ന്യൂഡൽഹി: ഓമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുതിർന്നവർക്ക് വാക്സിൻ മൂന്നാം ഡോസ് നൽകുന്ന കാര്യം പരിഗണനയിൽ. 40 വയസ്സിനും അതിനു മുകളിലും പ്രായമുള്ളവർക്ക് കോവിഡ് 19 പ്രതിരോധ വാക്സിന്റെ ബൂസ്റ്റർ ഡോസ് നൽകുന്ന കാര്യം പരിഗണിക്കണമെന്ന് ഇന്ത്യൻ സാർസ് കൊവ് 2 ജെനോമിക്സ് കൺസോർഷ്യം(ഐ.എൻ.എസ്.എ.സി.ഒ.ജി.) കേന്ദ്രസർക്കാരിന് ശുപാർശ നൽകി.

കൊറോണ വൈറസിന്റെ ജനിതക വ്യതിയാനങ്ങളെ കുറിച്ച് പഠിക്കുന്ന 28 ലാബോട്ടറികളുടെ കൺസോർഷ്യമാണ് ഐ.എൻ.എസ്.എ.സി.ഒ.ജി. കൊറോണ വൈറസിന്റെ ഏറ്റവും പുതിയ വകഭേദം ഒമിക്രോൺ ആശങ്ക സൃഷ്ടിക്കുന്ന പശ്ചാത്തലത്തിലാണ് ഐ.എൻ.എസ്.എ.സി.ഒ.ജിയുടെ ശുപാർശ. രാജ്യത്ത് ഇതുവരെ രണ്ടുപേർക്കാണ് ഓമിക്രോൺ സ്ഥിരീകരിച്ചിട്ടുള്ളത്.

ഇതുവരെ വാക്സിൻ സ്വീകരിക്കാത്തതും എന്നാൽ ജാഗ്രത പാലിക്കേണ്ടവരും ഉൾപ്പെട്ട വിഭാഗത്തിന് വാക്സിൻ നൽകുക, നാൽപ്പതു വയസ്സിനും അതിനു മുകളിലും പ്രായമുള്ളവർക്ക് ബൂസ്റ്റർ ഡോസ് നൽകുക എന്നീ ശുപാർശകളാണ് സർക്കാരിന് മുന്നിൽ സമർപ്പിച്ചിട്ടുള്ളത്.

രോഗം ഗുരുതരമാകുന്നതിനെ തടഞ്ഞേക്കുമെങ്കിലും ഇതിനകം സ്വീകരിച്ച വാക്സിനുകളിൽനിന്നുള്ള, കുറഞ്ഞ അളവിലുള്ള ന്യൂട്രലൈസിങ് ആന്റിബോഡികൾക്ക് ഒമിക്രോണിനെ പ്രതിരോധിക്കാൻ സാധിച്ചേക്കില്ല. അതിനാൽ രോഗബാധിതരാകാൻ കൂടുതൽ സാധ്യതയുള്ളവരെയും രോഗബാധിതരുമായി അടുത്ത സമ്പർക്കം പുലർത്തുന്നവർക്കും വേണം പ്രഥമ പരിഗണന നൽകാനെന്നും കൺസോർഷ്യം പ്രതിവാര ബുള്ളറ്റിനിൽ വ്യക്തമാക്കി.

ഓമിക്രോൺ സാന്നിധ്യം നേരത്തെ കണ്ടെത്തുന്നതിന് ജീനോമിക് സർവൈലൻസ് നിർണായകമാണെന്നും കൺസോർഷ്യം വിലയിരുത്തി. ഓമിക്രോൺ സ്ഥിരീകരിച്ച സ്ഥലങ്ങളിൽനിന്നും അവിടേക്കുമുള്ള യാത്രകൾ, ഒമിക്രോൺ ബാധിത മേഖലകളുമായി ബന്ധമുള്ള കോവിഡ് പോസിറ്റീവ് വ്യക്തികളുടെ സമ്പർക്കപ്പട്ടികയിലുള്ളവരെ കണ്ടെത്തൽ എന്നിവ ശക്തിപ്പെടുത്തണമെന്നും കൺസോർഷ്യം നിർദ്ദേശിച്ചു. കൂടാതെ പരിശോധനകൾ ശക്തിപ്പെടുത്തണമെന്നും കൺസോർഷ്യം പ്രതിവാര ബുള്ളറ്റിനിൽ വ്യക്തമാക്കി.

ബൂസ്റ്റർ ഡോസ് നൽകുന്ന കാര്യത്തിൽ ദേശീയ സാങ്കേതികസമിതി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ശുപാർശ നൽകാൻ തീരുമാനിച്ചിരുന്നു. വൈറസിന്റെ വകഭേദത്തെ പ്രതിരോധിക്കാൻ ബൂസ്റ്റർ ഡോസിന് സാധിക്കുമെന്നാണ് കരുതുന്നത്. രോഗത്തിന്റെ തീവ്രതയും മരണവും തടയുന്നതിന് ബൂസ്റ്റർ ഡോസ് സഹായകരമാവും. രണ്ടുഡോസുകളിലൂടെ ലഭിച്ച പ്രതിരോധശേഷി മറ്റുരോഗങ്ങൾ ഉള്ളവരിലും പ്രായമേറിയവരിലും മാസങ്ങൾ പിന്നിടുമ്പോൾ കുറഞ്ഞുവരും. ഈ പശ്ചാത്തലത്തിലാണ് ബൂസ്റ്റർ ഡോസ് സംബന്ധിച്ച നിർദ്ദേശം മുന്നോട്ട് വെച്ചിരിക്കുന്നത്.

പതിനെട്ടു വയസിൽ താഴെയുള്ള കുട്ടികൾക്ക് വാക്സിൻ നൽകാനുള്ള അന്തിമതീരുമാനവും കേന്ദ്രം ഉടനെ എടുത്തേക്കും. കുട്ടികൾക്ക് വാക്സിൻ നൽകാൻ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെങ്കിലും എന്നു തുടങ്ങണമെന്ന് തീരുമാനിച്ചിട്ടില്ല. രോഗമുള്ള കുട്ടികൾക്കും പ്രതിരോധശേഷി കുറഞ്ഞവർക്കുമാണ് മുൻഗണന നൽകുക.

എന്നാൽ ഓമിക്രോണിനെ നേരിടാൻ മൂന്നാംഡോസ് നൽകണമെന്ന് ലോകാരോഗ്യ സംഘടന ഔദ്യോഗികമായി തീരുമാനിച്ചിട്ടില്ല. ഡിസംബർ ഏഴിന് ഇതുമായി ബന്ധപ്പെട്ട് ഡബ്ല്യൂഎച്ച്ഒയുടെ ഉപദേശകസമിതി യോഗംചേരുന്നുണ്ട്. ഇതിനുശേഷം മാത്രമേ അന്തിമ തീരുമാനം കൈക്കൊള്ളുകയുള്ളൂ.

ചില പ്രായവിഭാഗത്തിൽപ്പെട്ടവർക്ക് ബൂസ്റ്റർ ഡോസുകൾ നൽകുന്ന കാര്യത്തിൽ അമേരിക്കയും ബ്രിട്ടനും ഇതിനകം തന്നെ തീരുമാനം കൈക്കൊണ്ടു കഴിഞ്ഞു. രോഗത്തിൽനിന്നുള്ള മികച്ച സംരക്ഷണത്തിന്, പ്രായപൂർത്തിയായതും വാക്സിന്റെ രണ്ടു ഡോസും സ്വീകരിച്ചതുമായ വ്യക്തികൾ ബൂസ്റ്റർ ഡോസ് എടുക്കണമെന്ന് അമേരിക്കയിലെ പ്രമുഖ പകർച്ചവ്യാധി വിദഗ്ധൻ ആന്റണി ഫൗസി കഴിഞ്ഞദിവസം പറഞ്ഞിരുന്നു.