ന്യൂഡൽഹി: ഭാരത്‌കോ ബയോടെക് കോവാക്‌സിൻ നേരിട്ട് നൽകുന്ന സംസ്ഥാനങ്ങളുടെ ആദ്യ പട്ടികയിൽ കേരളമില്ല. 25 ലക്ഷം ഡോസ് വാക്‌സീനാണ് കേരളം ആവശ്യപ്പെട്ടത്. ആദ്യ ഘട്ടത്തിൽ ഇതിൽ കുറച്ചു വാക്‌സിൻ കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. വാക്‌സിൻ ലഭ്യമാക്കാൻ ഭാരത് ബയോടെക്കുമായി ചർച്ച തുടരുമെന്ന് സർക്കാർ അറിയിച്ചു. മെയ് ആദ്യം മുതൽ നേരിട്ട് വാക്‌സീൻ നൽകിവരുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ ദക്ഷിണേന്ത്യയിൽ നിന്നും ആന്ധ്രയും , തെലങ്കാനയും തമിഴ്‌നാടുമാണുള്ളത്.

കൂടാതെ മഹാരാഷ്ട്രയും, ഡൽഹിയും ഗുജറാത്തുമടക്കം ആകെ 14 സംസ്ഥാനങ്ങൾക്കാണ് ഭാരത് ബയോടെക് നേരിട്ട് വാക്‌സീൻ നൽകുക. ഈ സംസ്ഥാനങ്ങളുടെ പട്ടിക ഇന്ന് പ്രഖ്യാപിച്ചു. അതേസമയം മറ്റു സംസ്ഥാനങ്ങളുടെ ആവശ്യം ലഭ്യതയനുസരിച്ചു പരിഗണിക്കുമെന്നും ഭാരത് ബയോടെക് അറിയിച്ചു.

600 രൂപയ്ക്കാണ് സംസ്ഥാനങ്ങൾക്ക് ഭാരത് ബയോടെക്ക് വാക്‌സിനുകൾ നൽകുന്നത്. അതേസമയം സ്വകാര്യ ആശുപത്രികൾക്ക് 1,200 രൂപയ്ക്കാണ് കോവാക്‌സിൻ നൽകുക. കൊറോണ വൈറസ് വാക്‌സിനേഷൻ പരിപാടിയുടെ മൂന്നാം ഘട്ടത്തിൽ വിൽക്കുന്നതിനുള്ള വിലയാണ് ഇന്ന് ഭാരത് ബയോടെക് പ്രഖ്യാപിച്ചു.

ഐ സി എം ആറുമായി ചേർന്നാണ് ഭാരത് ബയോടെക് കോവാക്‌സിൻ വികസിപ്പിച്ചത്. രാജ്യത്ത് നടന്ന വാക്‌സിനേഷൻ പരിപാടിയുടെ ആദ്യ രണ്ടു ഘട്ടങ്ങളിലും കോവാക്‌സിൻ ഉപയോഗിച്ചിരുന്നു. സെറം ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ ഓക്‌സ്‌ഫോഡ്- ആസ്ട്ര സെനേക്ക വാക്‌സിന്റെ ഇന്ത്യൻ പതിപ്പായ കോവിഷീൽഡിനൊപ്പമാണ് കോവാക്‌സിൻ ഉപയോഗിച്ചു വന്നത്. നേരത്തെ കോവിഷീൽഡിനും വില നിശ്ചയിച്ചിരുന്നു. 400 രൂപയ്ക്കാണ് കോവിഷീൽഡ് സംസ്ഥാനങ്ങൾക്ക് നൽകുന്നത്.

കോവാക്‌സിൻ കയറ്റുമതി ചെയ്യുമെന്നും ഭാരത് ബയോടെക് പ്രഖ്യാപിച്ചു, കോവിഡ് -19 വാക്‌സിനുകളുടെ കയറ്റുമതി വില 15-20 ഡോളർ വരെയാണ്, അതായത് ഏകദേശം 1,100 മുതൽ 1,500 രൂപ വരെ ആയിരിക്കും ഇത്. സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്ന കോവിഷീൽഡ് വാക്‌സീന്റെ പുതുക്കിയ വില കമ്പനി രണ്ടു ദിവസം മുമ്പാണ് പുറത്തു വിട്ടത്. സ്വകാര്യ ആശുപത്രികൾക്ക് ഒരു ഡോസിന് 600 രൂപയ്ക്കായിരിക്കും കോവിഷീൽഡ് വാക്സിൻ നൽകുക.