ന്യൂഡൽഹി: കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ പൂർണ്ണസമയ പ്രസിഡന്റ് വേണം എന്ന ആവശ്യം ഉയർത്താൻ വിമത വിഭാഗം ഒരുങ്ങുന്നു. പ്രധാന തീരുമാനങ്ങൾക്ക് കോർ ഗ്രൂപ്പ് രൂപീകരിക്കണമെന്നും വിമതർ യോഗത്തിൽ നിർദ്ദേശിക്കും.

സംഘടനാ തെരഞ്ഞെടുപ്പിന് എതിരല്ലെന്നാണ് കോൺഗ്രസ് കേന്ദ്ര നേതൃത്വം നൽകുന്ന വിശദീകരണം. ഞായറാഴ്ച ചേരുന്ന പ്രവർത്തക സമിതി ഇതിനുള്ള സമയക്രമം തീരുമാനിക്കുമെന്ന് ഉന്നതവൃത്തങ്ങൾ നൽകുന്ന സൂചന.

സംഘടന തെരഞ്ഞെടുപ്പിലൂടെ തീരുമാനിക്കാം എന്നാണ് എഐസിസി യോഗത്തിൽ നിർദ്ദേശമായി വരുക. തെരഞ്ഞെടുപ്പ് വൈകിക്കേണ്ടെന്നും അടുത്ത മാസം അംഗത്വം പുതുക്കൽ തുടങ്ങി അടുത്ത വർഷം ഓഗസ്റ്റോടെ പ്രവർത്തകസമിതി തെരഞ്ഞെടുപ്പ് നടക്കുന്ന രീതിയിൽ സമ്മേളനങ്ങൾ നിശ്ചയിക്കാം എന്നുമുള്ള നിർദ്ദേശമാണ് നേതൃത്വത്തിനുള്ളത്.

അതുവരെ സോണിയ ഗാന്ധി പ്രസിഡന്റായി തുടരട്ടെ എന്ന നിർദ്ദേശത്തെ വിമതരും എതിർക്കാനിടയില്ലെന്ന് നേതൃത്വം കരുതുന്നു. എന്നാൽ സംഘടന തെരഞ്ഞെടുപ്പ് നീണ്ടാൽ പാർട്ടിയിലെ തീരുമാനങ്ങൾ കൂട്ടായെടുക്കാൻ സംവിധാനം വേണം എന്ന് വിമതർ നിർദ്ദേശിക്കും. കനയ്യ കുമാറിനെകൊണ്ടു വന്നത് പോലുള്ള തീരുമാനങ്ങൾ കോർഗ്രൂപ്പ് കൈക്കൊള്ളണം എന്നാണ് വിമതഗ്രൂപ്പിന്റെ ആവശ്യം. ഗുലാംനബി ആസാദ്, പി ചിദംബരം തുടങ്ങിയവർ കൂടി ഉൾപ്പെട്ട കോർഗ്രൂപ്പിൽ തീരുമാനങ്ങൾ വരണം എന്നാണ് നിർദ്ദേശം. ഇത് ആരും തന്നിഷ്ടപ്രകാരം എടുക്കേണ്ട തീരുമാനം അല്ലെന്നും വിമതർ വാദിക്കുന്നു.

എന്നാൽ സംസ്ഥാന ഘടകങ്ങൾക്ക് ഇതിനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നാണ് നേതൃത്വത്തിന്റെ മറുവാദം. ഉത്തരാഖണ്ടിൽ മുതിർന്ന ബിജെപി നേതാവാണ് പാർട്ടിയിൽ വന്നത്. ഗുലാംനബി ആസാദ് പ്രവർത്തകസമിതി ആവശ്യപ്പെട്ട് കത്ത് നല്കിയപ്പോഴുള്ള സ്ഥിതി മാറിയതിന്റെ ആവേശത്തിലാണ് നേതൃത്വം. ലഖിംപുർ ഖേരി കൂട്ടക്കൊലയ്ക്കു ശേഷം പഞ്ചാബിൽ സ്ഥിതി മാറിയതും പ്രവർത്തകസമിതിയിൽ നേതൃത്വത്തിന് മേൽക്കൈ നല്കും. വിമതഗ്രൂപ്പ് കാര്യമായ എതിർപ്പുയർത്തിയാൽ തിരിച്ചടിക്കാനാണ് രാഹുലുമായി ചേർന്നു നില്ക്കുന്നവരും തയ്യാറെടുക്കുന്നത്.

പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് ജൂണിൽ നടത്താനായിരുന്നു നേരത്തെയുള്ള നീക്കം. സംഘടനാ തിരഞ്ഞെടുപ്പ് മെയ്‌ മാസത്തിൽ നടത്താനും കോൺഗ്രസ് പ്രവർത്തക സമിതി തീരുമാനിച്ചിരുന്നു. എന്നാൽ കോവിഡ് വ്യാപന പ്രതിസന്ധി ഉയർന്നതോടെ തീരുമാനം നീട്ടിവയ്ക്കുകയായിരുന്നു.

അനാരോഗ്യത്തെ തുടർന്ന് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് മാറാൻ സോണിയ ഗാന്ധി നേരത്തെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. വീണ്ടും രാഹുൽ ഗാന്ധിയെ തന്നെ അധ്യക്ഷനാക്കുമോ എന്ന കാര്യത്തിൽ കോൺഗ്രസിനുള്ളിൽ രണ്ട് അഭിപ്രായമുണ്ട്.

കോൺഗ്രസിലെ സംഘടനാ തിരഞ്ഞെടുപ്പ്, തിരഞ്ഞെടുപ്പിലൂടെ തന്നെ നടത്തണമെന്ന് ആവശ്യപ്പെട്ട് 23 നേതാക്കൾ നേരത്തെ സോണിയ ഗാന്ധിക്ക് കത്ത് അയച്ചിരുന്നു. പ്രവർത്തക സമിതി അംഗങ്ങൾ, കോൺഗ്രസ് പ്രസിഡന്റ്, കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി അംഗങ്ങൾ എന്നിവരെയും തിരഞ്ഞെടുപ്പിലൂടെ കണ്ടെത്തണമെന്നാണ് കത്തയച്ച നേതാക്കളുടെ ആവശ്യം. ഇതിനു പിന്നാലെയാണ് തിരുത്തൽവാദി ഗ്രൂപ്പിന് കോൺഗ്രസ് നേതൃത്വം അന്ന് വഴങ്ങിയത്.

2019 ലോക്സഭാ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെയാണ് രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതും സോണിയ ഗാന്ധി താൽക്കാലിക അധ്യക്ഷയായി സ്ഥാനം ഏറ്റെടുത്തതും. അധ്യക്ഷ സ്ഥാനത്ത് തുടരാൻ സോണിയ ഗാന്ധിക്ക് താൽപര്യമുണ്ടായിരുന്നില്ല. എന്നാൽ, പാർട്ടിയിൽ നിന്ന് സമ്മർദം ഏറിയതോടെ സ്ഥാനം ഏറ്റെടുക്കാൻ സോണിയ നിർബന്ധിതയായി. ആരോഗ്യപരമായ പ്രശ്‌നങ്ങൾ ഉള്ളതിനാൽ തൽസ്ഥാനത്ത് തുടരാൻ താൽപര്യമില്ലെന്ന് സോണിയ നേരത്തെ പാർട്ടിയെ അറിയിച്ചിരുന്നു.