ഗയ: സാമാന്യം വേഗത്തിൽ ബുള്ളറ്റ് ബൈക്കോടിക്കുന്ന യുവാവ്. അയാൾക്ക് അഭിമുഖമായി പെട്രോൾ ടാങ്കിൽ ഇരിക്കുന്ന യുവതി. ഇരുവരും ചുണ്ടുകൾ കോർത്ത് ചുംബിക്കുന്നു. ചുറ്റും നാട്ടുകാർ ഉണ്ടെങ്കിലും അതൊന്നും ഇരുവർക്കും ഒരു പ്രശ്‌നമേ അല്ലായിരുന്നു.
എൻഫീൽഡ് ബുള്ളറ്റിന്റെ ഇന്ധന ടാങ്കിനു മുകളിൽ യുവതിയെ മുഖമുഖം ഇരുത്തി വണ്ടിയോടിച്ച യുവാവിനെതിരെ നാട്ടുകാരുടെ രോഷപ്രകടനം. ബിഹാറിലെ ഗയ ജില്ലയിലെ ഗ്രാമത്തിലാണ് സംഭവം. ബുള്ളറ്റിന്റെ മുൻവശത്ത്, യുവാവിന് അഭിമുഖമായി യുവതിയെ ഇരുത്തിയായിരുന്നു ഡ്രൈവിങ്. ബിഹാറിലെ ഉൾനാട്ടിലൂടെ വണ്ടിയോടിച്ചു പോവുമ്പോൾ ചില ബൈക്ക് യാത്രികർ ഇത് ശ്രദ്ധിക്കുകയും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു.

അതേസമയം വീഡിയോ പകർത്തുന്നത് ശദ്ധയിൽ പെട്ട യുവതി ഇതു ചോദ്യം ചെയ്തതോടെ സംഘർഷമായി. ബൈക്കിലുണ്ടായിരുന്ന നാട്ടുകാർ ഇവരെ തടഞ്ഞുവെച്ചു. തുടർന്നു നാട്ടുകാരും കൂടി. പിന്നീട്, ഇതേ ആൾക്കൂട്ടം ഇവരെ ചോദ്യം ചെയ്യുകയും ചിലർ ദേഹോപദ്രേവം ഏൽപ്പിക്കുകയും ചെയ്തു.ഇതിനിടെയാണ്, ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായത്.

വ്യത്യസ്തമായ പ്രതികരണങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് ഉണ്ടായത്. ഗതാഗത നിയമങ്ങൾ ലംഘിച്ചാണ് യുവാവ് വണ്ടിയോടിച്ചതെന്നും ഇത് അപകടകരമാണെന്നും ചിലർ കമന്റ് ചെയ്തു. നാട്ടുകാർ ഇവരെ സദാചാര പൊലീസിങ് നടത്തി എന്നായിരുന്നു മറ്റൊരു വിഭാഗത്തിന്റെ കമന്റുകൾ. ഒരു പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം നടക്കുകയാണെങ്കിൽ, മിണ്ടാത്ത നാട്ടുകാരാണ് സദാചാര പൊലീസിംഗിന് ഇറങ്ങിയതെന്നും വിമർശനമുയർന്നു.

എന്നാൽ തുടക്കത്തിൽ നാട്ടുകാരോട് കയർത്തു സംസാരിച്ച യുവതി പിന്നീട് ക്ഷമ പറഞ്ഞു. ഗയയിൽനിന്നാണ് തങ്ങളെന്നും ഇനി ഈ പ്രദേശത്ത് വരില്ലെന്നും യുവതി പറഞ്ഞതായാണ് റിപ്പോർട്ട്.