കൊച്ചി: ഇന്ധനവില വർദ്ധനവിനെതിരായ കോൺഗ്രസിന്റെ ഉപരോധ സമരത്തിനിടെ ഉണ്ടായ തർക്കവും നടൻ ജോജു ജോർജിന്റെ പ്രതിഷേധവും സംഘർഷവും വിവാദങ്ങളായതിന് പിന്നാലെ ജോജുവിന്റെ വൈദ്യപരിശോധന ഫലം പുറത്തുവന്നു. നടൻ ജോജു ജോർജ് മദ്യപിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

ആശുപത്രിയിൽ നടത്തിയ വൈദ്യപരിശോധനയിലാണ് ജോജു മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞത്. ഇതോടെ കോൺഗ്രസ് നേതാക്കൾ ജോജുവിനെതിരേ ഉന്നയിച്ച പ്രധാന ആരോപണം കളവെന്ന് വ്യക്തമായി. 

ജോജു മദ്യലഹരിയിലാണ് സമരക്കാർക്കെതിരേ തിരിഞ്ഞതെന്നായിരുന്നു കോൺഗ്രസ് നേതാക്കളുടെ ആരോപിച്ചത്. തുടർന്നാണ് നടന്റെ വൈദ്യപരിശോധന നടത്തിയത്. ഇതോടെ സ്ത്രീകൾക്ക് നേരെ അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ട കേസ് മാത്രമായിരിക്കും നടന് നേരെ ഉണ്ടാവുക. ഉപരോധ സമരത്തിനെതിരേ ജോജു ജോർജ് നടത്തിയ പ്രതിഷേധം സിനിമയിലേത് പോലുള്ള ഷോ യെന്നാണ് കോൺഗ്രസ് ആരോപണം. കോൺഗ്രസ് ജില്ലാ അധ്യക്ഷൻ ഷിയാസ് ആണ് ജോജുവിനെതിരെ രൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ചത്.

മദ്യപിച്ചാണ് ജോജു ജോർജ് പ്രതികരിച്ചത്. വനിതാ പ്രവർത്തകെ ഉൾപ്പെടെ അധിക്ഷേപിക്കുന്ന നിലയുണ്ടായി. ഇത്തരത്തിൽ നടത്തിയ പ്രതിഷേധം വെറും ഷോ മാത്രമാണ് എന്നും കോൺഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തി.

ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമരം എന്ന് ആരോപിച്ചായിരുന്നു ജോജു ജോർജ് സമരക്കാർക്ക് എതിരെ തിരിഞ്ഞത്. റോഡ് ബ്ലോക്ക് ചെയ്തുകൊണ്ടാണ് കോൺഗ്രസ് പ്രതിഷേധം നടത്തിയത്. ഇടപ്പള്ളിക്ക് സമീപമാണ് പ്രതിഷേധം ഉയർത്തിയത്.മണിക്കൂറുകളായി ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ് സമരത്തിലൂടെ ചെയ്യുന്നത്. അതിനാലാണ് താൻ സ്വരം ഉയർത്തിയത്. രണ്ട് മണിക്കൂറോളമായി ആളുകൾ കഷ്ടപ്പെടുകയാണെന്നും താൻ ഷോ കാണിക്കാൻ വന്നതല്ലെന്നും ജോജു മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

ഒരു സിനിമാ നടൻ എന്ന നിലയിലല്ല താൻ പ്രതികരിച്ചതെന്നും റോഡ് തടഞ്ഞത് ബുദ്ധിമുട്ടായപ്പോൾ സംസാരിച്ചതാണെന്നും ഇതിന്റെ പേരിൽ എന്ത് പ്രശ്‌നം വന്നാലും നേരിടുമെന്നും ജോജു ജോർജ് പറഞ്ഞു. താൻ മദ്യപിച്ചിട്ടില്ലെന്നും ജോജു ജോർജ് പറഞ്ഞു.

'ഇത് ഒരു രാഷ്ട്രീയ പാർട്ടിക്കും വേണ്ടി ചെയ്തതല്ല. എന്റെ വണ്ടിയുടെ അപ്പുറത്തുണ്ടായിരുന്നത് കീമോയിന് കൊണ്ടു പേവേണ്ട ഒരു രോഗിയാണ്. കേരളത്തിൽ ഹൈക്കോടതി വിധി പ്രകാരം പൂർണമായും റോഡ് ഉപരോധിക്കരുതെന്ന് നിയമമുണ്ട്. ഇവിടെ ഈ വിഷയം നടന്നപ്പോൾ ഞാനവിടെ പോയി പറഞ്ഞത് ഇത് പോക്കിരിത്തരമാണെന്നാണ്. ഞാൻ കേരളത്തിലെ മുഴുവൻ കോൺഗ്രസിനെതിരെയുമല്ല പറഞ്ഞത്. അവർ ആരോപിച്ചത് ഞാൻ മദ്യപിച്ചിരുന്നെന്നാണ്. ശരിയാണ്, ഞാൻ മദ്യപിക്കുന്നന്ന ആളാണ്. പക്ഷെ ഇപ്പോൾ ഞാൻ മദ്യപിച്ചിട്ടില്ല.

ഏറ്റവും വിഷമമുള്ള കാര്യമെന്തെന്നാൽ എന്റെ അമ്മയെയും അച്ഛനെയും പച്ചത്തെറി വിളിച്ചത് മൂന്ന് നാല് പ്രധാന നേതാക്കളാണ്. അവർക്കൈന്ന തെറി വിളിക്കാം. കാരണം ഞാനവരോട് സംസാരിച്ചത്. പക്ഷെ എന്റെ അപ്പനും അമ്മയും എന്ത് ചെയ്തു.

ഞാൻ സിനിമാ നടനാണെന്നുള്ളത് വിടുക. സിനിമ നടനായതുകൊണ്ട് പറയാൻ പാടില്ലെന്നുണ്ടോ. ഞാൻ സഹികെട്ടാണ് പോയി പറഞ്ഞത്. ഈ വിഷയം രാഷ്ട്രീയവൽക്കരിക്കരുത്. കാരണം എനിക്കിത് ഷോയല്ല. ഷോ കാണാക്കാനാണ് സിനിമാ നടനായത്. ഇതിന്റെ പേരിൽ ഒരു ചാനലും എന്നെ വിളിക്കരുത്. മീഡിയ പരിപാടികൾക്കോ രാഷ്ട്രീയ എതിർപ്പ് കാണിക്കാനോ ഞാനില്ല. എന്നെ സ്വസ്ഥമായി വിടണം.

ഇത് ആ റോഡ് ഉപരോധിച്ചവരോട് ഞാൻ കാണിച്ച എന്റെ പ്രതിഷേധമാണ്. അതിനെ അംഗീകരിക്കേണ്ടവർക്ക് അംഗീകരിക്കാം. ഞാനിതിനെ നേരിടേണ്ട രീതിയിൽ നേരിടും. എനിക്കിതിനെക്കുറിച്ച് ഒരു പേടിയുമില്ല. എന്നെ ഉപദ്രവിച്ചതിനും എന്റെ വണ്ടി തല്ലിപ്പൊളിച്ചതിനും ഞാൻ കേസ് കൊടുക്കും. ഇതൊരിക്കലും കേരളത്തിലെ മുഴുവൻ കോൺഗ്രസ് പ്രവർത്തകരും ഏറ്റെടുക്കേണ്ട കാര്യമില്ല. കാരണം എന്റെ അമ്മ കോൺഗ്രസുകാരിയാണ്. ഇത് കുറച്ച് വ്യക്തികളുമായിട്ടുണ്ടായ പ്രശ്നമാണ്' ജോജു പറഞ്ഞു.

സമരത്തിനെതിരേ രോഷാകുലനായി പ്രതിഷേധിച്ചതിന് പിന്നാലെയാണ് ജോജുവിന്റെ ലാൻഡ് റോവർ ഡിഫൻഡർ വാഹനത്തിന് നേരേ ആക്രമണമുണ്ടായത്. കോൺഗ്രസ് പ്രവർത്തകർ നടനെ ആക്രമിക്കാനും ശ്രമിച്ചു. തുടർന്ന് പൊലീസെത്തിയാണ് ജോജുവിനെ സംഭവസ്ഥലത്തുനിന്ന് കൊണ്ടുപോയത്.

മുൻകൂട്ടി പൊലീസിനെയും അധികാരികളെയും അറിയിച്ചാണ് സമരം നടത്തിയത്. ജോജു ജോർജിന്റെ വാഹനത്തിൽ മദ്യക്കുപ്പികൾ ഉണ്ടായിരുന്നു. അത് പൊലീസിന് കാട്ടിക്കൊടുത്തു. ജോജു ജോർജിനെതിരേ പരാതി നൽകും. വാഹനം തകർത്തതിൽ കോൺഗ്രസിന് പങ്കില്ല. അത് സമരത്തിന് പിന്തുണയർപ്പിച്ച് എത്തിയ ആരോ ചെയ്തതാണ്. വഴിപോക്കരാണ് വാഹനം തകർത്തതെന്നും എറണാകുളം ഡി.സി.സി അധ്യക്ഷൻ മുഹമ്മദ് റിയാസ് പ്രതികരിച്ചിരുന്നു.

കോൺഗ്രസ് പ്രതിഷേധത്തിൽ നടൻ ജോജു ജോർജ്ജ് സ്വീകരിച്ച സമീപം ഖേദകരമാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ നേരത്തെ പ്രതികരിച്ചിരുന്നു. ജോജു വിളിച്ച് പറയുന്ന അസഭ്യം മാധ്യമങ്ങളിൽ കാണാം. മുണ്ട് മാടി കെട്ടി ഒരു തറ ഗുണ്ടയെ പോലെയാണ് ജോജു പെരുമാറിയതെന്ന് കെ സുധാകരൻ പറഞ്ഞു. വനിതാ കോൺഗ്രസ് പ്രവർത്തകരെ അസഭ്യം പറഞ്ഞ സംഭവത്തിൽ പരാതി നൽകും. എന്നിട്ടും നടപടിയുണ്ടായിട്ടില്ലെങ്കിൽ നാളെ കേരളം അതിരൂക്ഷമായ സമരത്തെ കാണേണ്ടി വരുമെന്ന് സുധാകരൻ സർക്കാരിനെ ഓർമ്മിപ്പിച്ചു.

ജോജു വിളിച്ച് പറയുന്ന അസഭ്യം മാധ്യമങ്ങളിൽ കാണാം. മുണ്ട് മാടി കെട്ടി ഒരു തറ ഗുണ്ടയെ പോലെ പെരുമാറുന്നു. പ്രത്യേകിച്ചും സ്ത്രീകളോട്. പൊലീസ് നടപടി സ്വീകരിക്കണം.
വാഹനം തകർക്കാനുള്ള അവസരം ഉണ്ടാക്കിയത് ജോജു തന്നെയാണ്. അദ്ദേഹം സമരക്കാർക്കെതിരെ ചീറിപാഞ്ഞതുകൊണ്ടാണ്. മറ്റേതെങ്കിലും വാഹനം തല്ലി തകർത്തോ. പ്രതിഷേധക്കാർക്കെതിരെ അക്രമം കാട്ടിയ അക്രമിയുടെ കാർ തല്ലിതകർത്തെങ്കിൽ അത് ജനരോക്ഷത്തിന്റെ ഭാഗമാണ്. സ്വാഭാവികമായ പ്രക്രിയയാണെന്നും കെ സുധാകരൻ പ്രതികരിച്ചു.

അതേ സമയം വഴി തടയൽ സമര രീതിയോട് താൻ വ്യക്തിപരമായി എതിരാണെന്ന് വ്യക്തമാക്കിയാണ് വി ഡി സതീശൻ രംഗത്തെത്തിയത്. കൊച്ചിയിലെ പ്രതിഷേധ സമര സ്ഥലത്ത് എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുമെന്നും സതീശൻ അറിയിച്ചു.

''ദിവസേനെ ഇന്ധന വില വർധിക്കുന്ന സാഹചര്യത്തിൽ വില വർദ്ധനയ്‌ക്കെതിരെ ശക്തമായ സമരം വേണമെന്ന സമ്മർദ്ദം ജനങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു. അതിന്റെ ഭാഗമായിരുന്നു കൊച്ചിയിൽ നടന്ന സമരം.'' എന്നാൽ വഴി തടയൽ സമരത്തിന് താൻ വ്യക്തിപരമായി എതിരാണെന്നും സതീശൻ വിശദീകരിച്ചു.

നികുതി അടക്കാനുള്ള പൗരനെന്ന നിലയിൽ പ്രതികരിക്കാനുള്ള അധികാരം നടൻ ജോജു ജോർജ്ജിനും ഉണ്ടെന്ന് ഹൈബി ഈഡൻ എംപി. എന്നാൽ മോദി- പിണറായി കൂട്ടുകെട്ടിൽ രാജ്യത്തും സംസ്ഥാനത്തും വർധിക്കുന്ന ഇന്ധനവിലയിൽ പ്രതിഷേധിക്കേണ്ടത് അനിവാര്യതയാണെന്നും ഹൈബി പ്രതികരിച്ചു. ജോജു ജോർജിന്റെ സമരമാണ് മാധ്യമങ്ങളിൽ കണ്ടത്.

നികുതി അടക്കാനുള്ള പൗരനെന്ന നിലയിൽ പ്രതികരിക്കാനുള്ള അധികാരം അദ്ദേഹത്തിനുണ്ട്. എന്നാൽ ലക്ഷക്കണക്കിനാളുകളുടെ പ്രയാസവും പ്രശ്നവുമാണ് കോൺഗ്രസ് ഉയർത്തികാട്ടിയത്. മോദി-പിണറായി കൂട്ടുകെട്ടിൽ ഇന്ന് പെട്രോൾ വില 110 കടന്നു. ഇതിൽ സംസ്ഥാന- കേന്ദ്ര സർക്കാരുകൾക്ക് വലിയ പങ്കുണ്ട്. ജനജീവിതം തടസ്സപ്പെട്ടെങ്കിൽ അതിനേയും അംഗീകരിക്കില്ല. പാർലമെന്റിലും വിഷയം അവതരിപ്പിച്ചിട്ടുണ്ടെന്ന് ഹൈബി ഈഡൻ പ്രതികരിച്ചു.