ചെന്നൈ: രജനീകാന്തിന്റെ പുതിയ ചിത്രമായ അണ്ണാത്തെയുടെ സെറ്റിൽ എട്ടുപേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ചിത്രത്തിന്റെ ഷൂട്ടിങ് താത്കാലികമായി നിർത്തി. ചെന്നൈയിലേക്ക് മടങ്ങുന്ന രജനീകാന്ത് ക്വാറന്റൈനിൽ തുടരും. കോവിഡ് പശ്ചാത്തലത്തിൽ ദീർഘനാളായി നിർത്തിവച്ചിരുന്ന ചിത്രീകരണം കഴിഞ്ഞയാഴ്ചയാണ് വീണ്ടും ആരംഭിച്ചത്.

ജനുവരി 12 നകം ചിത്രീകരണം പൂർത്തിയാക്കുന്ന രീതിയിലായിരുന്നു ക്രമീകരണം. ഇതിന്റെ ഭാഗമായി രജനീകാന്ത് ദിവസം 14 മണിക്കൂർ ജോലി ചെയ്യുന്നതായും വാർത്തകൾ പുറത്തുവന്നിരുന്നു. രാഷ്ട്രീയപാർട്ടി പ്രഖ്യാപനത്തിന്റെ ഭാഗമായി ചിത്രീകരണം വേഗത്തിൽ ആക്കാൻ രജനി അണിയറ പ്രവർത്തകരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഖുശ്‌ബു, നയൻതാര, മീന, കീർത്തി സുരേഷ്, പ്രകാശ് രാജ്, സൂരി തുടങ്ങിവർ രജനീകാന്തിനൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡി ഇമ്മൻ ആണ് സംഗീതം.