കോട്ടയം: തനിക്ക് ജോലി വേണ്ടെന്ന് മറ്റാരൊ സമ്മതപത്രം നൽകിയതിനാൽ അർഹിച്ച സർക്കാർ ജോലി യുവതിക്ക് നഷ്ടമായി.പത്തനംതിട്ട മല്ലപ്പള്ളി കുളത്തൂർ ചെറിയമുളയ്ക്കൽ എസ്. ശ്രീജയ്ക്കാണു ഈ ദുരവസ്ഥ.സിവിൽ സപ്ലൈസ് കോർപറേഷൻ അസിസ്റ്റന്റ് സെയിൽസ്മാൻ റാങ്ക്ലിസ്റ്റിൽ ജനറൽ വിഭാഗത്തിൽ 233ാം റാങ്കാണ് ശ്രീജയ്ക്കുണ്ടായിരുന്നത്. അതിനാൽ തന്നെ ജോലി ഉറപ്പുമായിരുന്നു. വ്യാജസമ്മതപത്രം പ്രകരം ശ്രീജയുടെ റാങ്കിന് താഴെയുള്ളവർ ജോലിയിൽ പ്രവേശിച്ചു.വിഷയം ചബണ്ടിക്കാട്ടി പൊലീസിലും പിഎസ്‌സിയിലും പരാതി നൽകിയിരിക്കുകയാണ് ഇവർ.

2018 മെയ്‌ 30നു പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിന്റെ കാലാവധി കഴിഞ്ഞമാസം നാലിന് അവസാനിച്ചു. കഴിഞ്ഞ 11ലെ നിയമന ചാർട്ട് പ്രകാരം റാങ്ക് ലിസ്റ്റിലെ 14 പേരെ കൂടി നിയമിച്ചതായി അറിഞ്ഞെന്നു ശ്രീജ പറയുന്നു. ''എനിക്ക് ഇതിൽ രണ്ടാമതായി അഡൈ്വസ് മെമോ ലഭിക്കേണ്ടതായിരുന്നു. അഡൈ്വസ് മെമോ ലഭിക്കാതെ വന്നതിനാൽ പിഎസ്‌സി ഓഫിസിൽ അന്വേഷിച്ചു. മറ്റൊരു ജോലിയുള്ളതിനാൽ ഈ ജോലി വേണ്ടെന്ന് എന്റെ പേരിൽ മറ്റാരോ സത്യപ്രസ്താവനയും നോട്ടറി സാക്ഷ്യപത്രവും ഗസറ്റഡ് ഓഫിസറുടെ ഒപ്പും സീലുമടക്കം നൽകിയതായി മറുപടി കിട്ടി.

എന്നാൽ ജോലി വേണ്ടെന്ന സമ്മതപത്രം ഞാൻ നൽകിയിട്ടില്ല. തെക്കൻ ജില്ലയിൽ സർക്കാർ ഉദ്യോഗസ്ഥയായ മറ്റൊരു യുവതിയുടെ പേരിലാണു വ്യാജ രേഖയുണ്ടാക്കിയതെന്നു കണ്ടെത്തി. എന്റെ അതേ പേരും ജനനത്തീയതിയുമാണ് അവർക്കും'' ശ്രീജ ആരോപിക്കുന്നു.റാങ്ക് ലിസ്റ്റിൽ 268ാം റാങ്ക് വരെയുള്ളവർക്കാണ് അഡൈ്വസ് മെമോ അയച്ചത്. ജോലി വേണ്ടെന്ന ശ്രീജയുടെ സമ്മത പത്രം നൽകിയതോടെ റാങ്ക് ലിസ്റ്റിൽ പിന്നിലുള്ളവർക്കു ജോലി ലഭിച്ചു.

41 വയസ്സായ ശ്രീജയ്ക്ക് ഇനി പിഎസ്‌സി പരീക്ഷ എഴുതാനും അവസരമില്ല. വ്യാജരേഖ ഉപയോഗിച്ചു ജോലി തട്ടിയെടുക്കുന്ന റാക്കറ്റാണു സംഭവത്തിനു പിന്നിലെന്നു സൂചനയുണ്ട്. പിഎസ്‌സി റാങ്ക്ലിസ്റ്റിൽ ഉൾപ്പെട്ട ആൾക്ക് ജോലി വേണ്ടെങ്കിൽ ഒഴിവാകാൻ അപേക്ഷ നൽകണം. മുദ്രപ്പത്രത്തിൽ നോട്ടറി നൽകുന്ന സത്യവാങ്മൂലം, ഗസറ്റഡ് ഓഫിസറുടെ മുന്നിൽ ഹാജരായി ഫോട്ടോയിൽ അറ്റസ്റ്റ് ചെയ്യണം. ഇത് ശരിയാണോയെന്നു പിഎസ്‌സി പരിശോധിക്കണം. ഈ കടമ്പയെല്ലാം മറികടന്ന് വിദഗ്ധമായ തട്ടിപ്പു നടന്നതായാണു സംശയിക്കുന്നത്.ശ്രീജയുടെ പരാതി അന്വേഷണത്തിനായി പിഎസ്‌സി പരീക്ഷാ കമ്മിഷണർക്കു കൈമാറിയെന്നു ജില്ലാ പിഎസ്‌സി ഓഫിസർ എസ്. ശൈലജാകുമാരി അറിയിച്ചു.