ഡൽഹി: കോവിഡ് പ്രതിരോധത്തിൽ ആരോഗ്യപ്രവർത്തകരുടെ സേവനം കാര്യക്ഷമമാക്കുന്നതിന് കേന്ദ്രസർക്കാറിന്റെ ഇടപെടൽ.
എംബിബിഎസ് അവസാന വർഷ വിദ്യാർത്ഥികളുടെ സേവനം ഉപയോഗപ്പെടുത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. മെഡിക്കൽ പിജിക്കാരുടെ റസിഡന്റ് കാലാവധി അടുത്ത പിജി ബാച്ച് വരുന്നതുവരെ നീട്ടി.ബിഎസ്‌സി, ജിഎൻഎം നഴ്‌സുമാരെ മുഴുവൻ സമയ കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കാം. കോവിഡ് ഇൻഷുറൻസ് പരിധിയിൽ ഉൾപ്പെടുത്തും; വാക്‌സീനും നൽകും. പിന്നാലെ വരുന്ന സർക്കാർ നിയമനങ്ങളിൽ മുൻഗണനയുമുണ്ടാകും.

ഇതിനുപുറമെ കൂടുതൽ പേരെ ആകർഷിക്കുന്നതിനായി 100 ദിവസം കോവിഡ് ഡ്യൂട്ടി എടുക്കുന്ന പ്രവർത്തകർക്ക് പ്രധാനമന്ത്രിയുടെ വിശിഷ്ട കോവിഡ് സേവ ദേശീയ പുരസ്‌കാരം ലഭിക്കും. താൽക്കാലികമായി നിയമിക്കുന്നവരുടെ വേതന കാര്യത്തിൽ ദേശീയ ആരോഗ്യ പദ്ധതിയുടെ മാനദണ്ഡം പാലിച്ച്, അതതു സംസ്ഥാനങ്ങൾക്കു തീരുമാനമെടുക്കാമെന്നും നിർദ്ദേശമുണ്ട്.

മറ്റു നിർദ്ദേശങ്ങൾ

  • മെഡിക്കൽ ഇന്റേൺഷിപ് ചെയ്യുന്നവരെ, അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ കോവിഡ് ഡ്യൂട്ടികളിൽ നിയോഗിക്കാം. ഇതും ഇന്റേൺഷിപ്പിന്റെ ഭാഗമാക്കും.
  • ടെലികൺസൽട്ടേഷൻ, നേരിയ കോവിഡ് ബാധയുള്ളവരുടെ ചികിത്സ തുടങ്ങിയവയ്ക്ക് അവസാന വർഷ എംബിബിഎസുകാരെ നിയോഗിക്കാം.
  • ബിഎസ്‌സി, ജിഎൻഎം യോഗ്യതയുള്ള നഴ്‌സുമാരെ മുതിർന്ന ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും മേൽനോട്ടത്തിൽ ഐസിയു ചുമതലകളിൽ നിയോഗിക്കാം. എംഎസ്‌സി നഴ്‌സിങ് വിദ്യാർത്ഥികൾ, പോസ്റ്റ് ബേസിക് ബിഎസ്‌സി, പോസ്റ്റ് ബേസിക് ഡിപ്ലോമ എന്നിവ പഠിക്കുന്നവർ രജിസ്റ്റേഡ് നഴ്‌സുമാരാണെന്നതിനാൽ കോവിഡ് രോഗികളെ പരിചരിക്കാം. ബിഎസ്‌സി, ജിഎൻഎം അവസാന വർഷ പരീക്ഷയെഴുതുന്നവരെയും കോവിഡ് ആശുപത്രികളിൽ നിയോഗിക്കാം.
  • അനുബന്ധ ആരോഗ്യപ്രവർത്തകരുടെ കാര്യത്തിൽ അവരുടെ സർട്ടിഫിക്കറ്റുകളുടെയും ലഭിച്ച പരിശീലനത്തിന്റെയും അടിസ്ഥാനത്തിൽ കോവിഡ് പ്രവർത്തനങ്ങളിൽ പ്രയോജനപ്പെടുത്താം.
  • നീറ്റ് പിജി നീട്ടി: മെഡിക്കൽ പിജി പ്രവേശനത്തിനുള്ള നീറ്റ് പിജി പരീക്ഷ 4 മാസത്തേക്ക് മാറ്റിവച്ചു. ഓഗസ്റ്റ് 31നുള്ളിൽ പരീക്ഷ നടത്തില്ല. പുതിയ തീയതിക്ക് ഒരു മാസം മുൻപെങ്കിലും വിദ്യാർത്ഥികൾക്ക് അറിയിപ്പു നൽകും. നീറ്റ് പിജിക്കു തയ്യാറെടുക്കുന്ന ഡോക്ടർമാർക്കു കോവിഡ് ഡ്യൂട്ടികളുടെ ഭാഗമാകാം.
  • കരാർ നിയമനം: ആരോഗ്യവകുപ്പുകളിൽ ഡോക്ടർമാർ, നഴ്‌സുമാർ, അനുബന്ധ ജീവനക്കാർ എന്നിവരുടെ ഒഴിവുള്ള തസ്തികകളിൽ 45 ദിവസത്തിനുള്ളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്താം.