വടക്കഞ്ചേരി: കനത്ത മഴയെ അവഗണിച്ചും കുതിരാനിലെ രണ്ടാം തുരങ്കത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നു. ജൂലൈ 31-ന് തൃശൂർ ഭാഗത്തേക്കുള്ള തുരങ്കം ഗതാഗതത്തിന് തുറന്നുകൊടുത്തശേഷം മുഴുവൻ തൊഴിലാളികളെയും വിന്യസിച്ചാണ് രണ്ടാം തുരങ്കത്തിന്റെ പണി നടത്തുന്നത്.എറണാകുളത്തുനിന്ന് എത്തിച്ച കൂറ്റൻ ക്രെയിൻ ഉപയോഗിച്ചുള്ള പണിയാണ് ഇപ്പോൾ പുരോഗമിക്കുന്നത്.

മണ്ണിടിയാതിരിക്കാൻ ഇരുമ്പുവല വിരിച്ച് സിമന്റ് മിശ്രിതംകൊണ്ട് ബലപ്പെടുത്തൽ വലത് തുരങ്കത്തിന് മുകളിലും നടത്തുന്നുണ്ട്. തുരങ്കത്തിനു മുകളിലെ മലയിലെ പണിയാണ് പ്രധാനമായും ക്രെയിൻ ഉപയോഗിച്ച് ചെയ്യുന്നത്. തുരങ്കത്തിലെ ജോലികളും നടന്നുവരുന്നുണ്ട്.ഡിസംബറിൽ തുരങ്കം ഗതാഗതത്തിന് തുറക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് കരാർ കമ്പനി അധികൃതർ അറിയിച്ചു.

തുരങ്കത്തിനുള്ളിൽ റോഡ്, അഴുക്കുചാൽ, നടപ്പാത എന്നിവയുടെ നിർമ്മാണം, വൈദ്യുതീകരണം, ക്യാമറ, എക്സോസ്റ്റ് ഫാൻ, ലൈറ്റുകൾ തുടങ്ങിയവ സ്ഥാപിക്കലും നടത്താനുണ്ട്. വർഷങ്ങളായി നിർമ്മാണം നിലച്ച കുതിരാൻ തുരങ്കത്തിന്റെ നിർമ്മാണത്തിന് സംസ്ഥാന സർക്കാരിന്റെ ഇടപെടലിനെത്തുടർന്നാണ് വേഗം കൈവന്നത്.