തിരുവനന്തപുരം: കോവിഡ് പ്രോട്ടോക്കോൾ നിയമലംഘകർക്കുള്ള പിഴ നിരക്കുകൾ പ്രസിദ്ധീകരിച്ചതിനു പിന്നാലെ കേരള പൊലീസിന്റെ നിലപാടുകളെ പരിഹസിച്ച് സാമൂഹ്യമാധ്യമങ്ങളിൽ കമന്റുകൾ നിറയുന്നു.

തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ നേതാക്കളും അണികളും മാക്‌സ് ധരിക്കാതെ പ്രചാരണം തുടർന്നപ്പോൾ ഇടപെടാതിരുന്ന പൊലീസ് പൊതുജനങ്ങളോട് കർശന നിലപാട് സ്വീകരിക്കുന്നതിലുള്ള അതൃപ്തിയാണ് തുറന്നുപ്രകടിപ്പിക്കുന്നത്.

അക്കാലയളവിൽ മാസ്‌ക് പരിശോധന പോലും നടത്താത്തതിനെതിരെയാണ് ഭൂരിഭാഗം കമന്റുകളും. ഈ ഉത്സാഹം അന്ന് വോട്ടെടുപ്പ് കാലത്ത് കണ്ടിരുന്നെങ്കിൽ ഒന്നുമില്ലേലും ഇന്ന് വാക്‌സീൻ വാങ്ങാനുള്ള കാശെങ്കിലും തരപ്പെടില്ലായിരുന്നോ എന്ന തരത്തിലുള്ള ചോദ്യങ്ങളാണ് നിറയുന്നത്. മാത്രമല്ല മെയ്‌ രണ്ടിനൊന്ന് ആഞ്ഞു പിടിച്ചാലും മതിയെന്നാണ് ചിലരുടെ അഭിപ്രായം.

കാറിൽ 3 പേരിൽ കൂടുതൽ പോയാൽ പിടിക്കാനായി 5 പേരെ കുത്തി നിറച്ച ജീപ്പിൽ പൊലീസെത്തും. മെയ്‌ രണ്ടിനു മുഖം നോക്കാതെ പിടികൂടണം.

അന്നേരം ഞഞ്ഞാ പിഞ്ഞാ പറയരുതെന്നും കമന്റുകളിൽ ആവശ്യപ്പെടുന്നു. മാത്രമല്ല ഈ റസീപ്റ്റുമായി തൃശൂർ പൂരം പരിസരത്തു പോയിരുന്നേൽ കേരളത്തിന്റെ മുഴുവൻ കടവും വീട്ടാമായിരുന്നല്ലോ എന്നും ചോദിക്കുന്നുണ്ട്.

മാസ്‌ക് ധരിക്കാതിരുന്നാലും സാമൂഹിക അകലം പാലിക്കാതിരുന്നാലും 500 രൂപയാണ് പിഴ ഈടാക്കുക. കോവിഡ് പ്രോട്ടോക്കോളിന് വിരുദ്ധമായ ആൾക്കൂട്ടം ഉണ്ടായാൽ 5000 വരെ ഈടാക്കും. ക്വാറന്റൈൻ നിയമങ്ങൾ ലംഘിച്ചാൽ 2000 രൂപയും നിയമങ്ങൾ ലംഘിച്ച് കട തുറന്നാൽ 500 രൂപയും ഈടാക്കുന്നുണ്ട്.

റോഡിൽ തുപ്പിയാലും അഞ്ഞൂറ് രൂപ പിഴ ഈടാക്കാനാണ് നിർദ്ദേശം. അടിയന്തര സാഹചര്യങ്ങളിൽ ഒഴികെ കണ്ടെയ്ന്മെന്റ് സോണിന്റെ ഉള്ളിലേക്ക് പ്രവേശിക്കുകയോ, പുറത്ത് പോകുകയോ ചെയ്താലും 500 രൂപയാണ് പിഴ.

വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെയാണ് സംസ്ഥാനത്തുകൊറോണ നിയന്ത്രണങ്ങൾ കടുപ്പിച്ചത്. പോളിങ് ഏജന്റുമാർക്ക് കൊറോണ പരിശോധന നടത്താനായിരുന്നു ആദ്യ തീരുമാനം. പിന്നാലെ കൊറോണ പ്രോട്ടോക്കോൾ കർശനമായി പാലിക്കാനും നിർദ്ദേശം വന്നു. കൊറോണ കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനമുണ്ടായത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പല ഭാഗങ്ങളിലും ആൾക്കൂട്ടമുണ്ടായ സാഹചര്യത്തിലായിരുന്നു നിയന്ത്രണങ്ങൾ കടുപ്പിച്ചത്.