ന്യൂഡൽഹി: ഭാരത് ബയോടെക്കിന്റെ ഗുജറാത്തിലെ അങ്കളേശ്വരിലെ പുതിയ നിർമ്മാണശാലയിൽ നിന്നുള്ള കൊവാക്‌സിന്റെ ആദ്യ ബാച്ച് രാജ്യത്ത് വിതരണത്തിന് ഉടനെത്തും. കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ ആദ്യ ബാച്ച് വാക്‌സിന്റെ വിതരണം ഉദ്ഘാടനം ചെയ്തു.

കോവിഡ് പ്രതിരോധത്തിൽ വാക്‌സിനേഷനുള്ള പങ്ക് വളരെ വലുതാണെന്നും ഈ പുതിയ നിർമ്മാണശാലയിൽ നിന്നുള്ള വാക്‌സിൻ കൂടി എത്തുന്നതോടെ രാജ്യത്തെ കൂടുതൽ ആളുകളിലേക്ക് വാക്‌സിനുകൾ വേഗത്തിൽ എത്തിക്കുവാൻ സാധിക്കുമെന്ന് മന്ത്രി പിന്നീട് ട്വീറ്റ് ചെയ്തു.

ഓഗസ്റ്റ് മാസത്തിന്റെ തുടക്കത്തിലാണ് കേന്ദ്ര സർക്കാർ ഭാരത് ബയോടെക്കിന്റെ ഗുജറാത്തിലെ നിർമ്മാണശാലയിൽ നിന്നും വാക്‌സിൻ ഉത്പാദിപ്പിക്കാനുള്ള അനുമതി നൽകിയത്. ഈ പുതിയ നിർമ്മാണശാല കൂടി വരുന്നതോടെ നിലവിൽ ഉള്ളതിനേക്കാൾ 200 മില്ല്യൺ അധിക ഡോസുകൾ ഉത്പാദിപ്പിക്കാൻ സാധിക്കുമെന്ന് ഭാരത് ബയോടെക്ക് നേരത്തെ പറഞ്ഞിരുന്നു.