തിരുവനന്തപുരം: സംസ്ഥാനത്തോ കോവിഡ് മരണക്കണക്കുകളിൽ ഇപ്പോഴും ആശയക്കുഴപ്പം നിലനിൽക്കുകയാണ്. കോവിഡിന്റെ തുടക്കത്തിൽ കോവിഡ് കാരണം മരണം സംഭവിച്ചിട്ടും നെഗറ്റീവായിരുന്നു എന്ന കാരണത്താൽ ഇത് കോവിഡ് മരണങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താതെ പോയിട്ടുണ്ട്. ഇത്തരം നിരവധി മരണങ്ങൾ ഉണ്ടായിട്ടുണ്ട്്. സുപ്രീംകോടതി ഉത്തരവിൽ കോവിഡ് മരണങ്ങൾക്ക് കേന്ദ്രസർക്കാർ ധനസഹായം പ്രഖ്യാപിച്ചാൽ പലർക്കും കേരളത്തിൽ സഹായം കിട്ടാത്ത അവസ്ഥ വരും.

നൂറുകണക്കിന് കോവിഡ് മരണങ്ങൾ സർക്കാരിന്റെ കണക്കിന് പുറത്താണ് ഇപ്പോഴും. കോവിഡ് മരണം സംബന്ധിച്ച സർക്കാർ പുറത്തുവിട്ട കണക്കും ആശുപത്രിയിലെ മരണ കണക്കും തമ്മിലാണ് വലിയ അന്തരമുണ്ട്. ഐസിഎംആറിന്റെ മാനദണ്ഡം അനുസരിച്ചാണു കോവിഡ് മരണ പട്ടികയിൽ ഉൾപ്പെടുത്തുന്നതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. മരിച്ചവരിൽ ആസ്ത് മ, ക്രോണിക് ബ്രോങ്കൈറ്റിസ് ,ഹൃദ്രോഗം, അർബുദം, ഗുരുതര പ്രമേഹം തുടങ്ങിയ രോഗമുണ്ടായിരുന്നവരാണ് കൂടുതൽ. അതേ സമയം മറ്റ് ആരോഗ്യപ്രശ്‌നങ്ങൾ ഒന്നുമില്ലാതെ എത്തി കോവിഡിന് കീഴടങ്ങിയവരുടെ എണ്ണത്തിനും കുറവില്ല. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് മരണങ്ങൾ സംഭവിച്ചതും തിരുവനന്തപുരം മെഡിക്കൽകോളജിലാണ്.

ആശുപത്രിയിലെ മെയ്‌ മാസ മരണകണക്കാണ് ഞെട്ടിക്കുന്നത്. 31 ദിവസത്തിനിടെ മരിച്ചത് 1299 പേർ. ഓരോ ദിവസവും ശരാശരി 45 മുതൽ 60 വരെ . ഇതിൽ 21 പേർക്ക് പ്രായം 30വയസ്സിനു താഴെ. 3050 വയസ്സ്: 219, 5070: 661, 70നു മുകളിൽ 398 പേരും മരിച്ചു. കൂട്ട മരണങ്ങളെ കുറിച്ചു അടുത്തിടെ ഡോക്ടർമാർ നടത്തിയ വെളിപ്പെടുത്തൽ ശരിവയ്ക്കുന്നതാണ് ഭയപ്പെടുത്തുന്ന ഈ മരണ കണക്ക്. കഴിഞ്ഞ വർഷം മാർച്ചിലായിരുന്നു ആശുപത്രിയിൽ ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്തത്. 3 മാസം കഴിഞ്ഞ് അടുത്ത മരണം. 7ാം മാസം 2പേരാണ് മരിച്ചത്.

സർക്കാർ കണക്കനുസരിച്ച് ഇന്നലെ വരെ 13,235 പേരാണു കോവിഡ് ബാധിച്ചു മരിച്ചത്. ഇതു യഥാർഥ കണക്കല്ലെന്നാണ് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നത്. കോവിഡ് ബാധിച്ചു മരിച്ച പലരും പട്ടികയിൽ വന്നിട്ടില്ല. മാത്രമല്ല, കോവിഡ് ബാധിച്ചു ഗുരുതരാവസ്ഥയിലാകുകയും ചികിത്സയ്ക്കിടെ നെഗറ്റീവാകുകയും ചെയ്തവരുമുണ്ട്. നാളുകൾക്കകം ഇവർ മരിച്ചെങ്കിലും കോവിഡ് പട്ടികയിൽ നിന്ന് ഒഴിവാക്കി. നിലവിലുണ്ടായിരുന്ന രോഗം കോവിഡ് ബാധിച്ചതുകൊണ്ടു മാത്രം മൂർച്ഛിച്ചു മരിച്ചവരെ കോവിഡ് പട്ടികയിൽ ഉൾപ്പെടുത്തണമെന്നാണു ഡോക്ടർമാരുടെ അഭിപ്രായം.

തിരുവനന്തപുരം ജില്ലയിൽ 2759 പേർ കോവിഡ് ബാധിച്ചു മരിച്ചെന്നാണു സർക്കാർ കണക്ക്. എന്നാൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ മാത്രം ജൂൺ 3 വരെ 3,172 പേർ മരിച്ചെന്നാണ് വിവരാവകാശ രേഖ. മെഡിക്കൽ കോളജിലെ മരണം തിരുവനന്തപുരം ജില്ലയുടെ കണക്കിലാണ് ഉൾപ്പെടുത്തുകയെന്ന് അധികൃതർ അറിയിച്ചു. ആശുപത്രിയിൽ മേയിൽ മാത്രം 1299 പേർ മരിച്ചു. ഗുരുതരമായ രോഗങ്ങൾ മൂർഛിച്ചു മരിച്ച ശേഷം കോവിഡ് പോസിറ്റീവാണെന്നു കണ്ടെത്തിയവർ പട്ടികയിൽ ഇല്ല.

തദ്ദേശവകുപ്പിന്റെ മരണ റജിസ്‌ട്രേഷൻ കണക്കനുസരിച്ചു 2021 ജനുവരി ഒന്നു മുതൽ മെയ്‌ 31വരെ 14,535 അധിക മരണങ്ങളാണു കേരളത്തിൽ സംഭവിച്ചിട്ടുള്ളത്. ഇതിൽ എല്ലാ വിഭാഗം മരണങ്ങളും ഉൾപ്പെടും. എന്നാൽ ലോക്ഡൗണും മറ്റുമുള്ളതിനാൽ മരണ റജിസ്‌ട്രേഷൻ കാര്യമായി നടക്കുന്നില്ലെന്നും പരാതിയുണ്ട്

അതേസമയം കേരളത്തിലെ 8 ജില്ലകളിലെ കോവിഡ് സ്ഥിരീകരണ നിരക്കിൽ ആശങ്ക അറിയിച്ചു ചീഫ് സെക്രട്ടറിക്കു കേന്ദ്രം കത്തയച്ചു. ജൂൺ 21 27 കാലയളവിൽ 10 ശതമാനത്തിനു മുകളിൽ ടിപിആർ (രോഗ സ്ഥിരീകരണ നിരക്ക്) രേഖപ്പെടുത്തിയ തിരുവനന്തപുരം, കൊല്ലം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളാണിത്. ഇവിടെ രോഗവ്യാപനം കുറയ്ക്കാൻ കർശന നടപടി വേണമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ കത്തിൽ ചൂണ്ടിക്കാട്ടി. ഈ ജില്ലകളിലെ ആർടിപിസിആർ, ആന്റിജൻ പരിശോധനയുടെ തോതും കത്തിൽ പ്രത്യേകം ചേർത്തിട്ടുണ്ട്.

ജില്ലാതലത്തിലെ പ്രതിരോധ പ്രവർത്തനം, കേസുകൾ കണ്ടെത്താനുള്ള ഊർജിത നടപടി, ബ്ലോക്ക് തല ഘടകങ്ങൾ, ഫലപ്രദമായ നിരീക്ഷണ സംവിധാനം, ഉടനടി ആശുപത്രിയിലാക്കുന്നതിനും ഐസലേഷനുമുള്ള സജ്ജീകരണം, അടിയന്തര സേവനങ്ങൾ തുടങ്ങിയവ ഉറപ്പാക്കണമെന്ന് കത്തിൽ നിർദേശിക്കുന്നു.