന്റർ തിരഞ്ഞടുക്കാൻ അവസരം ഉണ്ടെങ്കിലും പൊതുഗതാഗത സൗകര്യക്കളുടെ അപര്യാപ്തത കാരണം സെന്ററിൽ കൃത്യമായി എത്തുന്നത് എളുപ്പമല്ല. സാങ്കേതിക സർവകലാശാലയുടെ അവസാന സെമസ്റ്റർ പരീക്ഷകൾ ഓൺലൈനായാണ് നടത്തിയത്. ഇതേ മാതൃക സപ്ലിമെന്ററി പരീക്ഷകൾക്കും ബാധകമാക്കണമെന്നാണ് ആവശ്യം.

നടപടി സ്വീകരിച്ച ശേഷം 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.