തിരുവനന്തപുരം: പരസ്യങ്ങളിലൂടെ പ്രഖ്യാപിച്ച ഓഫർ ഉപഭോക്താവിന് നൽകിയില്ലെന്ന പരാതിയിൽ ടാറ്റാ ഡീലർമാരായ ട്രിവാൻഡ്രം മോട്ടോഴ്സ് നഷ്ടപരിഹാരം ഒടുക്കാൻ വിധി. തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനാണ്  ട്രിവാൻഡ്രം മോട്ടോഴ്സ് 17000 രൂപ ആറ് ശതമാനം പലിശ ഉൾപ്പെടെയും 10000 രൂപ നഷ്ടപരിഹാരവും 2500 രൂപ കോടതിചെലവും സഹിതം ഒരു മാസത്തിനകം പരാതിക്കാരന് നൽകണമെന്നാണ് കമ്മീഷൻ വിധിച്ചിരിക്കുന്നത്.

ഡീസൽ കാറുകൾ എക്സ്ചേഞ്ച് ചെയ്താൽ പുതിയ നാനോ കാറുകൾ 60000 രൂപ കിഴിവിൽ വാങ്ങാമെന്ന് ടാറ്റാ മോട്ടോഴ്സ് 2016 ൽ പരസ്യം ചെയ്തിരുന്നു. 2016 ഏപ്രിൽ 22 ലെയും ജൂൺ 10 ലെയും മലയാള മനോരമ ദിനപത്രങ്ങളിൽ ഇത്തരത്തിലുള്ള പരസ്യങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. ജൂൺ 10 ലെ ദിനപത്രത്തിലെ മറ്റൊരു പേജിൽ ട്രിവാൻട്രം മോട്ടേഴ്സ് എന്ന ടാറ്റാ ഡീലറും ഈ പരസ്യം അവരുടെ മെഗാ മൺസൂൺ ഓഫർ ആയി നൽകിയിട്ടുണ്ട്. വീണ്ടും ജൂൺ 17 ന് അതേ ഓഫർ അവരുടെ പരസ്യത്തിൽ ആവർത്തിച്ചു. ജൂലൈ 8 ന് നാനോ കാറിന്റെ മൊത്തം ആനുകൂല്യം 60,000 രൂപയാണെന്ന പരസ്യവും അവർ നൽകിയിരുന്നു. ജൂലൈ 12 നും സമാനമായ പരസ്യം മാധ്യമങ്ങളിൽ വന്നിരുന്നു.

ഇത്തരത്തിലുള്ള വിവിധ പരസ്യങ്ങൾ കണ്ടാണ് പരാതിക്കാരനായ സുഭാഷ് ചന്ദ്ര ബോസ് തന്റെ പഴയ അംബാസഡർ ഡീസൽ കാർ എക്സ്ചേഞ്ച് ചെയ്ത് പുതിയ നാനോ കാർ വാങ്ങാൻ തിരുവനന്തപുരം മോട്ടോഴ്സുമായി ബന്ധപ്പെട്ടത്. അവർ പറഞ്ഞത് പ്രകാരം ജൂൺ 15 ന് ഓർഡർ ഫോം പൂരിപ്പിച്ച് 10000 രൂപയും അഡ്വാൻസ് നൽകി. എന്നാൽ ജെനക്സ് നാനോയുടെ മൊത്തം ആനുകൂല്യമായി 43,000 രൂപ മാത്രമാണ് അവർ നൽകിയതെന്ന് പ്രോഫോർമ ഇൻവോയ്സ് പരിശോധിച്ചപ്പോഴാണ് സുഭാഷ് ചന്ദ്ര ബോസിന് മനസ്സിലായത്.

എന്നാൽ അദ്ദേഹത്തിന് ആ സമയം വാഹനത്തിന്റെ ആവശ്യകത ഉണ്ടായിരുന്നതിനാലും മറ്റ് ഓപ്ഷനുകൾ ഇല്ലാത്തതിനാലും ജൂലൈ നാലിന് 2,33,393 രൂപ അടച്ച് ജൂലൈ എട്ടിന് വാഹനം വാങ്ങി. തുടർന്ന് കമ്പനി, ഉപഭോക്താവിന് നൽകിയ വാഗ്ദാനത്തിൽ വ്യക്തത വരുത്തണമെന്നും ബാക്കി 17000 രൂപ തിരികെ നൽകണമെന്നും ആവശ്യപ്പെട്ട് സുഭാഷ് ചന്ദ്ര ബോസ് ഡീലർക്ക് കത്തെഴുതി. എന്നാൽ ആ കത്തിന് എന്തെങ്കിലും മറുപടി നൽകാനോ പണം തിരികെ നൽകാനോ അവർ തയ്യാറായില്ല. തുടർന്ന് ഡീലറുടെ ഭാഗത്തുനിന്നുള്ള ഈ വീഴ്ച ചൂണ്ടിക്കാട്ടി അദ്ദേഹം ടാറ്റാ മോട്ടോഴ്സിനും ഒരു കത്തയച്ചിരുന്നു. എന്നാൽ അവരും ഇക്കാര്യത്തിൽ അനുകൂലമായ ഒരു നടപടിയും സ്വീകരിക്കാൻ തയ്യാറായില്ല. അങ്ങനെയാണ് എതിർ കക്ഷികളുടെ തുടർച്ചയായ നിസ്സംഗത, ഒഴിഞ്ഞുമാറൽ, അശ്രദ്ധ, ബോധപൂർവമായ കബളിപ്പിക്കൽ എന്നിവ ആരോപിച്ച് പരാതിക്കാരൻ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനെ സമീപിച്ചത്.

കേസ് പരിഗണിച്ച കമ്മീഷൻ ഈ മാസം പത്തിനാണ്  ട്രിവാൻഡ്രം മോട്ടോഴ്സിന് പിഴ വിധിച്ചുകൊണ്ട് ഉത്തരവിട്ടത്. ഒരു മാസത്തിനകം പരാതിക്കാരന് നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ ഒമ്പത് ശതമാനം പലിശയോടെ പണം നൽകണമെന്നാണ് കമ്മീഷന്റെ വിധി.