ജമ്മു: കനത്ത മഴ തുടരുന്ന ജമ്മുവിൽ കോൺക്രീറ്റ് പാലം തകർന്നു. നദിക്ക് കുറുകെയുള്ള പാലമാണ് ശക്തമായ കുത്തൊഴുക്കിൽ തകർന്നത്. തവി നദിയിലേക്ക് ഒഴുകുന്ന ചെറുനദിയിലെ കോൺക്രീറ്റ് പാലമാണ് ശക്തമായ ഒഴുക്കിൽ തകർന്നു വീണത്. തകർന്ന പാലത്തിന്റെ ഒരു ഭാഗം ഒന്നാകെ നദിയിലേക്ക് മറിഞ്ഞുവീണ് ഒലിച്ചുപോകുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.

കഴിഞ്ഞ കുറച്ചുദിവസമായി ജമ്മുകശ്മീരിൽ ശക്തമായ മഴ തുടരുകയാണ്. തവി ഉൾപ്പെടെയുള്ള നദികളിൽ വെള്ളപ്പൊക്കമുണ്ടായതിനെ തുടർന്ന് നിരവധി വീടുകൾ ഒലിച്ചുപോയി. ജമ്മുവിലെ ദേശീയപാതകളിൽ ഉൾപ്പെടെ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. മണ്ണിടിച്ചിലിനെ തുടർന്ന് ദേശീയപാത വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു.

റിയാസി ജില്ലയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് മൂന്നുപേർക്ക് ജീവൻ നഷ്ടപ്പെട്ടു. 30 വയസ്സുള്ള ഗൃഹനാഥനും ഭാര്യയും മകനുമാണ് മരണപ്പെട്ടത്. ദൽവാസ്-രംബാൻ മേഖലയിലാണ് ഗതാഗതം തടസ്സപ്പെട്ടത്. രംബാൻ, ജമ്മു, ശ്രീനഗർ, ഉദ്ധംപൂർ മേഖലകളിൽ ആളുകൾ റോഡിലെ സ്ഥിതി മനസ്സിലാക്കിയ ശേഷമേ യാത്ര പോകാവൂവെന്ന് പൊലീസ് അറിയിച്ചു.ഇത് രണ്ടാം തവണയാണ് മണ്ണിടിച്ചിലിനെ തുടർന്ന് മദശീയപാത തടസ്സപ്പെടുന്നത്. ഓഗസ്റ്റ് 14ന് രംബാനിലുണ്ടായ മണ്ണിടിച്ചിലിൽ 200 ഓളം വാഹനങ്ങൾ കുടുങ്ങിപ്പോയിരുന്നു.