മൂന്നാർ: കോവിഡ് മഹാമാരി റിപ്പോർട്ട് ചെയ്യപ്പെട്ടതിനു ശേഷം ആദ്യമായി ഗോത്രവർഗ പഞ്ചായത്തായ മൂന്നാർ ഇടമലക്കുടിയിൽ രോഗബാധ സ്ഥിരീകരിച്ചു. ഇരുമ്പ്കല്ല് കുടി സ്വദേശിയായ 40 വയസ്സുള്ള വീട്ടമ്മയ്ക്കും ഇഡ്ഡലിപ്പാറക്കുടി സ്വദേശിയായ 24 വയസ്സുകാരനുമാണ് കോവിഡ് സ്ഥിരീകരിച്ചത്.

കഴിഞ്ഞ രണ്ടുവർഷമായി കടുത്ത കോവിഡ് നിയന്ത്രണങ്ങൾ മൂലം ഒരാൾക്കുപോലും ഇടമലക്കുടിയിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നില്ല. പുറത്തുനിന്നുള്ളവരെ കർശനമായ പരിശോധനകൾക്കു ശേഷം മാത്രമേ പഞ്ചായത്തിലേക്ക് പ്രവേശിപ്പിച്ചിരുന്നുള്ളൂ. സർക്കാർ ഉദ്യോഗസ്ഥരെയും മറ്റ് അടിയന്തര ആവശ്യങ്ങൾക്കുള്ളവരെയും മാത്രമാണ് ഇങ്ങനെ പ്രവേശിപ്പിച്ചിരുന്നത്.

വീട്ടമ്മയ്ക്ക് മറ്റ് ശാരീരിക പ്രശ്നങ്ങളെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ പരിശോധന നടത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. 24കാരന് മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ പരിശോധന നടത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്.

സംസ്ഥാനത്തെ ആദ്യ ഗോത്രവർഗ പഞ്ചായത്ത് കൂടിയാണ് ഇടമലക്കുടി. പുറമേ നിന്ന് ആരേയും പ്രവേശിപ്പിക്കാതെ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു ഇവിടുത്തെ ജനങ്ങൾ. ഭക്ഷണസാധനങ്ങടക്കം എത്തിക്കാൻ ഇടയ്ക്ക് സർക്കാർ ജീവനക്കാർ എത്തിയിരുന്നു. ഇവരിൽ നിന്നാകാം രോഗബാധയെന്നാണ് പ്രാഥമിക നിഗമനം.

രണ്ടാഴ്ച മുൻപ് ഇടുക്കി എംപി. ഡീൻ കുര്യാക്കോസിനൊപ്പം ഒരു ബ്ലോഗർ ഇടമലക്കുടിയിൽ പ്രവേശിച്ചത് വിവാദമായിരുന്നു. ആരോഗ്യവകുപ്പ് അനുമതി നിഷേധിച്ചതിന് ശേഷമാണ് എംപിയും സുഹൃത്തുക്കളും ഇത്തരമൊരു യാത്ര നടത്തിയതെന്ന് ചൂണ്ടിക്കാട്ടി വലിയ വിമർശനങ്ങൾക്ക് ഉയർന്നിരുന്നു.

തുടർന്ന് കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ഇടമലക്കുടിയിലേക്കുള്ള സംരക്ഷിത വനമേഖലയിൽ യൂട്ഊബർ ചിത്രീകരണം നടത്തിയത് സംബന്ധിച്ച് അന്വേഷിക്കാൻ ഡി.എഫ്.ഒ. പി.ആർ.സുരേഷ് ഉത്തരവിട്ടിരുന്നു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. സംരക്ഷിത വനമേഖലയിൽ കടന്ന് ചിത്രീകരണം നടത്തിയതും സന്ദർശകർക്ക് നിരോധനമുള്ള ഇടമലക്കുടിയിൽ പ്രവേശിച്ചതും മാനദണ്ഡങ്ങൾ ലംഘിച്ചാണോ എന്നാണ് അന്വേഷിക്കുന്നത്.

സമ്പൂർണ ലോക്ഡൗൺ നിലനിൽക്കുന്ന വാരാന്ത്യ ദിനത്തിലാണ് ഡീൻ കുര്യാക്കോസ് എംപി.ക്കൊപ്പം സുജിത് ഭക്തൻ എന്ന യൂട്ഊബർ അനുമതിയില്ലാതെ ഇടമലക്കുടിയിൽ പ്രവേശിച്ചത്. പുറത്തുനിന്നുള്ളവർക്ക് പ്രവേശനവിലക്കുള്ള ഇടമലക്കുടിയിൽ പോകുന്നതിന് എംപി.ക്ക് മാത്രമാണ് മൂന്നാർ ഡി.എഫ്.ഒ. അനുമതി നൽകിയിരുന്നത്.

ഒരാൾക്കുപോലും കോവിഡ് ബാധിക്കാത്ത ഇടമലക്കുടിയിൽ കോവിഡ് മാനദണ്ഡം പാലിച്ച് പരമാവധി ആളെണ്ണം കുറച്ച് പോകാനായിരുന്നു അനുമതി. എന്നാൽ ട്രൈബൽ സ്‌കൂളിൽ ടി.വി. നൽകാനെന്ന പേരിൽ സംരക്ഷിത വനമേഖലയുടെയും ആദിവാസികളുടെയും ചിത്രങ്ങൾ ചിത്രീകരിച്ച് യൂട്യൂബ് ചാനൽ വഴി പ്രചരിപ്പിക്കുക എന്ന താത്പര്യത്തോടെയാണ് ഇയാൾ എംപി.യോടൊപ്പം പോയതെന്നാണ് ആക്ഷേപം.

ഇയാൾ ചിത്രീകരിച്ച വീഡിയോയുടെ ആദ്യഭാഗം പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് വിവാദം ഉണ്ടായത്. സംഭവം സംബന്ധിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ്. പ്രവർത്തകർ ഡിവൈ.എസ്‌പി., സബ് കളക്ടർ എന്നിവർക്കും പരാതി നൽകിയിരുന്നു.