കണ്ണൂർ: കണ്ണൂർ സർവകലാശാലയിലെ സിലബസിൽ ഹിന്ദുത്വവത്കരണം എന്ന ആരോപണം ഉയർത്തി പ്രതിഷേധം കടുപ്പിക്കുന്നതിനിടെ വിഷയത്തിൽ എസ്എഫ്‌ഐയിലെ ഭിന്നത പരസ്യമായി. ആർഎസ്എസ് നേതാക്കളുടെ പുസ്തകങ്ങൾ പഠിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയും എംഎൽഎയുമായ സച്ചിൻ ദേവ് നിലപാട് എടുത്തപ്പോൾ അതിനെ തള്ളി സംഘടനയുടെ കേന്ദ്ര സെക്രട്ടേറിയറ്റംഗം തന്നെ രംഗത്ത് എത്തി. ഇതോടെയാണ് വിഷയത്തിൽ സംഘടനയുടെ അകത്ത് ഭിന്നാഭിപ്രായമുണ്ടെന്ന കാര്യം പുറത്തറിഞ്ഞത്.

കണ്ണൂർ സർവ്വകലാശാലയുടെ വിവാദമായ പിജി സിലബസ് പിൻവലിക്കണമെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയും എംഎൽഎയുമായ സച്ചിൻ ദേവ് നിലപാട് എടുത്തപ്പോൾ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം നിധീഷ് നാരായണൻ അതിനെ തള്ളി രംഗത്തെത്തി. ആർഎസ്എസ് നേതാക്കളുടെ പുസ്തകവും സർവ്വകലാശാലകൾ പഠിപ്പിക്കണമെന്ന് നിധീഷ് നാരായണൻ പറഞ്ഞു. ഇക്കാര്യത്തിൽ യൂണിവേഴ്‌സിറ്റി യൂണിയൻ ചെയർമാൻ എം.കെ.ഹസ്സന്റേതാണ് ശരിയായ നിലപാടെന്നും നിധീഷ് വ്യക്തമാക്കി. യൂണിവേഴ്‌സിറ്റിയിൽ താലിബാനിസം പാടില്ലെന്നും നിധീഷ് നാരായണൻ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.

എന്നാൽ താൻ പറയുന്നതാണ് സംഘടനയുടെ ഔദ്യോഗിക നിലപാടെന്നും മാറ്റാരെങ്കിലും പറയുന്നതല്ല സംഘടനയുടെ നിലപാടെന്നും സച്ചിൻ ദേവ് വ്യക്തമാക്കി. ഇക്കാര്യത്തിൽ ഭിന്നാഭിപ്രായം പ്രകടിപ്പിച്ച യൂണിവേഴ്‌സിറ്റി യൂണിയൻ ചെയർമാൻ എം.കെ.ഹസ്സന്റെ പ്രതികരണം പരിശോധിക്കുമെന്നും സച്ചിൻ ദേവ് അറിയിച്ചു.

എന്നാൽ വിമർശനാത്മകവും സംവാദാത്മകവും ധൈഷണികവുമായ അക്കാദമിക് അന്തരീക്ഷമാണ് ഒരുക്കപ്പെടേണ്ടത്. താലിബാനിസമല്ലെന്ന് നിധീഷ് നാരായണൻ തുറന്നുപറഞ്ഞു.

അതേ സമയം കണ്ണൂർ സർവകലാശാലയിലെ സിലബസിൽ ഹിന്ദുത്വവത്കരണമെന്ന ആരോപണം നിഷേധിച്ച് വൈസ് ചാൻസലർ നേരിട്ട് രംഗത്ത് എത്തിയിരുന്നു. സവർക്കറും ഗോൾവാൾക്കറും സിലബസിൽ വന്നതിൽ അപാകതയില്ല. സിലബസ് മരവിപ്പിക്കില്ലെന്നും ഡോ. ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു.

വിവാദമാവുകയും പ്രതിഷേധം ഉയരുകയും ചെയ്ത പശ്ചാത്തലത്തിൽ സിലബസ് പരിശോധിക്കാൻ രണ്ടംഗ കമ്മിറ്റിയെ നിയമിച്ചെന്ന് വിസി പറഞ്ഞു. യൂണിവേഴ്‌സിറ്റിക്ക് പുറത്ത് നിന്നുള്ള പൊളിറ്റിക്കൽ സയൻസ് അദ്ധ്യാപകരായ ജെ പ്രഭാഷ്, പ്രൊഫ പവിത്രൻ എന്നിവർക്കാണ് ചുമതല. സമിതി അഞ്ച് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം. ഈ റിപ്പോർട്ട് പഠിച്ച ശേഷം സിലബസ് പിൻവലിക്കണോയെന്ന് തീരുമാനിക്കുമെന്നും വിസി അറിയിച്ചു.

നിധീഷ് നാരായണന്റെ ഫേസ്‌ബുക്ക് പോസ്റ്റ് -

സവർക്കറുടെ ഒരു പുസ്തകം ഞാൻ ആദ്യമായി വായിക്കുന്നത് ജെ എൻ യുവിലെ എംഎ കാലത്താണ്. അതും സംഘപരിവാരത്തിന്റെ വലിയ വിമർശകരിൽ ഒരാളായ പ്രഫസർ നിവേദിത മേനോൻ പഠിപ്പിച്ച പൊളിറ്റിക്കൽ തോട്ട് എന്ന കോഴ്‌സിന്റെ ഭാഗമായി. അംബേദ്ക്കറിന്റെയും ഗാന്ധിയുടെയും എ കെ രാമാനുജന്റെയുമൊക്കെ രചനകൾ ഒപ്പമുണ്ടായിരുന്നു. ആ ക്ലാസിൽ ഇരുന്നിട്ട് ആരെങ്കിലും ഹിന്ദുത്വത്തിന്റെ പിന്നാലെ പോയെന്ന് ഏതെങ്കിലും ഒരാൾ പറയുമെന്ന് തോന്നുന്നില്ല.

സവർക്കർ മുന്നോട്ടുവച്ചതുൾപ്പടെ എല്ലാ രാഷ്ട്രീയ ധാരകളെയും വിമർശനാത്മകമായി പഠിക്കാൻ അവസരമുണ്ടാകണമെന്ന് കണ്ണൂർ യൂണിവേഴ്‌സിറ്റി യൂണിയൻ ചെയർമാൻ സഖാവ് ഹസൻ പറഞ്ഞതിനൊപ്പമാണ്. വിമർശനാത്മകവും സംവാദാത്മകവും ധൈഷണികവുമായ അക്കാദമിക് അന്തരീക്ഷമാണ് ഒരുക്കപ്പെടേണ്ടത്. താലിബാനിസമല്ല.