തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തിരിച്ചടിക്ക് പിന്നാലെ യഥാർത്ഥകാരണം കണ്ടെത്താതെ നേതാക്കളെ പഴി ചാരുന്ന പരിപാടി കോൺഗ്രസിൽ തുടരുകയാണ്. നേതൃമാറ്റമാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. ഇതിന്റെ പേരിൽ സൈബർ യുദ്ധം തുടരുകയാണ്.എ ഗ്രൂപ്പ് നേതാക്കൾ ആര്യാടൻ മുഹമ്മദിന്റെ വീട്ടിൽ രഹസ്യയോഗം ചേർന്നതായാണ് ഒടുവിലത്തെ റിപ്പോർട്ട്. തിരുവനന്തപുരത്തെ വീട്ടിലാണ് യോഗം ചേർന്നത്. ബെന്നി ബെഹ്നാൻ, കെ ബാബു, എംഎം ഹസൻ, ഉമ്മൻ ചാണ്ടി എന്നിവർ യോഗത്തിൽ പങ്കെടുത്തതായാണ് വിവരം. എന്നാൽ അത്തരമൊരു ഗ്രൂപ്പ് യോഗം ചേർന്നിട്ടില്ലെന്ന് എംഎം ഹസനും കെ ബാബുവും പ്രതികരിച്ചു.

കോൺഗ്രസിനേറ്റ തിരിച്ചടിക്ക് ശേഷവും കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ രാജിവെക്കാത്തതിൽ ഹൈക്കമാന്റ് അതൃപ്തി അറിയിച്ചിരുന്നു. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കെ സുധാകരനേയും പ്രതിപക്ഷ നേതാവായി വിഡി സതീശനേയും ചുമതലപ്പെടുത്തണമെന്നാണ് ഉയരുന്ന പ്രധാന ആവശ്യം. ഇത്തരം ചർച്ചകൾക്കിടെയാണ് എഎ ഗ്രൂപ്പ് യോഗം.

അതേസമയം, പരാജയത്തിൽ ഏതെങ്കിലും വ്യക്തിയെ കുറ്റപ്പെടുത്തുന്നതിൽ അർഥമില്ലെന്ന് കോൺഗ്രസ് നേതാവ് കെ. സുധാകരൻ പ്രതികരിച്ചു. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവിന്റെ പ്രവർത്തനം ഭംഗിയായി നടത്തി. ഇനിയുള്ള നടപടികൾ സമയമെടുത്ത് ആലോചിച്ച് കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

'പരാജയത്തിന്റെ അടിസ്ഥാന കാരണം കണ്ടെത്തുക എന്നതാണ് അനിവാര്യം. പരാജയത്തിന് നിരവധി കാരണങ്ങളുണ്ട്. അവ കണ്ടെത്തി തിരുത്തുന്ന നടപടിയല്ലാതെ വ്യഗ്രതപ്പെട്ട് ഒരു നടപടി സ്വീകരിക്കുന്നത് ഗുണകരമാകില്ല. അതിന് അതിന്റേതായ സമയമെടുക്കും. രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ ചർച്ചചെയ്ത് ഹൈക്കമാൻഡുമായി ആലോചിച്ച് തീരുമാനിക്കുമെന്നും സുധാകരൻ പറഞ്ഞു.

നേതൃസ്ഥാനത്തിരിക്കുന്ന ആരും പാർട്ടി വിരുദ്ധ നടപടികൾ സ്വീകരിക്കും എന്ന് വിശ്വസിക്കാൻ സാധ്യമല്ല. പോരായ്മകൾ ഉണ്ടാകാം. അതൊന്നും മനപ്പൂർവമാണെന്ന് കരുതുന്നില്ല. കാര്യങ്ങൾ എല്ലാവരെയും ബോധ്യപ്പെടുത്തിക്കൊണ്ട് ഹൈക്കമാൻഡിന്റെ അനുവാദത്തോടെയുള്ള തീരുമാനം പ്രാവർത്തികമാക്കുന്നതാണ് കോൺഗ്രസിനു മുന്നണിക്കും നല്ലത്. സക്രിയമായ നേതൃത്വത്തെ കണ്ടെത്താൻ പാർട്ടിക്ക് സാധിക്കണമെന്നും സുധാകരൻ പറഞ്ഞു.

ഈ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയ സാഹചര്യം സിപിഎമ്മിന് അനുകൂലമായിരുന്നു. ശക്തിപ്രാപിച്ചുവരുന്ന കോവിഡ് ഇടതുപക്ഷത്തിന് അനുഗ്രഹമായി മാറി എന്നതാണ് യാഥാർഥ്യം. കോൺഗ്രസ് പ്രവർത്തകർക്ക് ഇറങ്ങി പ്രവർത്തിക്കാനുള്ള സാഹചര്യം കോവിഡ് ഇല്ലാതാക്കി. സിപിഎമ്മിന് ഇതിന് ബദൽ സംവിധാനം ഉണ്ടാക്കാൻ സാധിച്ചു. ഭരണകക്ഷിയായതുകൊണ്ടുതന്നെ അവർക്ക് കൊടുക്കാൻ സാധിക്കുന്നതുപോലെ, അവർക്ക് കൈത്താങ്ങാകാൻ സാധിക്കുന്നതുപോലെ മറ്റാർക്കും സാധിക്കില്ല. അവരുടെ സാന്നിധ്യം, ആളുകൾക്ക് നൽകിയ ആശ്വാസം ഇതൊക്കെ അവരുടെ വിജയത്തിന് കാരണങ്ങളാണെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.

പരാജയത്തിന്റെ ഉത്തരവാദിത്വം ഏതെങ്കിലും വ്യക്തിയിലേക്ക് കെട്ടിവെക്കുന്നതിൽ അർഥമില്ല. കുറേ കാലമായി പാർട്ടിക്കകത്തും സംഘടനാ രംഗത്തുമുള്ള പോരായ്മയുടെ ഫലമാണ് അത്. അതിന് ഒരു വ്യക്തിയെ വിമർശിക്കുന്നതിൽ എന്തുകാര്യം. പൂർണമായ തലമുറമാറ്റമല്ല വേണ്ടത്. പരിചയമ്പന്നരായ നേതാക്കളും പുതിയ നേതാക്കളും സംഘടനാ തലപ്പത്ത് വേണമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ പ്രവർത്തനം ഭംഗിയായി നടത്തിയ ആളാണ് രമേശ് ചെന്നിത്തല. അദ്ദേഹത്തിനെതിരെ മറിച്ച് ഒരു പരാതിയും ഉണ്ടായിട്ടില്ല. എന്നാൽ അദ്ദേഹത്തിന്റെ പ്രവർത്തനം ഉപയോഗപ്പെടുത്താൻ സാധിച്ചില്ല എന്നതാണ് രാഷ്ട്രീയ പരാജയം, സുധാകരൻ പറഞ്ഞു.

അതേസമയം, പ്രതിപക്ഷ സ്ഥാനത്തേക്ക് ആര് എത്തുമെന്ന ചർച്ചയിൽ എംപി സ്ഥാനം രാജിവെച്ച് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരികെത്തിയ പികെ കുഞ്ഞാലിക്കുട്ടിയുൾപ്പെടെയുള്ള ലീഗ് നേതാക്കളുടെ അഭിപ്രായം ഈ ഘട്ടത്തിൽ നിർണായകമാണ്. 15 സീറ്റുകളിൽ വിജയിച്ച ലീഗിന്റെ അഭിപ്രായം മാനിക്കാതെ കോൺഗ്രസിന് തീരുമാനമെടുക്കാനാവില്ല. ലീഗിനും തെരഞ്ഞെടുപ്പിൽ ക്ഷീണം സംഭവിച്ചു കഴിഞ്ഞ സ്ഥിതിക്ക് പ്രതിപക്ഷ നേതാവിന്റെ റോൾ പ്രധാനപ്പെട്ടതാണ്. കെ. സുധാകരൻ നേതൃത്വത്തിലേക്ക് വന്നാൽ അദ്ദേഹത്തിന്റെ കൂടെ നിൽക്കുന്നവരെ പരിഗണിക്കേണ്ടിവരും.

കടപ്പാട്: മാതൃഭൂമി ന്യൂസ്‌