ലക്നൗ: കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ ഉത്തർപ്രദേശിൽ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ഏപ്രിൽ 30 വൈകുന്നേരം എട്ടുമുതൽ മെയ് നാല് രാവിലെ ഏഴുമണിവരെയാണ് ലോക്ക്ഡൗൺ.

നേരത്തെ സംസ്ഥാനത്ത് വെള്ളിയാഴ്ച രാത്രി എട്ടുമുതൽ തിങ്കളാഴ്ച രാവിലെ ഏഴുവരെ വാരാന്ത്യ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. ഈ നിയന്ത്രണങ്ങളാണ് നീട്ടിയിരിക്കുന്നത്.

യുപിയിൽ ബുധനാഴ്ച 29,824പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 11,82,848പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

നിലവിൽ 3,00,041 ലക്ഷം സജീവകേസുകളാണ് സംസ്ഥാനത്തുള്ളത്. 11,943 പേർ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചു.

കോവിഡ് വ്യാപനം അതിരൂക്ഷമായ അഞ്ച് നഗരങ്ങളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന് അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ഇത് സുപ്രീംകോടതി തള്ളി. സുപ്രീംകോടതി നടപടിക്ക് പിന്നാലെയാണ് സർക്കാർ സംസ്ഥാനത്ത് വാരന്ത്യ ലോക്ക്ഡൗൺ ഏർപ്പെടുത്തിയത്.