ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഏപ്രിലിലേക്ക് നീട്ടുന്നതിനെക്കുറിച്ചും കോവിഡ് -19 അണുബാധയ്ക്ക് ശേഷം വിദേശത്ത് നിന്ന് മടങ്ങുന്നവർക്കായി പുതിയ നിയമങ്ങൾ ഏർപ്പെടുത്തുന്നതിനെക്കുറിച്ചും ജർമ്മനി ആലോചിക്കുന്നു. രാജ്യത്ത് കോറോണ വൈറസിന്റെ മൂന്നാം തരംഗത്തിൽ പെട്ട് വലയുമ്പോൾ ഭാഗിക ലോക്ക്ഡൗൺ ഏപ്രിലിലേക്ക് നീട്ടാനാണ് ആലോചിക്കുന്നത്.

നിലവിൽ ഉയർന്ന തോതിലുള്ള അണുബാധകൾ കാരണം ഏപ്രിലിൽ നിർണ്ണയിക്കപ്പെടേണ്ട തീയതി വരെ നിയന്ത്രണങ്ങൾ നീണ്ടുനിൽക്കും.നിലവിലെ നിയന്ത്രണങ്ങൾ മാർച്ച് അവസാനം വരെ നീണ്ടുനിൽക്കും.അണുബാധയുടെ നിരക്ക് വീണ്ടും അതിവേഗം ഉയരുന്ന സാഹചര്യത്തിൽ, നിയന്ത്രണങ്ങൾ കൂടുതൽ ലഘൂകരിക്കുന്നതിനെതിരെ ആരോഗ്യ അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു.എന്നാൽ ലോക്ഡൗൺ നിയന്ത്രണങ്ങൾക്കെതിരേ ആയിരക്കണക്കിനാളുകൾ കാസൽ നഗരത്തിൽ പ്രകടനം നടത്തി. പ്‌ളക്കാർഡുകളും മുദ്രാവാക്യവുമായാണ് ജനക്കൂട്ടം തെരുവിലിറങ്ങിയത്. ഓൺലൈനായാണ് ഇത് ആസൂത്രണം ചെയ്യപ്പെട്ടത്.

പ്രതിഷേധക്കാർ ബോട്ടിലുകൾ വലിച്ചെറിഞ്ഞതായും ബാരിക്കേഡുകൾ തകർക്കാൻ ശ്രമിച്ചതായും പൊലീസ് ട്വീറ്റ് ചെയ്തു. കോവിഡ് നിർദേശങ്ങൾ ലംഘിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാർ മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്തില്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു.അതേസമയം, കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന അഭിപ്രായവുമായി മറ്റൊരു വിഭാഗവും തെരുവിലിറങ്ങി. മാസ്‌ക് ധരിച്ചും വാക്‌സിൻ സ്വീകരിച്ചുവെന്ന പ്‌ളക്കാർഡുകൾ ഉയർത്തിയുമായിരുന്നു പ്രതിഷേധം.

ജർമനിയിൽ ലോക്ഡൗൺ പ്രഖ്യാപിച്ചിട്ട് നാലുമാസമാകുന്നു. യു.എസിനെയും ബ്രിട്ടനെയും അപേക്ഷിച്ച് മന്ദഗതിയിലാണ് ജർമനിയിലെ വാക്‌സിനേഷൻ.