ന്യൂഡൽഹി: ഈ വർഷം അവസാനത്തോടെ കോവാക്‌സിൻ ജനങ്ങളിലെത്തിക്കാനാകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വർധൻ. പരീക്ഷണങ്ങൾ നടക്കുകയാണെന്നും ഈ വർഷം അവസാനത്തോടെ അത് ജനങ്ങളിലെത്തിക്കാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഓക്‌സഫഡ് വാക്‌സിൻ പരീക്ഷണം ആരംഭിച്ച കാര്യവും അദ്ദേഹം എടുത്തു പറഞ്ഞു. വാക്‌സിനുകളുടെ പരീക്ഷണങ്ങളെല്ലാം വിജയിച്ചാൽ തീർച്ചയായും 2021 ആദ്യത്തോടെ വിപണിയിലെത്തിക്കാമെന്നും അദ്ദേഹം പറയുന്നു. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് ഇന്ത്യയുടെ വാക്‌സിൻ പരീക്ഷണത്തെക്കുറിച്ച് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചത്.

ഭാരത് ബയോടെക്കും ഐസിഎംആറും സംയുക്തമായാണ് കോവാക്‌സിൻ വികസിപ്പിക്കുന്നത്. ഒപ്പം തന്നെ സിഡസ് കാഡിലയുടെ സൈക്കോവ്- ഡി വാക്‌സിൻ, സിറം ഇൻസ്റ്റിറ്റിയൂട്ടിന്റെ ഓക്‌സ്ഫഡ് വാക്‌സിൻ എന്നിവയും ഇന്ത്യയിൽ പരീക്ഷണം ആരംഭിച്ചിട്ടുണ്ട്. ലോകത്തിലെ ആദ്യ കോവിഡ് വാക്‌സിൻ തങ്ങൾ പുറത്തിറക്കിയതായി ഈയടുത്ത് റഷ്യ അവകാശപ്പെട്ടിരുന്നു. കോവിഡ് വാക്‌സിൻ വലിയ തോതിൽ വികസിപ്പിക്കാനുള്ള ഇന്ത്യയുടെ കഴിവിൽ റഷ്യയും പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.