ന്യൂഡൽഹി: ലോകത്ത് കോവിഡ് ബാധയിൽ ഏറ്റവും അപകടകരമായ രാജ്യമായി ഇന്ത്യ മാറി. ഭീതിയുയർത്തി രാജ്യത്തെ കോവിഡ് കേസുകൾ കുതിച്ചുയരുന്ന അവസ്ഥയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 3,32,730 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് മഹാമാരി ആരംഭിച്ചതിനു ശേഷം ലോകത്ത് ഒരു രാജ്യത്തുണ്ടാകുന്ന ഏറ്റവും കൂടിയ പ്രതിദിന രോഗബാധയാണിത്. തുടർച്ചയായി രണ്ടാം ദിവസമാണ് രാജ്യത്തെ കോവിഡ് കേസുകൾ മൂന്ന് ലക്ഷം പിന്നിടുന്നത്.

കോവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം 2,263 പേർ മരിച്ചതായും മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയിലെ ഏറ്റവും ഉയർന്ന പ്രതിദിന മരണനിരക്കാണിത്. ഇന്ത്യയിലെ ആകെ രോഗബാധിതരുടെ എണ്ണം 1,62,63,695 ആയി ഉയർന്നു. മരണ സംഖ്യ 1,86,920 ആയി. നിലവിൽ ഇന്ത്യയിൽ 24,28,616 സജീവ രോഗികളുണ്ട്. രോഗമുക്തരായവരുടെ എണ്ണം 1,36,48,159 ആണ്.

കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,14,835 ആയിരുന്നു. 13,54,78,420 പേർ ഇതുവരെ വാക്സിനേഷൻ സ്വീകരിച്ചു. ഡൽഹിയിൽ സ്ഥിതി ഗുരുതരമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മിക്ക ആശുപത്രികളും കടുത്ത വാക്സിൻ ക്ഷാമം നേരിടുന്നുണ്ട്. ഡൽഹിയിൽ ഗംഗാറാം ആശുപത്രിയിൽ ഓക്സിജൻ ക്ഷാമത്തെ തുടർന്ന 24 മണിക്കൂറിനിടെ 25 രോഗികൾ മരിച്ചു. ആശുപത്രിയിൽ ഇനി രണ്ട് മണിക്കൂർ ഉപയോഗിക്കാനുള്ള വാക്സിൻ മാത്രമെ അവശേഷിക്കുന്നുള്ളു. 60 പേരുടെ നില ഗുരുതരമായി തുടരുകയാണ്.

മധ്യപ്രദേശ്, ഉത്തർപ്രദേശ്, ബീഹാർ, അസം, ഛത്തീസ്‌ഗണ്ഡ്, കേരളം, ഗോവ, സിക്കിം, ബംഗാൾ, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ സൗജന്യമായി വാക്സിൻ വിതരണം ചെയ്യുമെന്ന് അതത് സർക്കാരുകൾ അറിയിച്ചിട്ടുണ്ട്. മെയ് ഒന്ന് മുതൽ രാജ്യത്ത് 18 വയസിന് മുകളിലുള്ള മുഴുവൻ പേരും വാക്സിൻ എടുക്കണമെന്നാണ് കേന്ദ്ര നിർദ്ദേശം.

കേരളത്തിൽ ഇന്നലെ 26,995 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചത്. എറണാകുളം 4396, കോഴിക്കോട് 3372, തൃശൂർ 2781, മലപ്പുറം 2776, കോട്ടയം 2485, തിരുവനന്തപുരം 2283, കണ്ണൂർ 1747, പാലക്കാട് 1518, പത്തനംതിട്ട 1246, ആലപ്പുഴ 1157, കൊല്ലം 988, ഇടുക്കി 931, കാസർഗോഡ് 701, വയനാട് 614 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്.