മഞ്ചേശ്വരം: കർണാടക അതിർത്തിയിൽ പ്രവർത്തിച്ചു വരുന്ന അറവുശാല സംഘപരിവാർ പ്രവർത്തകർ അടിച്ചു തകർത്തു. മഞ്ചേശ്വരം പഞ്ചായത്തിലെ കുഞ്ചത്തൂർ പദവിലാണ് സംഭവം. ഇവിടെ പ്രവർത്തിച്ചു കൊണ്ടിരുന്ന അറവുശാലക്ക് അനുമതി ഇല്ലെന്ന് ആരോപിച്ചാണ് അക്രമം നടത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് 40 പ്രവർത്തകർക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. ഇതിൽ കുഞ്ചത്തൂർ മഹാലിങ്കേശ്വര സ്വദേശികളായ കെ.ടി അശോക്, ശരത് രാജ് എന്നിവരെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് കാസർകോട് സബ് ജയിലിലേക്ക് മാറ്റി.

അറവുശാല ഉടമ ഉള്ളാൾ സ്വദേശി യുസി ഇബ്രാഹിമിന്റെ പരാതിയിലാണ് കേസ്. ഇവിടെ നിർത്തിയിരുന്ന മൂന്ന് വാഹനങ്ങൾ അടിച്ചു തകർക്കുകയും അറവു മൃഗങ്ങളെ തുറന്നു വിടുകയും ചെയ്തിട്ടുണ്ട്.

50 സെന്റ്് ഭൂമിയിൽ ഫാം നടത്തി വരികയാണെന്നും ഇതിനു വേണ്ട ലൈസൻസിന് വേണ്ടി മഞ്ചേശ്വരം പഞ്ചായത്തിൽ നേരത്തെ അപേക്ഷ കൊടുത്തിട്ടുള്ളതാണെന്നും അറവു ശാല ഉടമ പറഞ്ഞു. ലൈസൻസിന് കൊടുത്തു മാസങ്ങൾ കഴിഞ്ഞിട്ടും അനുമതി തരാതെ വൈകിപ്പിക്കുകയാണ് ചെയ്തതെന്നും ഇയാൾ ആരോപിച്ചു.