ചെന്നൈ: തമിഴ്‌നാട്ടിലും കർണാടകയിലും കോവിഡ് വ്യാപനം രൂക്ഷം. 24 മണിക്കൂറിനിടെ 6,000പേർക്കാണ് കർണാടകയിൽ വൈറസ് ബാധ കണ്ടെത്തിയത്. ഈ സമയത്ത് 39 പേർ മരിച്ചതായി കർണാടക ആരോഗ്യവകുപ്പ് കണക്കുകൾ വ്യക്തമാക്കുന്നു.

പുതിയ കേസുകളോടെ രോഗബാധിതരുടെ എണ്ണം 10.26 ലക്ഷമായി ഉയർന്നു. മരണസംഖ്യ 12,696 ആയി ഉയർന്നതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. 24 മണിക്കൂറിനിടെ 3,487 പേരാണ് രോഗമുക്തി നേടിയത്.

പുതിയ രോഗികളിൽ ഭൂരിഭാഗവും ബംഗളൂരു നഗരത്തിൽ നിന്നാണ്. ബംഗളൂരു നഗരത്തിൽ 4266 പേർക്കാണ് പുതുതായി രോഗബാധ ഉണ്ടായത്. നിലവിൽ സംസ്ഥാനത്ത് 45,107 പേരാണ് ചികിത്സയിൽ കഴിയുന്നത്.

തമിഴ്‌നാട്ടിൽ 3645 പേർക്കാണ് പുതുതായി രോഗബാധ കണ്ടെത്തിയത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 9,07,124 ആയി ഉയർന്നു. 15 പേർ കൂടി വൈറസ് ബാധയെ തുടർന്ന് മരിച്ചതോടെ മരണസംഖ്യ 12,804 ആയി ഉയർന്നതായി തമിഴ്‌നാട് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.

24 മണിക്കൂറിനിടെ 1809 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തരുടെ ആകെ എണ്ണം 8,68,722 ആയി ഉയർന്നു. നിലവിൽ 25,598 പേരാണ് ചികിത്സയിൽ കഴിയുന്നത്.

ഒരു ഇടവേളയ്ക്ക് ശേഷം ചെന്നൈ നഗരത്തിൽ കോവിഡ് കേസുകൾ ഉയരുന്നത് ആശങ്ക പരത്തുന്നുണ്ട്. ചെന്നൈയിൽ മാത്രം 1303 പേർക്കാണ് പുതുതായി രോഗബാധ കണ്ടെത്തിയത്.