തിരുവനന്തപുരം: തലസ്ഥാനത്ത് അഗതി മന്ദിരത്തിൽ കോവിഡ് വ്യാപനം. വെമ്പായം വേറ്റിനാട് ശാന്തിമന്ദിരത്തിലെ 108 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 140 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് 108 പേർക്ക് വെെറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ഇവിടെ ആറ് പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

മൂന്ന് ദിവസം മുൻപ് ഇവിടുത്തെ ഒരു അന്തേവാസിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അതിന് പിന്നാലെ മറ്റ് ചിലർക്ക് പനിയും തലവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് നാലുപേരെ നെടുമങ്ങാട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് അഗതിമന്ദിരത്തിലെ മുഴുവൻ പേർക്കും ആരോഗ്യവകുപ്പ് പരിശോധന നടത്തിയപ്പോൾ 108 പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.

തിരുവനന്തപുരം ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഇന്നലെ 562 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. സമ്പർക്കത്തിലൂടെ 506 പേർക്ക് രോഗം കണ്ടെത്തി.