ചെന്നൈ: കോവിഡ് വ്യാപനത്തെ തുടർന്നു തമിഴ്‌നാട്ടിൽ ഞായറാഴ്ചകളിൽ സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തി. ഇതിനൊപ്പം ചെന്നൈ കോർപറേഷൻ മേഖലയിൽ വിവാഹം, പൊതുചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം കുറച്ചു. നിലവിൽ ഒന്നു മുതൽ 8 വരെയുള്ള ക്ലാസുകൾക്കു നേരിട്ടുള്ള അധ്യയനം ഒഴിവാക്കിയിട്ടുണ്ട്. ഇതു കൂടാതെ കോളജുകളിലും നിയന്ത്രണങ്ങൾ നടപ്പാക്കും. തമിഴ്‌നാട്ടിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം നാലായിരത്തിന് അടുത്തെത്തിയതോടെയാണു തീരുമാനം

ചെന്നൈയിൽ മാത്രം ഇന്നലെ 1489 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗവ്യാപനം പ്രതിരോധിക്കാൻ കൂടുതൽ സംവിധാനങ്ങൾ ഒരുക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. വാക്‌സീനേഷൻ ക്യാംപുകൾ സജീവമായി തുടരും. ചെന്നൈ ട്രേഡ് സെന്റർ വീണ്ടും കോവിഡ് ആശുപത്രിയാക്കി മാറ്റി. 904 കിടക്കകളാണ് ഇവിടെ സജ്ജീകരിച്ചിട്ടുള്ളത്. ഓഡിറ്റോറിയങ്ങൾ, കല്യാണമണ്ഡപങ്ങൾ എന്നിവയും കോവിഡ് ചികിത്സാ കേന്ദ്രങ്ങളായി മാറ്റാൻ നടപടി തുടങ്ങി. ചെന്നൈ കോർപറേഷനിൽ 15 ഇടങ്ങളിൽ കോവിഡ് സ്‌ക്രീനിങ് സെന്ററുകൾ തുടങ്ങി. രോഗവ്യാപനത്തിന്റെ സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ സർക്കാർ ഉടൻ പ്രഖ്യാപിച്ചേക്കും.