ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളും മരണങ്ങളും കുറയുന്നതിന്റെ സൂചന കാണുന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. 18 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞു വരുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷൺ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

13 സംസ്ഥാനങ്ങളിൽ ഒരു ലക്ഷത്തിലധികം സജീവ കേസുകളുണ്ട്. ആറ് സംസ്ഥാനങ്ങളിൽ 50,000 മുതൽ ഒരു ലക്ഷം വരെ സജീവ കേസുകളുണ്ട്. 17 സംസ്ഥാനങ്ങളിൽ 50,000 ൽ താഴെയാണ് ചികിത്സയിലുള്ള രോഗികളുടെ എണ്ണം.

മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ഛത്തീസ്‌ഗഢ്, തെലങ്കാന, ജാർഖണ്ഡ്, ലഡാക്ക്, ദാമൻ അൻഡ് ദീയു, ലക്ഷദ്വീപ്, ആൻഡമാൻ നിക്കോബാർ എന്നിവിടങ്ങളിൽ പ്രതിദിന കോവിഡ് കേസുകൾ തുടർച്ചയായി കുറയുന്നുവെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ്, ഡൽഹി, രാജസ്ഥാൻ, ഹരിയാണ, ഛത്തീസ്‌ഗഢ്, ബിഹാർ, ഗുജറാത്ത് എന്നിവിടങ്ങളിലും പ്രതിദിന കേസുകകൾ തുടർച്ചയായി കുറയുകയാണ്.

എന്നാൽ കർണാടക, കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, ഒഡീഷ, പഞ്ചാബ്, അസം, ജമ്മു കശ്മീർ, ഗോവ, ഹിമാചൽ പ്രദേശ്, പുതുച്ചേരി, മണിപ്പൂർ, മേഘാലയ, ത്രിപുര, നാഗാലാൻഡ്, അരുണാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ പ്രതിദിന കേസുകളിൽ വർധനയുണ്ട്. 26 സംസ്ഥാനങ്ങളിൽ ഇപ്പോഴും 15 ശതമാനത്തിൽ കൂടുതൽ പോസിറ്റിവിറ്റി നിരക്ക് ഉണ്ടെന്നും ആരോഗ്യ മന്ത്രാലയം അധികൃതർ പറഞ്ഞു.

അതിനിടെ,രാജ്യത്താകമാനം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21 ശതമാനമാണെന്ന് ഐ.സി.എം.ആർ. ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ പറഞ്ഞു.

രാജ്യത്ത് കഴിഞ്ഞ ഒരാഴ്ചയായി 180 ജില്ലകളിൽ പുതിയ കോവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. മാത്രമല്ല കഴിഞ്ഞ മൂന്നാഴ്ചക്കിടെ 54 ജില്ലകളിൽ പുതുതായി ആർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടില്ലയെന്നും മന്ത്രാലയം അറിയിച്ചു.

കണക്കുകൾ അനുസരിച്ച് 80 ശതമാനം രോഗികളും 12 സംസ്ഥാനങ്ങളിലാണ്. അതിൽ മൂന്നാം സ്ഥാനത്താണ് കേരളം.

ഇന്ത്യയിൽ പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളിൽ നേരിയ കുറവാണ് ഇന്നും അനുഭവപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 3,29,942 കേസുകൾ മാത്രമാണ്. 3876 പേർ മരിക്കുകയും 3,56,082 പേർ രോഗമുക്തി നേടുകയും ചെയ്തുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇന്ത്യയിൽ ഇതുവരെ കോവിഡ് ബാധിച്ചത് 2.29 കോടി പേർക്കാണ്. ഇതിൽ 37.15 ലക്ഷം പേർ മാത്രമാണ് നിലവിൽ ചികിൽസയിലുള്ളത്. 1.90 ലക്ഷം പേരും രോഗമുക്തി നേടി. 2,49,992 പേരാണ് ഇതുവരെ രാജ്യത്ത് കോവിഡ് മൂലം മരിച്ചത്. അതേസമയം, 17,27,10,066 പേർ ഇതുവരെ വാക്‌സീൻ സ്വീകരിച്ചിട്ടുണ്ട്.