ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിൽ രോഗവ്യാപനം രൂക്ഷമാകുന്നതിനിടെ ജൂൺ ആദ്യ വാരത്തോടെ പ്രതിദിന കോവിഡ് മരണങ്ങൾ ഏകദേശം 2,320 ആയി ഉയരാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. രണ്ട് ലക്ഷത്തിന് മുകളിൽ പുതിയ രോഗികളും ആയിരത്തിന് മുകളിൽ മരണങ്ങളുമാണ് നിലവിൽ പ്രതിദിനം റിപ്പോർട്ട് ചെയ്യുന്നത്.

രാജ്യത്തെ പ്രതിദിന കോവിഡ് മരണങ്ങൾ വൈകാതെ 1,750 വരെ ആയേക്കാമെന്നും ജൂൺ ആദ്യ വാരത്തോടെ 2,320 ആയി ഉയരാൻ സാധ്യതയുണ്ടെന്നമാണ് ഇന്ത്യാ ടാസ്‌ക് ഫോഴ്‌സ് അംഗങ്ങളുടെ ലാൻസെറ്റ് കോവിഡ് കമ്മീഷന്റെ റിപ്പോർട്ടിൽ പറയുന്നത്.

മഹാരാഷ്ട്ര, ഛത്തീസ്‌ഗഢ്, കർണാടക, ഡൽഹി, തമിഴ്‌നാട്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളെയാകും കോവിഡ് ഏറ്റവും രൂക്ഷമായി ബാധിക്കുകയെന്നും റിപ്പോർട്ടിൽ പറയുന്നു. പല രോഗികളും രോഗലക്ഷണമില്ലത്തവരോ, നേരിയ ലക്ഷണങ്ങൾ മാത്രമുള്ളവരോ ആണെന്നും റിപ്പോർട്ടിൽ പറയുന്നു.

കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ പ്രധാന കാര്യങ്ങൾ ഉയർത്തിക്കാട്ടുന്ന റിപ്പോർട്ടിൽ രോഗ വ്യാപനം കുറയ്ക്കാൻ സഹായിക്കുന്ന നടപടികളും ശുപാർശ ചെയ്യുന്നു.

കോവിഡിന്റെ രണ്ടാം തരംഗം ഇന്ത്യയെ സാരമായി ബാധിച്ചുവെന്ന് റിപ്പോർട്ട് പറയുന്നു. പുതിയ പ്രതിദിന രോഗികളുടെ എണ്ണം ഈ വർഷം ഫെബ്രുവരി ആദ്യവാരത്തിലെ 11,794-ൽ നിന്ന് ഏപ്രിൽ 10 എത്തുമ്പോൾ 152,565 ആയി ഉയർന്നു. പ്രതിദിന മരണനിരക്കിലും വലിയ വർധനവാണുള്ളത്. ഫെബ്രുവരി ആദ്യ ആഴ്ചയിലെ 116-ൽ നിന്ന് ഏപ്രിൽ 10 എത്തുമ്പോൾ ഇത് 838 ആയി ഉയർന്നു.

രണ്ടാമത്തെ തരംഗത്തിൽ പ്രതിദിന രോഗികളുടെ എണ്ണം 80,000 കടക്കാൻ 40 ദിവസത്തിൽ താഴെ സമയമെടുത്തുള്ളുയെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഫെബ്രുവരിയിലെ 10,000 പ്രതിദിന രോഗികളിൽ നിന്ന് ഏപ്രിലിൽ എത്തുമ്പോൾ 80,000 പുതിയ കേസുകളിലേക്ക് എത്തി. കഴിഞ്ഞ സെപ്റ്റംബറിൽ ഇതിന് 83 ദിവസമെടുത്തിരുന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 2,34,692 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടർച്ചയായി മൂന്നാം ദിവസമാണ് രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം പിന്നിടുന്നത്.

1341 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,75,649 ആയി ഉയർന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,23,354 പേർ കോവിഡ് മുക്തരായി. ഇതോടെ കോവിഡ് മുക്തരായവരുടെ എണ്ണം 1,26,71,220 ആയി. 16,79,740 പേർ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്.

നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിന്റെ ഭാഗമായി ഉത്തർപ്രദേശിൽ ഞായറാഴ്ചകളിൽ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു. മുഖാവരണം ധരിക്കാതെ പൊതുസ്ഥലങ്ങളിൽ എത്തുന്നവർക്കുള്ള പിഴത്തുക ഇരട്ടിയാക്കി. ആദ്യതവണ പിടിക്കപ്പെടുന്നവർ 1000 രൂപയും വീണ്ടും പിടിക്കപ്പെട്ടാൽ 10,000 രൂപയും അടയ്ക്കണം. രാജസ്ഥാൻ വെള്ളിയാഴ്ച വൈകീട്ട് ആറുമുതൽ തിങ്കളാഴ്ച രാവിലെ അഞ്ചുവരെ കർഫ്യൂ ഏർപ്പെടുത്തി.

ബെംഗളൂരുവിലെ പത്ത് ഹോട്ടലുകൾ കോവിഡ് ആശുപത്രികളാക്കി മാറ്റാൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ വിളിച്ചുചേർത്ത അടിയന്തരയോഗത്തിൽ തീരുമാനമായി. ബെംഗളൂരു ഉൾപ്പെടെ സംസ്ഥാനത്തെ എട്ടു നഗരങ്ങളിലെ രാത്രി കർഫ്യൂ ഏപ്രിൽ 20 വരെ നീട്ടും.

രാജ്യത്ത് ഇതുവരെ 11,99,37,641 വാക്സിൻ ഡോസുകളാണ് വിതരണം ചെയ്തതതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. വാക്സിൻ ക്ഷാമം പരിഹരിക്കാൻ കോവാക്സിൻ നിർമ്മിക്കാൻ മഹാരാഷ്ട്ര സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഹഫ്കിൻ ബയോഫാർമ കോർപ്പറേഷന് അനുമതി നൽകി.

അതേ സമയം ലോകത്ത് കോവിഡ് മരണം 20 ലക്ഷം കടന്നു. വെള്ളിയാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം കോവിഡ് ബാധിച്ച് 2,000,066 പേരാണ് മരിച്ചത്. കോവിഡ് മരണങ്ങൾ ഏറ്റവുമധികമുണ്ടായത് യൂറോപ്യൻ വൻകരയിലാണ്. 6,50,560 മരണങ്ങളാണ് യൂറോപ്പിൽ റിപ്പോർട്ട് ചെയ്തത്. ലാറ്റിന മേരിക്കയിലും കരീബിയൻ രാജ്യങ്ങളിലും 5,42,410 മരണങ്ങൾ രേഖപ്പെടുത്തി. അമേരിക്കയിലും കാനഡയിലുമായി 407,090 പേർ മരിച്ചു.

യു.എസ്., ബ്രസീൽ, ഇന്ത്യ എന്നീ രാജ്യങ്ങളാണ് കോവിഡ് മരണങ്ങളുടെ പട്ടികയിൽ മുന്നിലുള്ളത്. യു.എസ് (389,581) ബ്രസീൽ (207,095) ഇന്ത്യ (151,918), മെക്സിക്കോ (137,916), ബ്രിട്ടൻ (87,295), ഇറ്റലി (81,325) എന്നിവിടങ്ങളിലാണ് ഏറ്റവും അധികം കോവിഡ് മരണങ്ങളുണ്ടായത്. ഈ ആറ് രാജ്യങ്ങളിലാണ് ആഗോള മരണസംഖ്യയുടെ പകുതിയിലധികവും.

ചൈനയിൽ ആദ്യത്തെ മരണം റിപ്പോർട്ട് ചെയ്യപ്പെട്ട് ഒമ്പത് മാസത്തിന് ശേഷം സെപ്റ്റംബർ 28 നാണ് കോവിഡ് മരണം 10 ലക്ഷം കടന്നത്. അതിനുശേഷം കോവിഡ് വ്യാപനം രൂക്ഷമാകുകയും നാല് മാസത്തിനുള്ളിൽ ഒരു ദശലക്ഷം ആളുകൾ മരിക്കുകയും ചെയ്തു. കഴിഞ്ഞ ആഴ്ച മാത്രം ദിവസേ ശരാശരി 13,600 മരണങ്ങളാണ് ലോകത്ത് സംഭവിച്ചത്.

കോവിഡ് ആരംഭിച്ചത് മുതൽ ഇതുവരെ ലോകത്ത് 93,321,070 പേർക്ക് കോവിഡ് ബാധിച്ചതായി വാർത്താ ഏജൻസിയായ എഎഫ്‌പി റിപ്പോർട്ട് ചെയ്തു. യു.എസ്. ഇന്ത്യ, ബ്രസീൽ, റഷ്യ, യ.കെ. തുടങ്ങിയ രാജ്യങ്ങളിലാണ് ഏറ്റവുമധികം പേർക്ക് കോവിഡ് ബാധിച്ചത്.