ഓക്ലൻഡ്: ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീം അംഗമായി തുടരവെ ഇന്ത്യയിൽവച്ച് കോവിഡ് പോസിറ്റീവായ അനുഭവം പങ്കുവയ്ക്കവെ കണ്ണീരണിഞ്ഞ് ന്യൂസീലൻഡ് ക്രിക്കറ്റ് താരം ടിം സീഫർട്ട്. കോവിഡ് മുക്തനായി നാട്ടിൽ തിരിച്ചെത്തിയ സീഫർട്ട് ഓക്ലൻഡിലെ ഹോട്ടലിൽ ക്വാറന്റീനിലാണിപ്പോൾ.

ടീമംഗങ്ങൾക്കൊപ്പം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ബയോ സെക്യുർ ബബ്‌ളിലാണ് കഴിഞ്ഞതെങ്കിലും, ഇതിനിടെയാണ് താരത്തിന് കോവിഡ് ബാധിച്ചത്. കൊൽക്കത്ത താരങ്ങളായ വരുൺ ചക്രവർത്തി, സന്ദീപ് വാരിയർ എന്നിവർക്കു പിന്നാലെയാണ് സീഫർട്ടിനും കോവിഡ് സ്ഥിരീകരിച്ചത്.

ഐപിഎൽ 14ാം സീസണിൽ കളിച്ച വിദേശ താരങ്ങളിൽ കോവിഡ് സ്ഥിരീകരിച്ച ഏക താരമാണ് ന്യൂസീലൻഡിൽനിന്നുള്ള വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനായ ടിം സീഫർട്ട്. വിവിധ ടീം ക്യാംപുകളിൽനിന്ന് കോവിഡ് സ്ഥിരീകരിച്ചതിനാൽ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ഐപിഎൽ പാതിവഴിയിൽ നിർത്തിവച്ചിരുന്നു.

തുടർന്ന് സീഫർട്ടിനെ ഓസ്‌ട്രേലിയയുടെ മുൻ താരം മൈക്ക് ഹസ്സിക്കൊപ്പം ചികിത്സയ്ക്കായി ചെന്നൈയിലേക്കു മാറ്റി. അവിടെവച്ച് കോവിഡ് മുക്തനായതോടെ സീഫർട്ട് നാട്ടിലേക്ക് മടങ്ങുകയായിരുന്നു.

ഐപിഎൽ പാതിവഴിയിൽ നിർത്തിവച്ചതോടെ മറ്റു ന്യൂസീലൻഡ് താരങ്ങൾക്കൊപ്പം നാട്ടിലേക്കു മടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു സീഫർട്ട്. മെയ്‌ ആറിനു നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവായതോടെ മറ്റു താരങ്ങൾക്കൊപ്പം സീഫർട്ടും ഡൽഹിയിലെത്തി. തൊട്ടടുത്ത ദിവസം വിമാനത്തിൽ കയറും മുൻപു നടത്തിയ മറ്റൊരു പരിശോധനയിലാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ യാത്ര നീട്ടിവച്ചു.

'എനിക്ക് കോവിഡാണെന്ന് അറിഞ്ഞ നിമിഷം, ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ നിമിഷം അതായിരുന്നു. ലോകം ഒരുനിമിഷം നിശ്ചലമായതായി തോന്നിപ്പോയി. എന്താണ് ഇനി സംഭവിക്കുകയെന്ന് ഒരു പിടിയും കിട്ടിയില്ല. അതാണ് നമ്മെ ഏറ്റവും ഭയപ്പെടുന്ന കാര്യം. മോശം കാര്യങ്ങൾ മാത്രമാണ് ആ സമയത്തു നമ്മൾ കേൾക്കുന്നത്. അതെല്ലാം എനിക്കും സംഭവിക്കുമെന്ന് തോന്നിപ്പോയി. ഇതെല്ലാം ഏറെ ബുദ്ധിമുട്ടി' സീഫർട്ട് വിവരിച്ചു.

'എനിക്ക് ചെറിയ തോതിൽ ചുമയുണ്ടായിരുന്നു. അത് ആസ്തമയുടെ പ്രശ്‌നമായിരിക്കുമെന്നാണ് ഞാൻ കരുതിയത്. കോവിഡ് പോസിറ്റീവാണെന്ന് അറിഞ്ഞപ്പോൾ എന്റെ ഹൃദയം നിലച്ചുപോയി. ഞാൻ നേരെ മുറിയിലേക്കു പോയി. അടുത്ത നടപടി എന്താണെന്ന് ആലോചിച്ചു' സീഫർട്ട് പറഞ്ഞു. ഇതിനിടെ, കോവിഡ് പരിശോധനാ ഫലം നെഗറ്റീവായ മറ്റു ന്യൂസീലൻഡ് താരങ്ങൾ നാട്ടിലേക്കു മടങ്ങിയത് അനിശ്ചിതാവസ്ഥ വർധിപ്പിച്ചെന്ന് സീഫർട്ട് പറഞ്ഞു.

'മറ്റുള്ള താരങ്ങളെല്ലാം ഇന്ത്യ വിട്ടതോടെ ഇവിടെ ശേഷിച്ച ഒരേയൊരു വിദേശ താരം ഞാനായി. അതോടെയാണ് ഞാൻ ഏറ്റവും പകച്ചുപോയത്. പിന്നീട് ദിവസങ്ങൾ പിന്നിട്ടതോടെ ഭയം അൽപം കുറഞ്ഞു. ന്യൂസീലൻഡ് താരങ്ങൾ നാട്ടിലെത്തിയതോടെ ഈ വെല്ലുവിളി നേരിട്ടേ മതിയാകൂ എന്ന് മനസ്സിലായി. എനിക്ക് കോവിഡ് ബാധിച്ച സമയത്ത് ഇന്ത്യയിലെ ഓക്‌സിജൻ ക്ഷാമത്തേക്കുറിച്ച് മാത്രമാണ് കേൾക്കാനുണ്ടായിരുന്നത്. ആ അവസ്ഥയിലേക്ക് നമ്മളും എത്തുമോയെന്ന് യാതൊരു ഉറപ്പുമില്ലാത്തത് കുറച്ചൊന്നുമല്ല ഭയപ്പെടുത്തിയത്' സീഫർട്ട് പറഞ്ഞു.

 ????️ "The world stops a little bit"

'കോവിഡാണെന്ന് മനസ്സിലാക്കിയ നിമിഷം ഏറ്റവും ഭയപ്പെടുത്തിയ കാര്യം, ചുറ്റിലും നിന്ന് കേൾക്കുന്ന മോശം വാർത്തകളാണ്. ആളുകളോട് സംസാരിച്ചാലും മാധ്യമങ്ങളിലൂടെ വാർത്തകൾ അറിയാൻ ശ്രമിച്ചാലും അതുതന്നെ അവസ്ഥ. ഇതെല്ലാം സംഭവങ്ങളുടെ നെഗറ്റീവ് വശം മാത്രമാണ്. പക്ഷേ, കോവിഡിനെ മറികടന്ന ഒട്ടേറെപ്പേരുണ്ട്. അവരുടെ അനുഭവങ്ങൾ എന്നെയും സഹായിച്ചു' സീഫർട്ട് പറഞ്ഞു. കോവിഡ് ബാധിച്ചതിനു ശേഷം ചെന്നൈയിൽ കഴിയുന്ന കാലത്ത് സഹായിച്ച ന്യൂസീലൻഡ് താരങ്ങളായിരുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പരിശീലകൻ ബ്രണ്ടൻ മക്കല്ലം, ചെന്നൈ സൂപ്പർ കിങ്‌സ് പരിശീലകൻ സ്റ്റീഫൻ ഫ്‌ളെമിങ് എന്നിവർക്ക് നന്ദി പറയുമ്പോൾ, സീഫർട്ടിന് കണ്ണീരടക്കാനായില്ല.

'ഇന്ത്യയിൽവച്ച് ഐപിഎൽ നടക്കുമ്പോൾ ഞാൻ അതിന്റെ ഭാഗമാകുന്നത് ആദ്യമായിട്ടാണ്. മക്കല്ലത്തിനും ഫ്‌ളെമിങ്ങിനും ഇന്ത്യയിൽ ആഴമേറിയ ബന്ധങ്ങളുണ്ട്. കോവിഡ് ബാധിച്ച സമയത്ത് മറ്റു താരങ്ങളേക്കാൾ എനിക്ക് ഏറ്റവും ആശ്വാസം ലഭിച്ചത് ഇവരോട് സംസാരിക്കുമ്പോഴാണ്. അവർ എന്നെ ഒരുപാട് സഹായിച്ചു. ഏറ്റവും ബുദ്ധിമുട്ടേറിയ ഘട്ടമായിരുന്നെങ്കിലും അവർ ചെയ്ത ഉപകാരങ്ങൾക്ക് നന്ദി പറയാനാകില്ല. അവർ എന്റെ കോവിഡ് കാല ജീവിതം അനായാസമാക്കി' സീഫർട്ട് പറഞ്ഞു.

'ഇപ്പോൾ വളരെ സന്തോഷത്തിലാണ് ഞാൻ. രണ്ടു മാസത്തിനുള്ളിൽ എന്റെ വിവാഹമുണ്ടാകും. ഞാൻ നാട്ടിൽ തിരിച്ചെത്തിയതിൽ എന്റെ പ്രതിശ്രുത വധുവും ആശ്വാസത്തിലാണ്. ഇപ്പോഴെങ്കിലും നാട്ടിൽ എത്തിയതിനാൽ വിവാഹച്ചടങ്ങുകളുടെ കാര്യത്തിൽ കൂട്ടായി തീരുമാനങ്ങളെടുക്കാം. എന്തായാലും ഇപ്പോൾ പോസിറ്റീവായിട്ടുള്ള കാര്യങ്ങൾ മാത്രമാണ് മനസ്സിലുള്ളത്' സീഫർട്ട് വെളിപ്പെടുത്തി.