ന്യൂഡൽഹി: ആശങ്ക സൃഷ്ടിച്ച് മൂന്ന് കൊറോണ വൈറസ് വകഭേദങ്ങൾ കൂടി കണ്ടെത്തി. പുതിയ വകഭേദങ്ങളിൽ രണ്ടെണ്ണം രാജ്യത്ത് റിപ്പോർട്ട് ചെയ്തു. ബി.1.617 മൂന്ന്, ബി.1.1.318 എന്നീ വകഭേദങ്ങളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മൂന്നാം വകഭേദമായ ലാംഡ (സി.37) ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ വകഭേദം അതിവേഗം പടരുകയാണ്.

വിമാന സർവീസുകൾ പുനഃരാരംഭിക്കുന്നതോടെ ലാംഡ ഉൾപ്പെടെയുള്ള വകഭേദങ്ങൾ ഇന്ത്യയിലേക്കെത്തുമെന്നും അധികൃതർ ആശങ്കപ്പെടുന്നു. മൂന്നാം തരംഗത്തിന്റെ സാധ്യത നിലനിൽക്കുന്നതിനാൽ വകഭേദങ്ങൾക്കെതിരെ കടുത്ത ജാഗ്രത വേണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. ഡെൽറ്റയുടെ ഉപവകഭേദം ഡെൽറ്റ പ്ലസ് രാജ്യത്ത് 50ൽ അധികം പേർക്ക് സ്ഥിരീകരിച്ചു.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 46,148 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 979 മരണങ്ങളും സ്ഥിരീകരിച്ചു. 58,578 പേർ കൂടി രോഗമുക്തരായെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 3,02,79,331 ആയി. ഇതുവരെ 2,93,09,607 പേരാണ് രോഗമുക്തരായത്. ആകെ മരണസംഖ്യ 3,96,730. നിലവിൽ 5,72,994 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിലുള്ളത്.