കോയമ്പത്തൂർ: കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികളെ 10 ദിവസം ക്വാറന്റൈനിൽ താമസിപ്പിക്കാൻ ഉത്തരവ്. കേരളത്തിൽ കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിലാണ് മലയാളി വിദ്യാർത്ഥികൾക്ക് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി കോയമ്പത്തൂർ കോർപ്പറേഷൻ ഉത്തരവിറക്കിയത്. ഇതുമായി ബന്ധപ്പെട്ട് കോർപ്പറേഷൻ പരിധിയിലുള്ള കോളജുകൾക്ക് നോട്ടീസ് നൽകി.

ശരവണപ്പട്ടിയിലെ നഴ്സിങ് വിദ്യാർത്ഥികൾക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ കോയമ്പത്തൂർ കോർപ്പറേഷൻ തീരുമാനിച്ചത്. കോവിഡ് വ്യാപനം തടയുന്നതിന് കേരളത്തിൽ നിന്ന് വരുന്ന വിദ്യാർത്ഥികൾക്ക് നിർബന്ധിത ക്വാറന്റൈൻ ഏർപ്പെടുത്താനാണ് കോർപ്പറേഷന്റെ തീരുമാനം. രണ്ട് ഡോസ് വാക്സിനെടുത്ത വിദ്യാർത്ഥികൾക്കും ക്വാറന്റൈൻ നിർബന്ധമാണെന്നും ഉത്തരവിൽ പറയുന്നു.

ദേശീയതലത്തിൽ കഴിഞ്ഞ ഏതാനും ആഴ്ചകളായി ഏറ്റവുമധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് കേരളത്തിലാണ്. ഇന്നലെ രാജ്യത്ത് 27,176 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 15000ലധികവും കേരളത്തിലാണ് റിപ്പോർട്ട് ചെയ്തത്. കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിലാണ് അതിർത്തി കടന്ന് വരുന്ന മലയാളി വിദ്യാർത്ഥികൾക്ക് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്താൻ കോയമ്പത്തൂർ കോർപ്പറേഷൻ തീരുമാനിച്ചത്.