തിരുവനന്തപുരം: അദ്ധ്യാപകരിൽ കോവിഡ് സ്ഥിരീകരിച്ചതോടെ സ്‌കൂൾ തുറന്നദിനം തന്നെ കോട്ടൺഹിൽ ഹയർസെക്കൻഡറി സ്‌കൂൾ അടച്ചത് കരുതലിന്റെ ഭാഗമായി. ഇനി വെള്ളിയാഴ്ചയേ തുറക്കൂ. ഇതിന് സമാനമായി ഏതെങ്കിലും സ്‌കൂളിൽ കോവിഡ് റിപ്പോർട്ട് ചെയ്താൽ പിന്നെ കരുതലുകൾ എടുക്കാൻ തന്നെയാണ് സർക്കാരിന്റെ തീരുമാനം.

കോട്ടൺഹിൽ സ്‌കൂളിലെ യു.പി, ഹൈസ്‌കൂൾ ക്ലാസുകളിലെ എട്ട് അദ്ധ്യാപകരിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവർ കഴിഞ്ഞ ദിവസം സ്‌കൂൾ ശുചീകരണ പ്രവർത്തനങ്ങളിൽ ഒന്നിച്ച് വ്യാപൃതരായവരാണ്. രോഗം സ്ഥിരീകരിച്ച ആരും തിങ്കളാഴ്ച സ്‌കൂളിൽ എത്തിയില്ല. എന്നാൽ, ഇവർക്ക് മറ്റ് അദ്ധ്യാപകരുമായി സമ്പർക്കമുള്ളതിനാൽ സ്‌കൂളിന് അവധി നൽകാൻ തീരുമാനമെടുക്കുകയായിരുന്നു. കുട്ടികളിൽ ആർക്കും ആരോഗ്യ പ്രശ്‌നങ്ങൾ കണ്ടെത്താനായിട്ടില്ല. ഇത് ആശ്വാസമാണ്.

കോട്ടൺഹിൽ ഹയർസെക്കൻഡറിയുടെ സമീപത്തുള്ള എൽ.പി സ്‌കൂളിലാണ് മന്ത്രിമാരായ വി. ശിവൻകുട്ടി, ആന്റണി രാജു, ജി.ആർ. അനിൽ എന്നിവർ പങ്കെടുത്ത പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നടന്നത്. സംസ്ഥാനത്തെ മറ്റ് ഏതാനും സ്‌കൂളുകളിലും അദ്ധ്യാപകർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സ്‌കൂളുകൾക്കും അവധി നൽകും.

ആശങ്കപ്പെടേണ്ടതില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്. സ്‌കൂളുകളിൽ ഡോക്ടർമാർ അടക്കം സജ്ജരാണ്. എല്ലാ മുൻകുരതലും എടുക്കുന്നുമുണ്ട്.