ന്യൂഡൽഹി: മലയാള ഭാഷയോടുള്ള അവഗണന പലപ്പോഴും ചർച്ചയായിട്ടുണ്ട്. പല വേദികളിൽ. എന്നാൽ ഇന്ന് രാജ്യതലസ്ഥാനം കണ്ടത് സമാനതകളില്ലാത്ത ഒരു പോരാട്ടത്തിനാണ്. മലയാളത്തിനായി ഒന്നിച്ചു നിൽക്കുന്ന, ശബ്ദമുയർത്തുന്ന മലയാളിയെ... അതിന് മുന്നിൽ നിന്നതാകട്ടെ, ലോകമെങ്ങും അഭിമാനകരമായ സേവനം നൽകുന്ന കേരളത്തിൽ നിന്നുള്ള നഴ്‌സ് സമൂഹവും. പെൺകരുത്തിന്റെ പോരാട്ടവീര്യത്തിന് പിന്തുണയുമായി രാഷ്ട്രീയക്കാരും സാമൂഹിക പ്രവർത്തകരും പിന്നിൽ അണിനിരന്നപ്പോൾ പത്തിമടക്കിയത് രാജ്യ തലസ്ഥാനത്തെ പ്രമുഖ ആശുപത്രി അധികൃതരും.

ഡൽഹി സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ജി.ബി പന്ത് ആശുപത്രിയിലാണ് ഭാഷയുടെ പേരിലുള്ള വിവേചനം മലയാളി നഴ്സുമാർക്ക് നേരെയുണ്ടായത്. തങ്ങളുടെ മാതൃഭാഷയായ മലയാളം ആശുപത്രിയിൽ തമ്മിൽ സംസാരിക്കരുത് എന്നായിരുന്നു അധികൃതരുടെ ഉത്തരവ്. ഇന്ത്യയിലെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ളവർ ജോലി ചെയ്യുന്നുണ്ട്. അവർ പരസ്പരം തങ്ങളുടെ മാതൃഭാഷയാണ് സംസാരിക്കാറുള്ളത്. ഈ സാഹചര്യത്തിലാണ് മലയാളി നഴ്‌സുമാരോട് ഭാഷയുടെ പേരിൽ വിവേചനം.

ശനിയാഴ്ച വൈകിട്ടാണ് ജി.ബി പന്ത് ആശുപത്രിയിൽ നഴ്സുമാർ മലയാളം സംസാരികരുതെന്ന സർക്കുലർ ആക്ടിങ് നഴ്‌സിങ് സൂപ്രണ്ട് ഇറക്കിയത്. പരസ്പരമുള്ള ആശയ വിനിമയത്തിന് ഹിന്ദി അല്ലെങ്കിൽ ഇംഗ്ലീഷ് ഉപയോഗിച്ചില്ലെങ്കിൽ കടുത്ത നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പും സർക്കുലറിൽ ഉണ്ടായിരുന്നു. ഡൽഹി സെക്രട്ടറിയേറ്റിൽ ആരോ പരാതി നൽകിയതാണ് ഈ വിവാദ ഉത്തരവിറക്കാൻ കാരണമെന്നാണ് നഴ്സുമാർക്ക് കിട്ടിയ വിവരം. മലയാളികളായ നഴ്‌സുമാർ തമ്മിൽ മലയാളം സംസാരിച്ചതാണ് പരാതിക്ക് കാരണമായി പറയുന്നത്. എന്നാൽ ആരാണ് പരാതി നൽകിയതെന്ന് വ്യക്തമല്ല.

1000- ഓളം നഴ്സുമാരാണ് പന്ത് ആശുപത്രിയിൽ ജോലി ചെയ്യുന്നത്. ഇതിൽ 500 ലധികം പേർ മലയാളികളാണ്. 1991 മുതൽ ആശുപത്രിയിലെ 50 ശതമാനം സ്റ്റാഫും മലയാളികളാണ്. കോവിഡ് സംഹാരതാണ്ഡവമാടിയ ഡൽഹി ആശ്വാസ തീരത്തേക്ക് നടന്നടുക്കുന്നതേയുള്ളു. അതിൽ ഈ നഴ്സുമാരുടെ പങ്ക് വിസ്മരിക്കാനാകില്ല. പക്ഷേ അത് മറന്നു തുടങ്ങിയെന്നാണ് ജി.ബി പന്തിലെ സർക്കുലർ പറഞ്ഞുവയ്ക്കുന്നത്. ഭാഷാ വിവേചനത്തോട് നഴ്സിങ് സമൂഹം നിശബ്ദത പാലിച്ചില്ല. പന്തിലെ നഴ്സുമാർ ഒന്നിച്ച് പ്രതിഷേധവുമായി ഇറങ്ങി. ഡൽഹിയിലെ നഴ്സിങ്ങ് സമൂഹം ഒന്നിച്ച് ആ പ്രതിഷേധത്തിനൊപ്പം നിന്നു. അവർക്ക് പിന്തുണയുമായി രാഷ്ട്രീയ നേതൃത്വവും രംഗത്തെത്തി

ഭാഷാപരമായ വ്യത്യാസത്തിന്റെ പേരിൽ ഉള്ള വിവേചനം അംഗീകരിക്കാൻ ആകില്ലെന്ന് കേരളത്തിൽ നിന്നുള്ള എംപി കൂടിയായ രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. മനുഷ്യാവകാശത്തിനു മേലുള്ള കടന്നു കയറ്റമെന്നാണ് പന്തിന്റെ നടപടിയോട് ശശി തരൂർ എംപി പ്രതികരിച്ചത്.

കെ.സി വേണുഗോപാൽ, വി ശിവദാസൻ, എളമരം കരീം, തോമസ് ചാഴിക്കാടൻ എംപി എന്നിവരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി വേണമെന്ന് എംപിമാർ ഡൽഹി മുഖ്യമന്ത്രിയോട് ആവശ്യപ്പെടുകയും ചെയ്തു. പ്രതിഷേധം ശക്തമായതോടെ വിവാദ സർക്കുലർ പിൻവലിച്ചു. ആരാണ് സർക്കുലർ ഇറക്കിയതെന്നത് ഉൾപ്പടെയുടെ കാര്യങ്ങൾ വ്യക്തമാക്കി റിപ്പോർട്ട് നൽകാൻ ഡൽഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിൻ ആവശ്യപ്പെട്ടു. മെഡിക്കൽ സൂപ്രണ്ടിന്റെ അറിവോടെ അല്ല ഉത്തരവെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. നഴ്സിങ് സൂപ്രണ്ടിന് കാരണം കാണിക്കൽ നോട്ടിസും നൽകി.

മലയാളം മാത്രമല്ല ഉപയോഗിക്കുന്നത്. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലുള്ള നഴ്സുമാർ ഇവിടെ ജോലി ചെയ്യുന്നുണ്ട്. മണിപ്പൂരുകാരും ഹിമാചലിൽ നിന്നുമുള്ള ആളുകളും ഉണ്ട്. ഇവരൊക്കെ പരസ്പരം അവരുടെ മാതൃഭാഷ തന്നെയാണ് സംസാരിക്കുന്നത്. പക്ഷേ മലയാളത്തെ മാത്രമാണ് വിലക്കിയത്. മലയാളത്തോട് മാത്രം കാണിച്ച ഈ വിവേചനമാണ് പ്രതിഷേധത്തിലേക്ക് നയിച്ചതെന്ന് നഴ്സുമാർ പറയുന്നു. മലയാളം സംസാരിക്കരുതെന്ന് വിലക്കുന്നതിന് പകരം ജോലി സമയത്ത് ഡോക്ടർമാർക്കോ രോഗികൾക്കോ ബുദ്ധിമുട്ടാകുന്ന തരത്തിൽ മലയാളമോ മറ്റേതെങ്കിലും ഭാഷകളോ ഉപയോഗിക്കരുതെന്ന തരത്തിലായിരുന്നു സർക്കുലറെങ്കിൽ പ്രതിഷേധം ഉണ്ടാകുമായിരുന്നില്ലെന്നും നഴ്സുമാർ ചൂണ്ടിക്കാട്ടുന്നു.

ആശുപത്രിയിൽ എല്ലാ കാര്യത്തിനും മലയാളി നഴ്സുമാർ തന്നെ വേണം. വഴക്കു കേൾക്കുകയാണെങ്കിൽ പോലും നമ്മൾ തിരിച്ചൊന്നും പറയാറില്ല. പ്രശനമുണ്ടാക്കാനും ആരും പോകാറില്ല. ഇത് മലയാളികളെ മാത്രം ലക്ഷ്യം വെച്ചുള്ള വിവേചനമായി തോന്നി.

ഐസിയുവിലെയൊ വാർഡിലെയോ ഒരു രോഗിക്ക് പെട്ടെന്ന് വയ്യാതെയായി കഴിഞ്ഞാൽ രണ്ട് മലയാളി നഴ്സുമാരാണ് ഡ്യൂട്ടിക്കെങ്കിൽ മലയാളത്തിൽ സിറിഞ്ച് എവിടെ എന്ന് ചോദിക്കുന്നത് തന്നെയാണ് ഏറ്റവും സൗകര്യം. മാതൃഭാഷയാകുമ്പോൾ പെട്ടെന്ന് ആശയ വിനിമയം നടത്താൻ എളുപ്പമുണ്ടാകും. അത്തരം അടിയന്തിര ഘട്ടങ്ങളിൽ മാത്രമെ ജോലി സമയത്ത് മലയാളം ഉപയോഗിക്കാറുള്ളു. ഡോക്ടർമാരുടെ മുന്നിലൊ മറ്റു സ്റ്റാഫുകളുടെ മുന്നിലൊ ആരുടെ മുന്നിലും മലയാളം ഉപയോഗിക്കാറില്ല. മലയാളി അല്ലാത്ത മൂന്നാമതൊരാൾ കൂടെയുണ്ടെങ്കിൽ തീർച്ചയായും അവരെ ബഹുമാനിക്കാറുണ്ട്. എന്നിട്ടും ഇത്തരം ഒരു സർക്കുലർ വന്നതാണ് വിഷമിപ്പിച്ചത്- പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു നഴ്‌സ് പറഞ്ഞു.

ഹിന്ദിക്കാരുൾപ്പെടെ മറ്റുഭാഷകൾ സംസാരിക്കുന്ന ആരുമായും ഇതുവരെ ഒരു പ്രശ്നങ്ങളുമില്ല. ഒരേ മനസോടെയാണ് ഇവിടെ ജോലി ചെയ്യുന്നത്. ചിലപ്പോൾ മദ്രാസി എന്നൊക്കെ വിളിക്കാറുള്ളതൊഴിച്ചാൽ മറ്റൊരു പരാതിയും ഉന്നയിക്കാനില്ല.

ഉത്തരവ് പിൻവലിച്ചു എന്നു പറഞ്ഞതല്ലാതെ ഓർഡർ പുറത്തിറക്കിയിരുന്നില്ല. പ്രതിഷേധം ശക്തമായപ്പോൾ സർക്കുലർ പിൻവലിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. നഴ്‌സിങ് സൂപ്രണ്ട് മാപ്പുപറഞ്ഞാലല്ലാതെ പ്രതിഷേധത്തിൽ നിന്നും പിന്നോട്ട് പോകേണ്ടെന്നാണ് തീരുമാനമെന്നും പന്ത് ആശുപത്രിയിലെ നഴ്സുമാർ പറഞ്ഞു. എയിംസ് ഉൾപ്പെടെ ഡൽഹിയിലെ മറ്റാശുപത്രികളിൽ ഇത്തരം പ്രശ്നങ്ങളില്ലെന്നും നഴ്സിങ്ങ് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ ചൂണ്ടിക്കാട്ടി. മറ്റുള്ള ഭാഷക്കാരിലെ ഒന്നോ രണ്ടോ പേരൊഴികെ പന്തിൽ ജോലി ചെയ്യുന്ന ബാക്കി എല്ലാവരും മലയാളികൾക്ക് പിന്തുണയുമായി രംഗത്തുണ്ട്. കാരണം മലയാളം ഉപയോഗിച്ചതുകൊണ്ട് മറ്റുള്ളവർക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ല.

പന്തിൽ ഇതുവരെ മറ്റൊരു വിവേചനവും ഇല്ല. ഓർഡറിന് പിന്നിലെ കാരണം വ്യക്തമാക്കിയിരുന്നെങ്കിൽ പരിഹരിക്കാമായിരുന്നു. മലയാളികൾ കഴിഞ്ഞാൽ രാജസ്ഥാനിൽ നിന്നുള്ളവരാണ് പന്തിൽ ഏറ്റവും കൂടുതൽ. നമ്മുടെ മുന്നിൽ വെച്ച് പോലും അവർ അവരുടെ ഭാഷ സംസാരിക്കാറുണ്ട്. അത് നമ്മൾക്കോ അവർക്കോ ഇതുവരെ പ്രശ്നമായി തോന്നിയിട്ടില്ല. ഒരു സ്റ്റാഫും രോഗികളുടെ മുന്നിൽ വെച്ചു മലയാളം സംസാരിക്കാറില്ല. മലയാളി ഡോക്ടർമാർ പോലും മലയാളികളായ നഴ്സുമാരോട് ഹിന്ദിയിലാണ് സംസാരിക്കുന്നത്. എന്നിട്ടും ഇങ്ങനെയൊരു സർക്കുലർ പുറത്തിറക്കിയത് വിഷമിച്ചു. അതാണ് പ്രതിഷേധത്തിലേക്ക് നീങ്ങാൻ കാരണം- മലയാളിയായ ഒരു നഴ്‌സ് വ്യക്തമാക്കി.