കൊച്ചി: കെസിപിസി വൈസ് പ്രസിഡന്റ് വിടി ബൽറാം, ദൈവങ്ങളെ അധിക്ഷേപിച്ചു എന്നാരോപിച്ച് പൊലീസിൽ പരാതി നൽകിയത് കോൺഗ്രസ് നേതാവ്. കൊല്ലം സ്വദേശിയായ അഡ്വ.ജി.കെ.മധുവാണ് രാഷ്ട്രീയം നോക്കാതെ പരാതിപ്പെട്ടത്. കെ എസ് യു, യൂത്ത് കോൺഗ്രസ് സംഘടനാ ചുമതലകൾ വഹിച്ച ജി കെ മധു നിലവിൽ കോൺഗ്രസിന്റെ എൻ റോളർകൂടിയാണ്.

താൻ കൊടുത്ത പരാതിയിൽ രാഷ്ട്രീയമില്ലെന്നാണ് മധുവിന്റെ വാദം. താൻ ആരാധിക്കുന്ന ദൈവത്തെ അധിക്ഷേപിച്ചതിലുള്ള വിഷമമാണ് പരാതിയിലൂടെ പ്രകടിപ്പിച്ചത്. ശ്രീരാമൻ, ഹനുമാൻ തുടങ്ങിയ ഹിന്ദു ദൈവങ്ങളെ ഹിംസാത്മകതയോടെ ചിത്രീകരിക്കാൻ സംഘപരിവാർ ശ്രമിക്കുകയാണെന്ന വിമർശനങ്ങൾ ഉയർന്നിരുന്നു. ഏതാനും ചിത്രങ്ങൾ പങ്കുവെച്ച് 'എന്തിനാണ് ഈ ദൈവങ്ങളൊക്കെ ഇങ്ങനെ കലിപ്പന്മാരാവുന്നത്? ഒരു പൊടിക്ക് ഒന്നടങ്ങിക്കൂടെ !' എന്നായിരുന്നു വി ടി ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. പുതിയ പാർലമെന്റിൽ സ്ഥാപിക്കുന്ന അശോക സ്തംഭ വിവാദത്തെ തുടർന്നുള്ളതായിരുന്നു ഫേസ്‌ബുക്ക് പോസ്റ്റ്. കൊല്ലം അഞ്ചാലുമൂട് പൊലീസാണ് മധുവിന്റെ പരാതിയിൽ വി ടി ബൽറാമിനെതിരെ കേസെടുത്തത്.

ബൽറാമിന്റെ പോസ്റ്റ് ഭക്തരായ കോൺഗ്രസ് പ്രവർത്തകരെ കോൺഗ്രസിൽ നിന്നും അകറ്റുന്ന തരത്തിലാണെന്നാണ് മധുവിന്റെ പക്ഷം. 'തൃക്കടവൂർ മഹാദേവർ ക്ഷേത്രത്തിലെ നിത്യസന്ദർശകനും ഭക്തനുമാണ് ഞാൻ. രാവിലെ ക്ഷേത്രത്തിലിരിക്കുന്ന സമയത്താണ് വി ടി ബൽറാമിന്റെ പോസ്റ്റ് കാണുന്നത്. അതിന്റെ തലക്കെട്ടാണ് വ്യക്തിപരമായി എന്നെ വിഷമിപ്പിച്ചത്. ഞാൻ ആരാധിക്കുന്ന ദൈവത്തെ ആക്ഷേപിച്ചുള്ളതിലുള്ള വിഷമമാണത്. ഇയാൾ ഇപ്പോൾ പറയുന്നത് പോലെയുള്ള സംഘ്പരിവാർ സംഘടനകളെ വിമർശിക്കുന്നതാണെന്ന വാദം കുറിപ്പിൽ എവിടേയും ഇല്ല. ഹിന്ദു വിശ്വാസികളെ സംബന്ധിച്ച് ഭഗവാൻ പല സമയങ്ങളിൽ ഓരോ അവതാരങ്ങളാണ്. പരാതിയിൽ രാഷ്ട്രീയമില്ല. നിയമനടപടിയുമായി മുന്നോട്ട് പോകും. ഭക്തന്റെ വികാരമാണിത്. ഇതൊക്കെ കാണുമ്പോൾ ഭക്തരായ കോൺഗ്രസ് പ്രവർത്തകർ പാർട്ടി വിട്ട് പോകില്ലേ. അവർ നാളെ കോൺഗ്രസിന് വോട്ട് ചെയ്യുവോ. പാർട്ടിക്കുണ്ടാവുന്ന നഷ്ടം കൂടി ആലോചിക്കണ്ടേയെന്നും' ജി കെ മധു ചോദിച്ചു.

പരാതിക്ക് മുമ്പ് രണ്ട് പ്രമുഖ കോൺഗ്രസ് നേതാക്കളെ ബന്ധപ്പെട്ടെങ്കിലും പ്രതികരണം ഉണ്ടായില്ലെന്നും മധു പറഞ്ഞു. എൻഎസ്എസ് കൊല്ലം താലൂക്ക് യൂണിയൻ പ്രസിഡണ്ട് ഡോ. ജി ഗോപകുമാർ വി ടി ബൽറാമിനെ നേരിട്ട് ബന്ധപ്പെട്ടപ്പോൾ, 'നിങ്ങളുടെ വികാരത്തെ മനസ്സിലാക്കുന്നു. കൂടുതൽ സംസാരിക്കാൻ താൽപര്യമില്ല' എന്ന മറുപടി നൽകി ഫോൺ കട്ട് ചെയ്തെന്നും ജി മധു പറഞ്ഞു. തലക്കെട്ടിൽ സംഘികൾ ഹിന്ദു ദൈവങ്ങളെ വക്രീകരിക്കുന്നത് എന്തിനാണ് എന്നെങ്കിലും കൊടുത്താൽ മതിയായിരുന്നുവെന്നും ബൽറാമിന്റെ പോസ്റ്റിന് എതിരായ പൊതുവികാരമാണ് താൻ പരാതിയിലൂടെ പ്രകടിപ്പിച്ചതെന്നും അഡ്വ.ജി.കെ.മധു ടെലിവിഷൻ ചാനലിനോട് പറഞ്ഞു.

അതേസമയം,ബൽറാമിന്റെ പോസ്റ്റിന് താഴെയും നിരവധി കോൺഗ്രസ് അനുഭാവികൾ പോസ്റ്റ് വേണ്ടിയിരുന്നില്ല എന്ന തരത്തിൽ കമന്റുകൾ ഇടുന്നുണ്ട്.