ന്യൂഡൽഹി: കോവിഡ് 19-നെതിരെ ഫലപ്രദമായ ചികിത്സ കണ്ടെത്തിയെന്നവകാശപ്പെട്ട് ആയുർവേദ വൈദ്യനെ കണ്ടംവഴി ഓടിച്ചു സുപ്രീംകോടതി. കോവിഡ് മരുന്നു കണ്ടു പിടിച്ചു എന്നവകാശപ്പെട്ടു സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയാണ് സുപ്രിംകോടതി തള്ളിയത്. ഹർജി നിരസിച്ചതിനുപുറമേ ഇയാൾക്ക് 10,000 രൂപയുടെ പിഴയും കോടതി ചുമത്തി.

കോവിഡിനെതിരെ ഫലപ്രദമായ മരുന്നു കണ്ടെത്തിയെന്ന് അവകാശപ്പെട്ട് ഹരിയാണ സ്വദേശിയായ ഓംപ്രകാശ് വേദ് ഗ്യാന്തരയാണ് സുപ്രീം കോടതിയെ സമീപിച്ചത്. രാജ്യത്തുടനീളമുള്ള ഡോക്ടർമാരും ആശുപത്രികളും കോവിഡ് -19 മരുന്ന് ഉപയോഗിക്കാമെന്ന് ഓംപ്രകാശ് തന്റെ പൊതുതാൽപര്യ ഹർജിയിൽ അവകാശപ്പെട്ടു. കേന്ദ്രസർക്കാരിനോടും കേന്ദ്ര ആരോഗ്യവകുപ്പിനോടും കോവിഡ് 19 ചികിത്സയ്ക്ക് തന്റെ മരുന്ന് ഉപയോഗിക്കാൻ ഉത്തരവിടണമെന്നും ഇയാൾ ആവശ്യപ്പെട്ടിരുന്നു.

ഇത്തരത്തിൽ വിചിത്രമായ പൊതുതാല്പര്യ ഹർജികൾ സുപ്രീം കോടതിയിൽ ഫയൽ ചെയ്യുന്നതിനെതിരെയുള്ള ശക്തമായ സന്ദേശമെന്ന നിലയിലാണ് കോടതി ഇയാൾക്ക് പിഴ വിധിച്ചത്.