കോഴിക്കോട് : പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കു പോയി കോവിഡ് ബാധിച്ച അദ്ധ്യാപിക രണ്ടര മാസമായി ആശുപത്രിയിൽ. 45 ദിവസം വെന്റിലേറ്ററിൽ കഴിയുകയും ചികിത്സയ്ക്കായി ലക്ഷങ്ങൾ ചെലവാക്കുകയും ചെയ്തിട്ടും സ്ഥിതി ഗുരുതരമായി തുടരുന്നു.കോഴിക്കോട് വെള്ളിമാട്കുന്ന് കാർത്തികയിൽ കെ.വി.സുധയാണ് (48) ആശുപത്രിയിൽ കഴിയുന്നത്.

ശ്വസനം പൂർണമായും തടസപ്പെട്ടതോടെ കഴുത്തിൽ ദ്വാരമുണ്ടാക്കേണ്ടി വന്നിരിക്കുകയാണ്. പറമ്പിൽ ബസാർ സ്‌കൂളിൽ ഹൈസ്‌കൂൾ അദ്ധ്യാപികയായ സുധയ്ക്കു പെരുവയൽ എൻജിനീയറിങ് കോളജിലായിരുന്നു പോളിങ് ഡ്യൂട്ടി. ഡ്യൂട്ടി കഴിഞ്ഞതിനു ശേഷം പനിയും തൊണ്ടവേദനയുമുണ്ടായി.

ഡിസംബർ 24ന് സ്ഥിതി ഗുരുതരമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ന്യൂമോണിയ ബാധിക്കുകയും ശ്വാസകോശത്തിന്റെ പ്രവർത്തനം ഗുരുതരമായി തകരാറിലാകുകയും ചെയ്തതോടെ വെന്റിലേറ്റർ സൗകര്യമുള്ള ബേബി മെമോറിയൽ ആശുപത്രിയിലേക്കു മാറ്റി. ഡിസംബർ 31 മുതൽ അവിടെ വെന്റിലേറ്ററിലാണ് സുധ.

സുധയിൽ നിന്നു പ്രായമായ അച്ഛനും ഭർത്താവിനും അച്ഛനെ പരിചരിക്കുന്ന ഹോംനഴ്‌സിനും കോവിഡ് ബാധിച്ചിരുന്നു. പക്ഷാഘാതം ബാധിച്ചതോടെ അച്ഛനെ വിദഗ്ധ പരിചരണത്തിനായി തൃശൂരിലെ ഹോം നഴ്‌സിങ് ഏജൻസിയിലേക്കു മാറ്റേണ്ടി വന്നു.