ബെയ്ജിങ്: വുഹാനിലെ ലാബിൽനിന്നുള്ള കൊറോണ വൈറസ് ചോർച്ച 'തീർത്തും സാധ്യതയില്ലാത്തത്' എന്ന വിലയിരുത്തലുമായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ചൈന സംയുക്ത പഠനം. കോവിഡ് വ്യാപനത്തിന് ഇടയാക്കിയത് ലാബിൽ നിന്നുള്ള വൈറസ് ചോർച്ചയെന്ന പ്രചാരണം അടിസ്ഥാന രഹിതമെന്നാണ് കോവിഡിന്റെ ഉദ്ഭവത്തെക്കുറിച്ചുള്ള പഠനത്തിലെ നിർണായക വിവരം.

വവ്വാലുകളിൽനിന്നു മറ്റൊരു മൃഗത്തിലൂടെ മനുഷ്യരിലേക്കു വൈറസ് പകരുന്നതിനാണ് ഏറ്റവും സാധ്യതയെന്നും പഠനം പറയുന്നു. വാർത്താ ഏജൻസി എപി ആണ് പഠനത്തിന്റെ വിവരങ്ങൾ റിപ്പോർട്ട് ചെയ്തത്. ഈ കണ്ടെത്തലുകൾ പ്രതീക്ഷിച്ചതാണെങ്കിലും നിരവധി ചോദ്യങ്ങൾ ഉത്തരമില്ലാതെ അവശേഷിക്കുന്നു. ലാബിലെ ചോർച്ച ഒഴികെയുള്ള എല്ലാ സാധ്യതാ മേഖലകളിലും വൈറസിനെക്കുറിച്ചു കൂടുതൽ ഗവേഷണങ്ങൾക്കു നിർദേശമുള്ളതായും എപി റിപ്പോർട്ട് ചെയ്തു.

കോവിഡിനു കാരണമാകുന്ന കൊറോണ വൈറസ് വവ്വാലുകളിൽനിന്നു മനുഷ്യരിലേക്കു പകരും മുൻപു കാര്യമായ മാറ്റങ്ങൾക്കു വിധേയമായില്ലെന്ന ഗവേഷണ പഠനം പുറത്തുവന്നിരുന്നു. ഒരാളിൽനിന്നു മറ്റൊരാളിലേക്കു പകരാനുള്ള കഴിവ് വവ്വാലുകളിലെ വാസകാലത്തു തന്നെ വൈറസ് കൈവരിച്ചിരുന്നെന്നു വ്യക്തമാക്കുന്നതാണിതെന്നു സ്‌കോട്ലൻഡിലുള്ള യൂണിവേഴ്‌സിറ്റി ഓഫ് ഗ്ലാസ്‌ഗോ സെന്റർ ഫോർ വൈറസ് റിസർച്ചിലെ ഓസ്‌കർ മക്ലീൻ പറഞ്ഞു.

ഒരു ജീവിവർഗത്തിൽനിന്നു മറ്റൊന്നിലേക്കു കൂടുമാറുന്ന വൈറസിനു പുതിയ അന്തരീക്ഷത്തിൽ പകർച്ചാശേഷി കൈവരിക്കാൻ അൽപം സമയം എടുക്കുകയാണു പതിവെന്നിരിക്കെ കോവിഡിനു കാരണമാകുന്ന കൊറോണ വൈറസ് റെഡിമെയ്ഡ് പകർച്ചാശേഷിയോടെ മനുഷ്യരിലെത്തി. മാത്രമല്ല, മനുഷ്യരിലെത്തി ആദ്യ 11 മാസം വൈറസിനു സുപ്രധാന ജനിതകമാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നും മക്ലീനുൾപ്പെടെ ഗവേഷകർ ചേർന്നു നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു.