ന്യൂഡൽഹി: കോവിഡിന്റെ അതിതീവ്ര വ്യാപനം രാജ്യത്തെ ആരോഗ്യ പരിപാലന സംവിധാനങ്ങളെ കടുത്ത സമ്മർദ്ദത്തിലാക്കുന്നുവെന്ന ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ. കോവിഡ് രോഗികളുടെ എണ്ണം കുറച്ചുകൊണ്ടുവരേണ്ടതും അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

കോവിഡ് കേസുകൾ അതിവേഗം വർധിച്ചതിന് പിന്നിൽ രണ്ട് കാരണങ്ങളാണുള്ളത്. ജനുവരി-ഫെബ്രുവരിയോടെ വാക്സിനേഷൻ തുടങ്ങുകയും കോവിഡ് കേസുകൾ കുറയുകയും ചെയ്തതോടെ ജനങ്ങൾ ജാഗ്രത പാലിക്കുന്നതിൽ അലംഭാവം കാട്ടി. അതോടൊപ്പം വൈറസിന് ജനിതകമാറ്റം സംഭവിക്കുകയും വ്യാപനം അതിവേഗത്തിലാകുകയും ചെയ്തു.

മെഡിക്കൽ ഓക്സിജനും വാക്സിൻ ഡോസുകളും ആവശ്യപ്പെട്ട് വിവിധ സംസ്ഥാനങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ കേന്ദ്രത്തെ സമീപിച്ചത് ഇതിന്റെ തെളിവാണ്. ഈ സാഹചര്യത്തിൽ ആശുപത്രി കിടക്കകളുടെ എണ്ണവും മറ്റ് സൗകര്യങ്ങളും ഉടൻ വർധിപ്പിക്കേണ്ടതുണ്ട്.

ഇന്നത്തെ സാഹചര്യത്തിൽ രാഷ്ട്രീയവും മതപരവുമായ ചടങ്ങുകൾ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. വിവിധ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പുകളും വിവിധ മതചടങ്ങുകളും നടക്കുന്ന സമയമാണിത്. ആരുടെയും മതവികാരം വൃണപ്പെടാത്ത രീതിയിൽ നിയന്ത്രണത്തോടെ അവ നടത്തേണ്ടത് കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് അത്യാവശ്യമാണ്.

നേരത്തെ വൈറസ് ബാധിതനായ ഒരാൾ സമ്പർക്കത്തിൽ ഏർപ്പെടുന്ന 30 ഓളം പേരിലേക്കാണ് രോഗം പകർത്തിയിരുന്നത്. എന്നാൽ ഇപ്പോൾ അത് കൂടുതൽ ഉയർന്ന സംഖ്യയായി മാറിയിരിക്കുന്നു. എന്നാൽ ജനങ്ങൾ സ്ഥിതിഗതികളെ ഗൗരവമായി കാണുന്നില്ല. ചന്തകളിലും ഭക്ഷണശാലകളിലും ഷോപ്പിങ് മാളുകളിലും വൻ ജനക്കൂട്ടമാണ് ഉള്ളത്. ഇവിടങ്ങളിലെല്ലാം അതിതീവ്ര വ്യാപനം നടക്കാനിടയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളിൽ ശനിയാഴ്ച റെക്കോർഡ് വർധന രേഖപ്പെടുത്തിയതിന് പിന്നാലെയാണ് എയിംസ് തലവൻ ഇക്കാര്യം പറഞ്ഞത്. 2,34,692 കോവിഡ് കേസുകളാണ് രാജ്യത്ത് ശനിയാഴ്ച രേഖപ്പെടുത്തിയത്.