കോഴിക്കോട്: കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ മിൽമ പാൽസംഭരണം കുറയ്ക്കുന്നു. നാളെ മുതൽ ക്ഷീര സംഘങ്ങളിൽ നിന്ന് വൈകുന്നേരത്തെ പാൽ മിൽമ സംഭരിക്കില്ല. മെയ് ഒന്നു മുതൽ പത്തുവരെ സംഘങ്ങൾ മിൽമയ്ക്ക് നൽകിയിരുന്ന പ്രതിദിന ശരാശരിയുടെ 60 ശതമാനം മാത്രമേ ഇപ്പോൾ സംജാതമായ പ്രതിസന്ധി തരണം ചെയ്യുംവരെ മിൽമ സംഭരിക്കുകയുള്ളൂ.

കോവിഡ് രണ്ടാം തരംഗത്തിന്റെ ഭാഗമായുള്ള ലോക്ഡൗണിൽ മലബാറിലെ മിക്ക കടകമ്പോളങ്ങളും അടഞ്ഞു കിടക്കുന്നതിനാൽ മിൽമയുടെ പാൽ വിപണനം ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. എന്നാൽ ക്ഷീരസംഘങ്ങളിലെ പാൽ സംഭരണം നാൾക്കുനാൾ വർധിക്കുകയുമാണ്. വിൽപ്പന കഴിഞ്ഞ് മൂന്നു ലക്ഷം ലിറ്ററിലേറെ പാലാണ് നിലവിൽ മിൽമയ്ക്ക് മിച്ചം വരുന്നത്. മിച്ചംവരുന്ന പാൽ തമിഴ്‌നാട്ടിലെ സ്വകാര്യ പാൽപ്പൊടി നിർമ്മാണ കേന്ദ്രങ്ങളിൽ അയച്ച് പൊടിയാക്കുകയായിരുന്നു ചെയ്തിരുന്നത്.

പാൽ പൊടിയാക്കുന്നത് വൻ നഷ്ടമാണെങ്കിലും അതുസഹിച്ച് കർഷകരോടൊപ്പം നിൽക്കുകയായിരുന്നു മിൽമ. എന്നാൽ ലോക്ഡൗൺ കാരണം മിച്ചം വരുന്ന പാൽ തമിഴ്‌നാട്ടിൽ അയച്ച് പൊടിയാക്കാൻ സാധിക്കുന്നില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് പാൽ സംഭരണം കുറയ്ക്കുന്നത്.

ലോക്ഡൗൺ മാറി വിപണനം മെച്ചപ്പെടുകയും തമിഴ്‌നാട്ടിലെ ഫാക്ടറികളിലേക്ക് പൊടിയാക്കാൻ കൂടുതൽ പാൽ അയക്കാനുള്ള സാഹചര്യമൊരുങ്ങുകയും ചെയ്യുന്ന പക്ഷം പാൽ സംഭരണം പൂർവ സ്ഥിതിയിൽ തുടരും. എല്ലാ കർഷകരും ക്ഷീര സംഘം ഭാരവാഹികളും സഹകരിക്കണമെന്ന് മിൽമ മലബാർ മേഖലാ യൂണിയൻ ചെയർമാൻ കെ എസ് മണി, മാനെജിങ് ഡയറക്ടർ പി മുരളി എന്നിവർ അറിയിച്ചു.