മുംബൈ: വിഖ്യാത നടൻ ദിലീപ്കുമാറിന്റെ ഇളയ സഹോദരൻ എഹ്സാൻ ഖാൻ (90) കോവിഡ് ബാധിച്ച് മരിച്ചു. മറ്റൊരു സഹോദരൻ അസ്ലാം ഖാനി(88)ന്റെ മരണത്തിന് പിന്നാലെയാണിത്.

ഓഗസ്റ്റ് 15-നാണ് അസ്ലമിനും എഹ്സാനും കോവിഡ് സ്ഥിരീകരിച്ചത്. ഇരുവരെയും മുംബൈ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അസ്ലാം ഖാൻ ഓഗസ്റ്റ് 21-നും എഹ്സാൻ ഖാൻ സെപ്റ്റംബർ മൂന്നിനും മരിച്ചു. ഇരുവർക്കും മറ്റ് ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിരുന്നതായി ആശുപത്രിവൃത്തങ്ങൾ അറിയിച്ചു. കോവിഡ് പ്രതിരോധിക്കുന്നതിന് ദേശവ്യാപക ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിനു മുമ്പുതന്നെ ദിലീപ് കുമാറും ഭാര്യ സൈറാ ബാനുവും സ്വയം സമ്പർക്കവിലക്കിൽ പ്രവേശിച്ചിരുന്നു.

പൂർണമായും മറ്റുള്ളവരിൽനിന്ന് അകന്നാണ് താൻ കഴിയുന്നതെന്നും അണുബാധയകറ്റുന്നതിന് എല്ലാവരും ഈ പാത പിന്തുടരണമെന്നും 97-കാരനായ ദിലീപ്കുമാർ ആഹ്വാനം ചെയ്തിരുന്നു.