പട്‌ന: ബിഹാറിലെ കോവിഡ് സാഹചര്യത്തെ നേരിടുന്നതിൽ നിതീഷ് കുമാർ സർക്കാർ തികഞ്ഞ പരാജയമാണെന്നു ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ്. ഓക്‌സിജനും വാക്‌സിനും മാത്രമല്ല പനിക്കുള്ള സാധാരണ മരുന്നുകൾ പോലും ബിഹാറിൽ കിട്ടാനില്ലെന്ന് അദ്ദേഹം ട്വിറ്ററിൽ വിമർശിച്ചു.

എയിംസ് ആശുപത്രി വിട്ട് ഡൽഹിയിൽ മകൾ മിസ ഭാരതിയുടെ വസതിയിൽ കഴിയുന്ന ലാലു പ്രസാദ്, ഞായറാഴ്ച വിഡിയോ കോൺഫറൻസിലൂടെ ആർജെഡി നേതാക്കളുമായി സംവദിക്കും. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ലാലു പട്‌നയിലേക്കുള്ള മടക്കം നീട്ടിവച്ചിരിക്കുകയാണ്.

കാലിത്തീറ്റ കുംഭകോണ കേസിൽ ജാമ്യത്തിലിറങ്ങിയ ലാലു പ്രസാദ് യാദവ് ബിഹാർ രാഷ്ട്രീയത്തിൽ വീണ്ടും സജീവമാകുന്നതിന്റെ സൂചനയാണ് യോഗം. ആർജെഡി എംപിമാരും എംഎൽഎമാരുമുൾപ്പെടെ ബിഹാറിലെ മുതിർന്ന നേതാക്കൾ വിഡിയോ കോൺഫറൻസിൽ പങ്കെടുക്കും.

ബിഹാറിലെ കോവിഡ് സ്ഥിതിഗതി ചർച്ച ചെയ്യാനാണ് ലാലു അടിയന്തര യോഗം വിളിച്ചിട്ടുള്ളത്. ആർജെഡി എംപിമാരും എംഎൽഎമാരും തങ്ങളുടെ മണ്ഡലങ്ങളിൽ കോവിഡ് സാഹചര്യത്തിൽ ജനങ്ങളെ സഹായിക്കാൻ ലാലു നേരത്തേ നിർദേശിച്ചിരുന്നു. ആരോഗ്യ കേന്ദ്രങ്ങൾ സന്ദർശിച്ച് ചികിൽസാ സൗകര്യങ്ങളും സംവിധാനങ്ങളും വിലയിരുത്താനും ആർജെഡി നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു.