ന്യൂഡൽഹി: കോൺഗ്രസിനെ അടിമുടി ഉടച്ചുവാർക്കാൻ ലക്ഷ്യമിട്ടുള്ള ചർച്ചകളാകും രാജസ്ഥാനിലെ ഉദയ്പുരിൽ വെള്ളിയാഴ്ച ആരംഭിക്കുന്ന ചിന്തൻ ശിബിരത്തിൽ നടക്കുക. പലവിധത്തിലുള്ള ചർച്ചകളാകും ഈ പ്രമേയത്തിൽ നടക്കുക. ഒരാൾക്ക് ഒരു പദവി, ഒരു കുടുംബത്തിൽനിന്ന് ഒരു സ്ഥാനാർത്ഥി എന്നിവയടക്കമുള്ള നിർദേശങ്ങൾ ഉൾപ്പെടുത്തി കൊണ്ടുള്ള വിപ്ലവകരമായ തീരുമാനമാകും പാർട്ടി കൈക്കൊള്ളുക. ഇത് സംബന്ധിച്ച് വിശദമായ ചർച്ചകൾ ഇന്നലെ ചേർന്ന പ്രവർത്തക സമിതി യോഗത്തിലുണ്ടായി.

തിരഞ്ഞെടുപ്പുകളുടെ ഒരുക്കങ്ങൾക്കു മേൽനോട്ടം വഹിക്കാൻ ജനറൽ സെക്രട്ടറി പദവിയിൽ എഐസിസിയിൽ പുതിയ തസ്തിക സൃഷ്ടിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള വഴികൾ തേടി ഹൈക്കമാൻഡുമായി അടുത്തിടെ ചർച്ച നടത്തിയ രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ സമാന ആശയം മുന്നോട്ടുവച്ചിരുന്നു. പ്രിയങ്ക ഗാന്ധിയെയാണ് പദവിയിലേക്കു പ്രശാന്ത് ശുപാർശ ചെയ്തത്.

സംഘടനാകാര്യ പ്രമേയത്തിലെ പ്രധാന ശുപാർശകൾ ഇങ്ങനെയാണ്:

ദേശീയതലത്തിൽ രാഷ്ട്രീയകാര്യ സമിതി രൂപീകരിക്കണം, തിരഞ്ഞെടുപ്പ് പ്രവർത്തനം, സഖ്യങ്ങൾ സംബന്ധിച്ച തീരുമാനം എന്നിവയ്ക്കു മേൽനോട്ടം വഹിക്കാൻ ഏകോപന സമിതിയും വേണം. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ഉടൻ ആരംഭിക്കുക. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പാർട്ടി ദയനീയമായി തോറ്റ സീറ്റുകളിൽ സ്ഥാനാർത്ഥികളെ അടുത്ത വർഷം തന്നെ തീരുമാനിക്കുക.

പ്രവർത്തകരുടെയും ഭാരവാഹികളുടെയും പ്രവർത്തനം വിലയിരുത്താൻ മൊബൈൽ ആപ്, സംസ്ഥാനങ്ങളെ രണ്ടായി വിഭജിക്കുക കോൺഗ്രസിനു സംഘടനാപരമായി ശക്തിയുള്ളവ, പാർട്ടി വെല്ലുവിളി നേരിടുന്നവ, വെല്ലുവിളി നേരിടുന്ന സംസ്ഥാനങ്ങളിൽ താഴെത്തട്ടിൽ 50 100 സംഘടനാകാര്യ സെക്രട്ടറിമാരെ നിയമിക്കുക. പഞ്ചായത്ത് തലത്തിൽ പാർട്ടിയെ നയിക്കാൻ കെൽപുള്ള മികച്ച നേതാക്കളെ ഇവർ കണ്ടെത്തണം

എഐസിസി, ഡിസിസി ഭാരവാഹികൾക്കു നിശ്ചിത സേവന കാലാവധി നിശ്ചയിക്കുക എന്നതാണ് മറ്റൊരു നിർദ്ദേശം. എഐസിസി, പിസിസി ജനറൽ ബോഡി യോഗങ്ങൾ വർഷത്തിൽ 2 തവണ ചേരണമെന്നും നിർദേശിക്കുന്നു. പാർട്ടി പ്രത്യയശാസ്ത്രം പ്രവർത്തകരെ പഠിപ്പിക്കാൻ പരിശീലന കളരി കൊണ്ടുവരും

ബ്ലോക്ക്, ബൂത്ത്, ജില്ലാ, പിസിസി ഘടകങ്ങൾ തമ്മിലുള്ള ഏകോപനം ഉറപ്പാക്കാൻ സമിതികളും രൂപീകരിക്കും. സംഘടനാ തിരഞ്ഞെടുപ്പിലൂടെ പോഷക സംഘടനകൾ, പ്രവർത്തക സമിതി എന്നിവയിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുക്കുക. പാർട്ടി ഫണ്ട് സ്വരൂപിക്കാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തും.

സമൂഹത്തിലെ വിവിധ വിഭാഗങ്ങളിലെ ജനങ്ങൾ, ഉദ്യോഗസ്ഥർ എന്നിവരുമായി പാർട്ടി നിരന്തരം ആശയവിനിമയം നടത്തുക. ഇതിനു മേൽനോട്ടം വഹിക്കാൻ പ്രത്യേക സമിതിയും രൂപീകരിച്ചിട്ടുണ്ട്. ഉൾപാർട്ടി പ്രശ്‌നങ്ങൾ പൊതുസദസ്സിൽ ചർച്ച ചെയ്യുന്നതിനു വിലക്ക്. പർട്ടിയുടെ മീഡിയ വിഭാഗം അടിമുടി ഉടച്ചുവാർക്കണമെന്നും നിർേദശമുണ്ട്.

അതേസമയം പാർട്ടി നിർണായകമായ ഒരു ഘട്ടത്തിലേക്ക് കടക്കുമ്പോൾ നേതാക്കളും പ്രവർത്തകരും ഒറ്റക്കെട്ടായി നിന്ന് പാർട്ടിയെ വീണ്ടെടുക്കണം എന്ന് സോണിയ ഗാന്ധി ആഹ്വാനം ചെയ്തു. പാർട്ടി ആസ്ഥാനത്ത് ചേർന്ന പ്രവർത്തക സമിതി യോഗത്തിൽ സോണിയ പാർട്ടിയുടെ നിലവിലെ അവസ്ഥയേയും മുന്നോട്ടു പോക്കിനേയും കുറിച്ച് വിശദമായി സംസാരിച്ചു. മെയ് 13 മുതൽ 15 വരെ നടക്കുന്ന ചിന്തൻ ശിബിരം കോൺഗ്രസിന്റെ വലിയ യാത്രയുടെ തുടക്കമായിരിക്കുമെന്ന് നേതാക്കൾ യോഗത്തിന് ശേഷം വ്യക്തമാക്കി.

തിരിച്ചുവരവിനുള്ള ശ്രമങ്ങൾ സജീവമാക്കുകയാണ് കോൺഗ്രസ്. തിരഞ്ഞെടുപ്പിലെ വിജയം ആവശ്യമാണ്. പക്ഷേ അതിലേക്കുള്ള യാത്രയിലെ ആദ്യപടി മികച്ച സംഘടനാ സംവിധാനം കെട്ടിപ്പടുക്കലാണ് എന്ന് പാർട്ടി നേതൃത്വം വിലയിരുത്തുന്നു. അതിനുള്ള സജീവ ശ്രമങ്ങൾ ചിന്തൻ ശിബിരത്തിൽ ഉണ്ടാകും എന്ന ആത്മവിശ്വാസമാണ് പ്രവർത്തക സമിതി യോഗത്തിന് ശേഷം നേതാക്കൾ പ്രകടിപ്പിക്കുന്നത്.

തിരിച്ചുവരവിന് മാന്ത്രിക വിദ്യയോ കുറുക്കു വഴികളോ ഇല്ല എന്ന ചൂണ്ടിക്കാട്ടൽ സോണിയാ ഗാന്ധി പ്രവർത്തക സമിതി യോഗത്തിൽ നടത്തി. പ്രത്യയശാസ്ത്രപരമായും സംഘടനാപരമായുമുള്ള വെല്ലുവിളികളെ നേരിടാൻ കോൺഗ്രസിനെ പ്രാപ്തമാക്കുന്നതിനുള്ള വിളംബരമാകണം ചിന്തൻ ശിബിരമെന്നും സോണിയ നിർദേശിച്ചു.

രാജസ്ഥാനിലെ ഉദയ്പൂരിൽ നടക്കുന്ന ചിന്തൻ ശിബിരത്തിൽ 422 പ്രതിനിധികൾ ഉണ്ടാകും. 50 ശതമാനം പേർ 50 വയസ്സിന് താഴെയുള്ളവർ. 21 ശതമാനം സ്ത്രീകൾ. ആറ് സമിതികൾ സമർപ്പിച്ച റിപ്പോർട്ട് പരിഗണിച്ച് ചർച്ച നടത്തി മെയ് 15ന് ഉദയ്പൂർ പ്രഖ്യാപനം നടത്തും.