കാഠ്മണ്ഡു: ബാബാ രാംദേവിന്റെ ആയുർവേദ കമ്പനിയായ പതഞ്ജലിയുടെ കോവിഡ് ഭേദമാക്കുമെന്ന് അവകാശപ്പെട്ട കൊറോണിൽ മരുന്നിന്റെ വിതരണം നിർത്തിവെച്ച് നേപ്പാൾ. നേപ്പാളിലെ ആയുർവേദ ഡിപ്പാർട്ട്മെന്റ് നിർദ്ദേശത്തെത്തുടർന്നാണ് വിതരണം നിർത്തിവെയ്ക്കാൻ ഉത്തരവായത്.

ശാസ്ത്രീയമായ രീതി പിന്തുടർന്നല്ല മരുന്നുകൾ ഉത്പ്പാദിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് വിതരണം നിർത്തിവെച്ചത്. വിതരണത്തിനായി എത്തിച്ച കൊറോണിൽ ഗുളികകൾക്കും നേസൽ ഡ്രോപ്പുകൾക്കും കോവിഡ് 19 വൈറസിനെ ഇല്ലാതാക്കാനുള്ള ശേഷിയില്ലെന്നും നേപ്പാൾ ആയുർവേദ വകുപ്പ് അധികൃതർ പറയുന്നു.

കൊറോണിലിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ തന്നെ രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് മരുന്നിന്റെ വിതരണം നിർത്തിവെയ്ക്കാൻ നേപ്പാൾ ആരോഗ്യ മന്ത്രാലയം തയ്യാറായത്. കൊവിഡിനുള്ള മരുന്നാണെന്ന് അവകാശപ്പെട്ട് പതഞ്ജലി പുറത്തിറക്കിയ കൊറോണിലിനെതിരെ നിരവധി ആരോഗ്യപ്രവർത്തകർ രംഗത്തെത്തിയിരുന്നു. എതിർപ്പുകൾക്ക് മറുപടിയായി തങ്ങളുടെ മരുന്നിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചിട്ടുണ്ടെന്നായിരുന്നു പതഞ്ജലിയുടെ വാദം.

ഫെബ്രുവരി 19നാണ് കൊവിഡിനുള്ള മരുന്നാണെന്ന് അവകാശപ്പെട്ട് പതഞ്ജലി പുറത്തിറക്കിയ മരുന്ന് ഫലപ്രദമാണെന്ന് പ്രഖ്യാപിച്ച് പതഞ്ജലി സ്ഥാപകനായ രാംദേവ് രംഗത്തെത്തിയത്. മരുന്ന് ഫലപ്രദമാണ് എന്നതിന്റെ ശാസ്ത്രീയ തെളിവുകൾ ആണെന്ന് അവകാശപ്പെട്ട് ചില രേഖകളും രാംദേവ് പുറത്തുവിട്ടിരുന്നു.

കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർദ്ധൻ അടക്കം പങ്കെടുത്ത ചടങ്ങിലാണ് തെളിവ് എന്ന അവകാശപ്പെടുന്ന രേഖകൾ പുറത്തുവിട്ടത്. കൊവിഡിനുള്ള മരുന്നെന്ന് അവകാശപ്പെട്ട് പതഞ്ജലി പുറത്തിറക്കിയ കൊറോണിൽ കഴിച്ച് രോഗം ഭേദമായെന്നായിരുന്നു രാംദേവിന്റെ അവകാശവാദം.