ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രണ്ടാം തരംഗത്തിലേക്ക് കടക്കുമ്പോഴും വാക്‌സിനേഷൻ നടപടികൾ അതിവേഗം പുരോഗമിക്കുന്നതായി റിപ്പോർട്ട്. രാജ്യത്തെ ജനങ്ങൾക്കു നൽകിയ കോവിഡ് വാക്‌സീൻ ഡോസുകളുടെ എണ്ണം 10 കോടി കടന്നു. 85 ദിവസത്തിനുള്ളിൽ 10 കോടി ഡോസുകൾ നൽകുന്ന ഏറ്റവും വേഗമേറിയ രാജ്യമാണ് ഇന്ത്യയെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

10 കോടി ഡോസ് വാക്‌സീൻ നൽകാൻ യുഎസ് 89 ദിവസമെടുത്തു, ചൈന 102 ദിവസവും. 85 ദിവസത്തിനുള്ളിൽ യുകെ 21.32 മില്യൻ ഡോസുകൾ നൽകി. ആഗോളതലത്തിൽ പ്രതിദിന ഡോസുകളുടെ എണ്ണം കണക്കിലെടുക്കുമ്പോൾ, ദിവസവും ശരാശരി 38,93,288 ഡോസ് നൽകി ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരുകയാണെന്ന് ആരോഗ്യ മന്ത്രാലയം നേരത്തേ അറിയിച്ചിരുന്നു.

രാജ്യത്ത് ഇതുവരെ നൽകിയ കോവിഡ് വാക്‌സീൻ ഡോസുകളുടെ എണ്ണം 10,12,84,282 ആണ്. ലോകത്തെ ഏറ്റവും കുറഞ്ഞ മരണനിരക്കും (1.28 ശതമാനം) ഇന്ത്യയിലാണ്.

മഹാരാഷ്ട്ര, രാജസ്ഥാൻ, ഗുജറാത്ത്, ഉത്തർപ്രദേശ്, ബംഗാൾ, കർണാടക, മധ്യപ്രദേശ്, കേരളം എന്നീ എട്ട് സംസ്ഥാനങ്ങളിലാണ് രാജ്യത്ത് ഇതുവരെ നൽകിയ ആകെ ഡോസിന്റെ 60.62 ശതമാനവും. 45നും 59നും ഇടയിൽ പ്രായമുള്ള 3,01,14,957 പേർക്ക് ആദ്യ ഡോസും 6,37,768 പേർക്ക് രണ്ടാമത്തെ ഡോസും നൽകി.

വാക്‌സിനേഷൻ ഡ്രൈവിന്റെ 85-ാം ദിവസമായ ശനിയാഴ്ച രാത്രി 8 മണി വരെ മൊത്തം 29,65,886 വാക്‌സീൻ ഡോസുകൾ നൽകി. ഇതിൽ 26,31,119 പേർക്ക് ആദ്യ ഡോസും 3,34,767 പേർക്ക് രണ്ടാമത്തെ ഡോസും നൽകി. രാജ്യത്ത്, 45 വയസ്സിനു മുകളിലുള്ളവർക്കായുള്ള വാക്‌സീൻ കവറേജ് വിപുലീകരിക്കുന്നതിനായി ജോലി സ്ഥലങ്ങളിലും വാക്‌സിനേഷൻ എടുക്കുന്നതിനുള്ള വ്യവസ്ഥകൾ കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിരുന്നു.

അതേ സമയം കോവിഡ് രോഗികളുടെ എണ്ണത്തിൽ രാജ്യത്ത് കഴിഞ്ഞ ദിവസം ഏറ്റവും ഉയർന്ന പ്രതിദിന കണക്ക് രേഖപ്പെടുത്തിയിരുന്നു. 1,45,384 പേർക്കാണ് പുതിയതായി രോഗം ബാധിച്ചിരിക്കുന്നത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 1,32,05,0926 ആയി. അവസാന 24 മണിക്കൂറിൽ 794 പേർ മരിച്ചു. ആകെ മരണം 1,68,436 ആയി.

അതേസമയം, സജീവ രോഗികളുടെ എണ്ണം ആദ്യമായി 10 ലക്ഷം കടന്നു. നിലവിൽ 10,46,631 പേർക്കാണ് രോഗമുള്ളത്. ആകെ 9,80,75,160 പേർക്ക് രാജ്യത്ത് വാക്‌സിനേഷൻ എടുത്തിട്ടുണ്ട്.

ഏപ്രിൽ 9 വരെ 25,52,14,803 സാംപിളുകൾ പരിശോധിച്ചതായി ഐസിഎംആർ അറിയിച്ചു. ഇതിൽ 11,73,219 സാംപിളുകൾ ഇന്നലെ മാത്രം പരിശോധിച്ചിട്ടുണ്ട്.