തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ രണ്ടു പ്രതിനിധികൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ഐ ബി സതീഷ് എംഎൽഎ, ഇ ജി മോഹനനുമാണ് കോവിഡ് സ്ഥിരീകരിച്ചത്. പ്രതിനിധികൾക്ക് രോഗം സ്ഥിരീകരിച്ചിട്ടും പ്രതിനിധി സമ്മേളനം തുടരുകയാണ്.

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിൽ പൊതുയോഗങ്ങളും ഒത്തുചേരലുകളും കളക്ടർ നിരോധിച്ചിരുന്നു. എന്നാൽ സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം തുടരുകയാണ്. നാളത്തെ പൊതുസമ്മേളനം മാത്രമാണ് ഓൺലൈനാക്കിയത്.

ജില്ലാ സമ്മേളനത്തിൽ മന്ത്രി ഓഫീസുകൾക്ക് എതിരെയും മന്ത്രിമാർക്ക് എതിരെയും രൂക്ഷ വിമർശനമാണ് പ്രതിനിധികൾ ഉയർത്തിയത്. മന്ത്രി ഓഫീസുകൾക്കെതിരെ വി കെ പ്രശാന്ത് എംഎൽഎയാണ് വിമർശനം ഉയർത്തിയത്. മന്ത്രി ഓഫീസുകൾക്ക് വേഗം പോരാ. പല കാര്യങ്ങളും വൈകുന്നു തുടങ്ങിയ വിമർശനങ്ങളാണ് പാളയം ഏരിയ കമ്മിറ്റിയുടെ ഭാഗമായി വി കെ പ്രശാന്ത് എംഎൽഎ ഉന്നയിച്ചത്.

ആരോഗ്യ, വ്യവസായ മന്ത്രിമാർക്കെതിരെ വളരെ ഗൗരവതരമായ വിമർശനമാണ് കോവളം ഏരിയ കമ്മിറ്റി ഉന്നയിച്ചത്. ആരോഗ്യമന്ത്രി വീണ ജോർജിന്റെ ഓഫീസിൽ പാവങ്ങൾക്ക് കയറാൻ കഴിയുന്നില്ലെന്നായിരുന്നു വിമർശനം. സാധാരണ കുടുംബങ്ങളിൽ നിന്ന് വരുന്ന സ്ത്രീകളെ അപവാദം പറഞ്ഞ് തളർത്തുകയാണെന്ന് കിളിമാനൂർ ഏര്യാ കമ്മിറ്റിയിൽ നിന്നും വിമർശനം ഉയർന്നു. നേതാക്കന്മാരുടെ വീടുകളിൽ നിന്ന് സ്ത്രീകളെ വിടുന്നില്ലെന്നും വനിതാ പ്രതിനിധി ആരോപിച്ചു.

കോവിഡ് വ്യാപന നിരക്ക് ഉയർന്ന സാഹചര്യത്തിലാണ് തിരുവനന്തപുരം ജില്ലയിൽ കർശന നിയന്ത്രണങ്ങൾ ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയത്. ജില്ലയിൽ പൊതുയോഗങ്ങളും സാമൂഹിക ഒത്തുചേരലുകളും നിരോധിച്ചുകൊണ്ടാണ് ജില്ലാ കളക്ടർ ഉത്തരവിറക്കിയത്. 50ൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്ന യോഗങ്ങളും ഒത്തുചേരലുകളും അനുവദിക്കില്ല. നേരത്തേ നിശ്ചയിച്ചു പോയ ഇത്തരം യോഗങ്ങൾ ഉണ്ടങ്കിൽ സംഘാടകർ അത് മാറ്റിവെക്കണമെന്നുമാണ് ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ചെയർപേഴ്‌സൺ കൂടിയായ കളക്ടർ അറിയിച്ചത്.

കല്യാണങ്ങൾക്കും മരണാനന്തരചടങ്ങുകൾക്കും പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം 50 ആയി നിജപ്പെടുത്തി. കർശന നിരീക്ഷണത്തിന് സിറ്റി, റൂറൽ ജില്ലാ പൊലീസ് മേധാവിമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ജില്ലയിലെ സർക്കാർ, അർധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേതുൾപ്പെടെ എല്ലാ ഔദ്യോഗിക പരിപാടികളും ചടങ്ങുകളും ഓൺലൈൻ ആയി നടത്തണം.

മാളുകളിലും വ്യാപാരസ്ഥാപനങ്ങളിലും ജനത്തിരക്ക് അനുവദിക്കില്ല. വ്യാപാരസ്ഥാപനങ്ങളിൽ 25 സ്‌ക്വയർ ഫീറ്റിന് ഒരാളെന്ന നിലയിൽ നിശ്ചയിച്ച് മാത്രമേ ആളുകളെ പ്രവേശിപ്പിക്കാൻ പാടുള്ളൂ. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടാൽ 15 ദിവസത്തേക്ക് സ്ഥാപനങ്ങൾ അടച്ചിടണമെന്നും വിവരം പ്രിൻസിപ്പൽ/ഹെഡ്‌മാസ്റ്റർമാർ ബന്ധപ്പെട്ട പ്രദേശത്തെ മെഡിക്കൽ ഓഫീസറെ അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു.

എന്നാൽ ഉത്തരവ് പുറത്തിറങ്ങിയിട്ടും ഭരണസിരാകേന്ദ്രത്തിൽ നടക്കുന്ന സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം മുടക്കമില്ലാതെ പുരോഗമിക്കുന്നതാണ് കണ്ടത്. രണ്ട് പ്രതിനിധികൾക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടും കാര്യങ്ങൾക്ക് മാറ്റമുണ്ടായില്ല. രോഗ പ്രതിരോധ നടപടികളിൽ അടക്കം സാധാരണക്കാർക്ക് ഒരു നയവും രാഷ്ട്രീയ പാർട്ടികൾക്ക് മറ്റൊരു നയവുമെന്ന വിമർശനമാണ് ഉയരുന്നത്.