തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മൂലമുണ്ടാകുന്ന മരണസംഖ്യ ഉയരുന്നത് ആശങ്ക ഉയർത്തുന്നു. ഈ മാസം ഇതുവരെ കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം 363 ആണ്. അതിൽ 217 പേർ കഴിഞ്ഞ പത്തു ദിവസത്തിനിടെയാണ് മരിച്ചത്. ഇന്നലെ ഒരുദിവസം മാത്രം മരണമടഞ്ഞവരുടെ എണ്ണം 22 ആണ്. ഗുരുതര അസുഖമുള്ളപ്പോൾ കോവിഡ് ബാധിച്ച് മരിച്ചരെയോ കോവിഡ് നെഗറ്റീവായശേഷം വൈറസ് ബാധയുടെ ആഘാതത്തിൽ ഗുരുതരാവസ്ഥയിലായി മരണമടഞ്ഞവരെയോ ഈ കണക്കുകളിലൊന്നും ഉൾപ്പെടുത്തിയിട്ടില്ല.

അവരെക്കൂടി ചേർത്താൽ ഔദ്യോഗിക മരണസംഖ്യയുടെ ഇരട്ടിയോ അതിലേറെയോ പേർ കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ടെന്നാണ് ആരോഗ്യവിദഗ്ധരുടെ നിഗമനം. ഇതിനിടെ ഔദ്യോഗിക മരണസംഖ്യ അയ്യായിരമായി ഉയർന്നിട്ടുണ്ട്. രോഗബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുമ്പോൾ വീടുകളിലുള്ള പ്രായമായവർക്കും ഗുരുതര അസുഖമുള്ളവർക്കും ആരോഗ്യവിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. ശാരീരിക അവശതകളുള്ളവർക്ക് വൈറസ് കൂടുതലായി ബാധിക്കാനും മരണം സംഭവിക്കാനുമുള്ള സാധ്യത ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.

കോവിഡിന്റെ രണ്ടാം വരവിൽ ഗുരുതരാവസ്ഥയിലെത്തുന്നവരുടെ എണ്ണം ഭയാനകമായ വിധം ഉയരുകയാണ്. വെന്റിലേറ്ററിൽ കഴിയുന്നവരുടെ എണ്ണം ആദ്യമായി 300 കടന്നു. ഐസിയുകളിൽ നിലവിൽ 999 പേർ ചികിൽസയിലാണ്.

അതെസമയം ചെറുപ്പക്കാർക്കിടയിൽ പോലും കോവിഡിന്റെ രണ്ടാംവരവ് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കുട്ടികളുടെയും ചെറുപ്പക്കാരുടെയും പോലും ജീവൻ കവർന്നുകൊണ്ടാണ് കോവിഡിന്റെ സംഹാരം തുടരുന്നത്.

17 വയസ്സ് വരെയുള്ള കുട്ടികളിൽ കോവിഡ് ബാധിച്ച് ഇരുപതോളം ജീവനുകൾ ഇതുവരെ നഷ്ടപ്പെട്ടുകഴിഞ്ഞു. 18 മുതൽ 40 വയസ്സ് വരെ പ്രായമുള്ളവരിലെ കോവിഡ് ബാധിച്ചുള്ള മരണം ഇരുന്നൂറിനടുത്തായി. 41 വയസ് മുതൽ 59 വയസ്സ് വരെയുള്ളവരിലാകട്ടെ ആയിരത്തോളം പേരാണ് ഇതുവരെ മരണത്തിന് കീഴടങ്ങിയത്. രോഗം ബാധിച്ചവരിൽ പലരും അത് കാര്യമാക്കാത്തതാണ് മരണനിരക്ക് ഉയരുന്നതിന് പ്രധാനകാരണമെന്നാണ് ഡോക്ടർമാർ പറയുന്നത്. ശ്രദ്ധക്കുറവും മുൻകരുതൽ എടുക്കുന്നതിലെ വീഴ്ചയും ഇതിൽ ഒരു പങ്കുവഹിച്ചിട്ടുണ്ട്. ദീർഘ കാലം നീണ്ടു നിൽക്കുന്ന നിയന്ത്രണങ്ങളോട് സ്വാഭാവികമായും ഉരുത്തിരിയുന്ന നിസ്സംഗത ,ഉത്സവങ്ങൾ, ആൾക്കൂട്ടങ്ങൾ എന്നിവയുടെ തിരിച്ചു വരവ്, നിയന്ത്രണങ്ങൾ ഒന്നുമില്ലാതിരുന്ന തിരഞ്ഞെടുപ്പ് പ്രചരണങ്ങൾ എല്ലാം ഇതിനു കാരണമാണ്. വൈറസിന്റെ പുതിയ വകഭേദങ്ങൾ ആവിർഭവിക്കുന്നതും മറ്റൊരു പ്രധാന കാരണമാണെന്ന് ആരോഗ്യപ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു.

പുതിയ വ്യതിയാനങ്ങൾ ഉണ്ടാക്കുന്ന തരംഗങ്ങൾ പെട്ടെന്ന് കൂടുതൽ ഗുരുതരമാവുക പതിവാണ്. ദക്ഷിണ ആഫ്രിക്കയിൽ രണ്ടാം തരംഗം 20 ശതമാനം കൂടുതൽ ആശുപത്രി മരണങ്ങൾക്ക് കാരണം ആയതായി വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പെട്ടെന്ന് പടരുക, കേസുകൾ പൊടുന്നനെ കുതിച്ചുയരുക, ആരോഗ്യരക്ഷാ സംവിധാനങ്ങൾക്ക് കൈകാര്യം ചെയ്യാവുന്നതിന് അപ്പുറം സ്ഥിതി വഷളാവുക എന്നിവയാണ് ഇതിന് പ്രധാന കാരണങ്ങൾ.

ഇവിടെ നമുക്ക് ഏറ്റവും പ്രതീക്ഷ നൽകുന്ന ഘടകം ഇപ്പൊൾ വികസിപ്പിച്ചെടുത്ത വാക്‌സിനുകളാണ്. വൈറസിലെ പരിവർത്തനങ്ങൾ വാക്‌സിനുകളെ പൂർണ്ണമായും ഫലപ്രദമല്ലാതാക്കും എന്ന് കരുതാനാവില്ല. വേരിയന്റുകളിലെ മിക്കവാറും പഠനങ്ങളും ഇതു തന്നെ സൂചിപ്പിക്കുന്നു. ഒന്നോ അതിലധികമോ വകഭേദങ്ങളിൽ ഈ വാക്‌സിനുകൾ ഏതെങ്കിലും ഫലപ്രദമല്ലെന്ന് തെളിയിക്കുന്ന സാഹചര്യത്തിൽ, ഈ വേരിയന്റുകളിൽ നിന്ന് പരിരക്ഷിക്കുന്നതിന് വാക്‌സിനുകളുടെ ഘടനയിൽ മാറ്റം വരുത്തേണ്ടി വന്നേക്കുമെന്നും ഡോക്ടർമാർ പറയുന്നു.

രോഗലക്ഷണങ്ങൾ കണ്ടാലും നിസ്സാരമെന്ന് കരുതി ചികിൽസ എടുക്കാൻ വൈമുഖ്യം കാണിക്കുന്നതും മരണനിരക്ക് ഉയരുന്നതിന് കാരണമാകുന്നു. ഇത് രോഗബാധ തീവ്രമാകുന്നതിനും കാരണമാകുന്നുണ്ട്. ജീവിതശൈലി രോഗങ്ങളില്ലാത്തവരിൽ പോലും ഈ ഘട്ടത്തിൽ ഹൃദ്രോഗമടക്കം ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുന്നു. ഇതോടെ ഈ പ്രായത്തിലുള്ളവരിലെ മരണവും കൂടുന്നു. സംസ്ഥാനത്തിതുവരെ സ്ഥിരീകരിച്ച അയ്യായിരം മരണങ്ങളിൽ 97 ശതമാനം പേർക്കും സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്.

ഇതുവരെയുള്ള കണക്കുകളിൽ മരണം ഏറ്റവും കൂടുതൽ സംഭവിച്ചിരിക്കുന്നത് തിരുവനന്തപുരത്താണ്. തൊട്ടുപിന്നിൽ തന്നെ കോഴിക്കോടും തൃശ്ശൂരും ഉണ്ട്. രോഗ നിരക്കിന് ആനുപാതികമായ മരണങ്ങളും തിരുവനന്തപുരം ജില്ലയിലാണ് കൂടുതൽ.

മെയ് 1 മുതൽ 18 വയസിന് മുകളിലുള്ളവർക്ക് കൂടി വാക്‌സിനേഷൻ ആരംഭിക്കുമ്പോൾ ഇത് ഏറെക്കുറെ നിയന്ത്രിക്കാൻ കഴിയുമെന്ന് ആരോഗ്യവിദഗ്ദ്ധർ കരുതുന്നു.