തിരുവനന്തപുരം: സ്‌കൂളുകളിൽ ബയോബബിൾ ആശയം പ്രാവർത്തികമാകില്ലെന്ന് വിദഗ്ദ്ധർ. ആരോഗ്യമന്ത്രി വീണാ ജോർജാണ് സ്‌കൂളുകളിൽ ബയോ ബബിൾ സുരക്ഷ ഉറപ്പാക്കുമെന്ന് വിശദീകരിച്ചത്. എന്നാൽ സ്‌കൂളുകളിൽ നടത്താൻ ഉദ്ദേശിക്കുന്നത് ബോയോ ബബിൾ അല്ലെന്നു അധികൃതർ പറയുന്നു. കുട്ടികൾ വാക്‌സിനേറ്റഡ് അല്ലാത്തതിനാൽ സ്റ്റേഡിയങ്ങളിലേതുപോലുള്ള സംവിധാനം സാധ്യമാകില്ല. എല്ലാവരും സ്‌കൂൾ കോംപൗണ്ടിൽതന്നെ താമസിക്കുന്നുമില്ല. കുട്ടികൾ ഒഴിച്ച് മറ്റുള്ളവരെല്ലാം വാക്‌സിനേറ്റഡ് ആവണമെന്നും, അല്ലാതെ പുറത്തുനിന്നുള്ള ആരെയും സ്‌കൂളിലേക്കു പ്രവേശിപ്പിക്കില്ല. ഇതാണ് തീരുമാനം.

ഇതിനെ ബയോ ബബിൾ എന്ന് വിശദീകരിക്കാൻ കഴിയില്ല. സ്‌കൂൾ വിട്ട് കുട്ടികൾ വീട്ടിൽ പോകുമെന്നതിനാൽ തന്നെ കോവിഡ് സുരക്ഷയിൽ ബബിൾ ഒരുക്കൽ പ്രായോഗികമല്ല. പരമാവധി സുരക്ഷ പാലിക്കൽ മാത്രമാണ് രോഗ വ്യാപനത്തെ തടയാനുള്ള മാർഗ്ഗം. സ്‌കൂളുകൾ തുറക്കുമ്പോൾ 'ബയോബബിൾ' ആശയത്തെ അടിസ്ഥാനമാക്കി കോവിഡിനെതിരെ സുരക്ഷ ഒരുക്കുമെന്നാണ് ആരോഗ്യ മന്ത്രി പരസ്യമായി പറഞ്ഞത്. ഒരു പ്രത്യേക കാലത്തേക്ക് കുറച്ചു പേരെ കോവിഡിൽ നിന്ന് സംരക്ഷിക്കാനുള്ള മാർഗ്ഗമാണ് ബബിൾ. ഇത് സ്‌കൂളുകളിൽ പ്രായോഗികമേ അല്ലെന്നതാണ് വസ്തുത.

കോവിഡ് കാലഘട്ടത്തിൽ കായിക ടൂർണമെന്റുകൾക്കായി ഉണ്ടാക്കിയ സംവിധാനങ്ങൾക്കു നൽകിയ പേരാണ് ബയോ-സെക്യൂർ ബബിൾ അഥവാ ബയോ-ബബിൾ എന്നത്. ഒരു സ്റ്റേഡിയം, കളിക്കാർക്കും മറ്റുള്ളവർക്കുമായുള്ള സ്ഥലങ്ങൾ, താമസസ്ഥലങ്ങൾ എന്നിവയെല്ലാം അടങ്ങിയ പ്രദേശമാണ് ബബിൾ. ആ സ്ഥലത്തേക്കു വാക്‌സിനേഷൻ എടുത്തവരെ മാത്രം പ്രവേശിപ്പിക്കുകയും ബബിളിനുള്ളിൽ കയറിയവർ ടൂർണമെന്റ് കാലഘട്ടത്തിൽ പുറത്തു പോവാതിരിക്കുകയും ചെയ്യുന്ന സംവിധാനമാണിത്. വാക്‌സിന് എടുത്തവരെ പോലും പരിശോധിച്ച് മാത്രം കയറ്റുന്ന ബബിളുകളുമുണ്ട്. അതിനുള്ളിലുള്ളവരുടെ ആരോഗ്യ സംരക്ഷണം ഉറപ്പു വരുത്താനാണ് ഇത്.

ഐപിഎല്ലിൽ ഇത്തരം സുരക്ഷ ഒരുക്കിയിരുന്നു. മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകളെയും പരിശീലകരെയും മറ്റു ജീവനക്കാരെയും സഹായങ്ങൾ എത്തിക്കുന്നവരെയും ഉൾപ്പെടെ ഒരു ഗ്രൂപ്പായി പരിഗണിച്ചു. ഇവരെ മറ്റുള്ളവരുമായി സമ്പർക്കത്തിൽ ഏർപ്പെടാൻ അനുവദിക്കാതെ സുരക്ഷ ഒരുക്കുകയാണ് ചെയ്തത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഇംഗ്ലണ്ട് പര്യടനവും ബബിളിലായിരുന്നു. കളിക്കാരെ സ്വന്തമായ തീരുമാനത്തിൽ പുറത്തു പോകാൻ അനുവദിക്കാത്ത അവസ്ഥ. ഇത് ചിലരിൽ മാനസിക സമ്മർദ്ദവും ഉണ്ടാക്കും. ഇതൊന്നും കുട്ടികളിൽ പ്രായോഗികമേ എല്ല.

സ്‌കൂളുകളിലെ സുരക്ഷ സംബന്ധിച്ച് ചർച്ചകൾ നടക്കുകയാണ്. കുട്ടികളെ ചെറിയ ഗ്രൂപ്പുകളായി തിരിച്ച് മറ്റു വിദ്യാർത്ഥികളിൽനിന്ന് സമ്പർക്കം ഇല്ലാതെ സൂക്ഷിക്കുന്ന രീതിയാണ് നടപ്പിലാക്കാൻ പോകുന്നത്. ഇതിനായി വിദ്യാർത്ഥികളെ ബാച്ചുകളായി തിരിച്ച് വിവിധ ദിവസങ്ങളിൽ ക്ലാസുകൾ നൽകും. സ്‌കൂളിൽ വരാത്ത ബാച്ചിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ ആയി ക്ലാസുകൾ കാണാനുള്ള സൗകര്യവും ഉണ്ടാകും. അങ്ങനെ കരുതലുകളിലൂടെ കുട്ടികളെ സംരക്ഷിക്കാനാണ് തീരുമാനം. തുടക്കത്തിൽ എട്ട്, ഒൻപത് ക്ലാസുകൾക്ക് ഓൺലൈനിലാണ് പഠനം. ഈ സംവിധാനം വിജയിച്ചാൽ അവരേയും സ്‌കൂളുകളിലേക്ക് കൊണ്ടു വരും.

വിദ്യാർത്ഥികളുള്ള വീടുകളിൽ മുതിർന്നവരെല്ലാം വാക്‌സീൻ എടുത്തെന്ന് ഉറപ്പിക്കാൻ ക്യാംപെയ്ൻ തുടങ്ങും. വിദ്യാർത്ഥികളുടെ വീടുകളിൽ പ്രായമായവരും മറ്റു രോഗങ്ങളുള്ളവരും ഉണ്ടെങ്കിൽ പ്രത്യേക ശ്രദ്ധ നൽകും. കുട്ടികളിൽ രോഗം തീവ്രമാകാൻ സാധ്യതയില്ലാത്തതിനാൽ ആശങ്ക വേണ്ടെന്നു വിദഗ്ദ്ധർ പറയുന്നു. കുട്ടികളിലെ രോഗ പ്രതിരോധശേഷി എത്രയെന്നു കണ്ടെത്താൻ സിറോ പ്രിവലൻസ് സർവേ നടക്കുകയാണ്. ഇതിന്റെ ഫലം കൂടി പരിഗണിച്ചാകും സ്‌കൂളിലെ നിയന്ത്രണങ്ങൾ.

ചെറിയ കുട്ടികളുടെ ക്ലാസുകൾ ഏറെ നാൾ ഒഴിവാക്കുന്നത് അവരുടെ പഠന നിലവാരത്തെയും മാനസിക നിലവാരത്തെയും ബാധിക്കുമെന്നതിനാലാണ് ക്ലാസുകൾ ആരംഭിക്കുന്നതെന്ന് അധികൃതർ പറയുന്നു. കാര്യങ്ങൾ മനസ്സിലാക്കി തുടങ്ങുന്ന പ്രായമായതിനാൽ ഏറെ നാൾ ക്ലാസുകളിൽനിന്ന് അകറ്റി നിർത്താനാകില്ല. അങ്ങനെ വന്നാൽ അത് ഭാവിപഠനത്തെ ബാധിക്കും. പൂർണമായി ഓൺലൈൻ പഠനത്തെ ആശ്രയിക്കാനുമാകില്ല. തിരക്ക് ഒഴിവാക്കാനാണ് 8, 9 ക്ലാസുകൾ തുടക്കത്തിൽ ഒഴിവാക്കിയത്.